26 April Friday

ഇടപെടലുമായി കോർപറേഷൻ;ബ്രഹ്മപുരത്ത് ബദൽസംവിധാനം

സ്വന്തം ലേഖികUpdated: Friday Jul 1, 2022

കൊച്ചി
ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിക്കുംവരെ ബദൽസംവിധാനമൊരുക്കാൻ കൊച്ചി നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ആർഡിഎഫ് ഷെഡ് അറ്റകുറ്റപ്പണി നടത്തി സംസ്കരണപ്ലാന്റ്‌ മാറ്റിസ്ഥാപിക്കാനും ലീചെറ്റ് കൈകാര്യം ചെയ്യുന്ന ഡ്രെയിൻ നിർമാണത്തിനും വ്യാഴാഴ്‌ച ചേർന്ന പ്രത്യേക കൗൺസിൽ അംഗീകാരം നൽകി. രണ്ടിനുംകൂടി 79.28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്‌. നിലവിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റിന്റെയും ആർഡിഎഫ് ഷെഡ്ഡിന്റെയും മേൽക്കൂരയുടെ പലഭാഗവും തുറന്നുകിടക്കുകയാണ്. വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണിയും പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ്‌ മാലിന്യസംസ്‌കരണം തടസ്സപ്പെടാതിരിക്കാനുള്ള നടപടികളുടെ ഭാഗമായി കൗൺസിലിന്റെ തീരുമാനം.

വിൻഡ്രോ കമ്പോസ്റ്റിങ്ങിലൂടെ ജില്ലയിലെ ഒമ്പത് തദ്ദേശസ്ഥാപനങ്ങളിലെ ജൈവമാലിന്യം ബ്രഹ്മപുരത്ത്‌ സംസ്‌കരിക്കുന്നുണ്ട്. വിൻഡ്രോ സ്ഥാപിച്ച ആർഡിഎഫ് ഷെഡ്ഡിലേക്കുള്ള റോഡ് തകർന്നനിലയിലാണ്. ഇത് പരിഹരിച്ചാൽമാത്രമേ മാലിന്യങ്ങൾ സു​ഗമമായി  ഷെഡ്ഡിലേക്കെത്തിക്കാനാകൂ. ​റോഡ് നിർമിക്കാനായി 37.95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. കരിങ്കൽപ്പാളികൾ ഉപയോ​ഗിച്ച് 40 ഇഞ്ച് ഉയരത്തിലുള്ള റോഡ് നിർമിക്കും. റോഡ് നിർമാണത്തിന്‌ മെയ് 16ന് കലക്ടർ അനുമതി നൽകിയിരുന്നു. ജൂൺ 25ന് ചേർന്ന ആരോഗ്യ സ്ഥിരംസമിതിയുടെ ശുപാർശപ്രകാരമാണ് കൗൺസിലിൽ അംഗീകാരത്തിനായി സമർപ്പിച്ചത്.

പുതിയ പ്ലാന്റുകൾ സര്‍ക്കാർ അനുമതിക്കുശേഷം
|
സ്വന്തം ലേഖിക


കൊച്ചി
ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റ്‌, വിൻഡ്രോ കമ്പോസ്‌റ്റ്‌ പ്ലാന്റ്‌  പദ്ധതികളിൽ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന്  മേയർ എം അനിൽകുമാർ പറഞ്ഞു. പദ്ധതികളെക്കുറിച്ച്‌ വ്യാഴാഴ്‌ച ചേർന്ന പ്രത്യേക കൗൺസിലിൽ ഉയർന്ന ആശങ്കകൾ സർക്കാരിനെ അറിയിക്കും. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി പദ്ധതി കരാറെടുത്ത സോൺറ്റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന്  ഒരുടൺ മാലിന്യം സംസ്കരിക്കാൻ 3550 രൂപ ടിപ്പിങ് ഫീസ് നൽകണമെന്നാണ് നിബന്ധന. കോർപറേഷന്റെ സ്ഥലത്ത് പ്രവർത്തിക്കുന്ന പ്ലാന്റിൽ മാലിന്യം സംസ്കരിക്കാൻ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ട തുക കൊച്ചി കോർപറേഷനും നൽകേണ്ടതുണ്ടോയെന്ന് സംസ്ഥാന സർക്കാരിനോട് ആരായും. ടിപ്പിങ് ഫീസിൽനിന്ന്  ഒഴിവാക്കണമെന്ന്‌ അഭ്യർഥിക്കും.

സോൺറ്റ  ഇൻഫ്രാടെക് കമ്പനിയുമായി കരാറിൽ  ഒപ്പിടണമെന്നാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ,  പ്രത്യേക കൗൺസിൽ ചേർന്ന് ചർച്ച ചെയ്യും. സെക്രട്ടറിയുടെ കൈവശമുള്ള പദ്ധതി ഫയലുകൾ ‌കൗൺസിലർമാർക്ക് സമയമെടുത്ത് പരിശോധിക്കാം.
മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കും. അതുവരെ നിലവിലെ ബ്രഹ്മപുരം പ്ലാന്റുമായി പോകാനാകില്ല. 2017ൽ നിർമിച്ച ഷെഡിൽ താൽക്കാലിക സംവിധാനമായി ഒരുക്കുന്ന  ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരു വർഷത്തിനപ്പുറം നിലനിൽക്കില്ല. ജൈവമാലിന്യ സംസ്കരണ പ്ലാന്റില്ലാത്ത അവസ്ഥ ജില്ലയെ  അവതാളത്തിലാക്കും.

 സോൺറ്റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി അവതരണത്തിനുശേഷം ഭരണ, പ്രതിപക്ഷ അം​ഗങ്ങൾ കമ്പനിയുടെ ശേഷിയെ ചോദ്യംചെയ്തു. തുടർന്നാണ്‌ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ അനുമതിക്കുവിടാൻ തീരുമാനിച്ചത്. എന്നാൽ, മേയർ മറുപടി പൂർത്തിയാക്കുംമുമ്പ്‌ പ്രതിപക്ഷം ബഹളംവച്ച് ഇറങ്ങിപ്പോയി. പദ്ധതി ഫയലുകൾ പഠിക്കാൻ രണ്ടുദിവസത്തെ സമയം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top