19 April Friday

ബ്രഹ്മപുരം: സോണ്ടയുമായുള്ള കരാർ അവസാനിപ്പിച്ചു; കരിമ്പട്ടികയിൽ ഉൾപ്പെടുത്തും

സ്വന്തം ലേഖകൻUpdated: Tuesday May 30, 2023

കൊച്ചി>  സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ കൊച്ചി കോർപറേഷൻ അവസാനിപ്പിച്ചു. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ചൊവ്വാഴ്ച ചേർന്ന കൗൺസിൽ തീരുമാനിച്ചു. ബ്രഹ്മപുരത്ത്‌ ബയോമൈനിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളിൽ വരുത്തിയ വീഴ്ചകാരണമാണ് സോണ്ടയെ ഒഴിവാക്കിയതെന്ന് മേയർ എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീഴ്ചകൾ ചൂണ്ടിക്കാട്ടി സോണ്ടയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അവർ നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്നാണ് നടപടിയെടുത്തത്‌. സോണ്ടയെ രക്ഷിക്കാനോ അനർഹമായ ആനുകൂല്യം നൽകാനോ സമ്മർദമുണ്ടായിട്ടില്ലെന്നതിന്‌ തെളിവാണ്‌ നടപടിയെന്നും മേയർ പറഞ്ഞു.
സോണ്ടയ്ക്ക് പകരം പുതിയ ഏജൻസിയെ കോർപറേഷൻതന്നെ ടെൻഡർ ക്ഷണിച്ച് തെരഞ്ഞെടുക്കും. ചെലവാകുന്ന തുക സോണ്ടയിൽനിന്ന്‌ ഈടാക്കാനും തീരുമാനിച്ചു. നിയമനടപടികൾക്ക്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൗൺസിലിന്റെ തുടക്കത്തിൽ മേയറാണ്‌ സോണ്ടയെ ഒഴിവാക്കാനുള്ള നിർദേശം അവതരിപ്പിച്ചത്‌. നിർദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു. ജൈവമാലിന്യ സംസ്കരണത്തിന് 100 ടൺ ശേഷിയുള്ള പ്ലാന്റ്‌ സ്ഥാപിക്കാൻ സർക്കാരിനോട് അനുമതി തേടും. ബ്രഹ്മപുരത്തോ കോർപറേഷൻ പരിധിയിലോ പ്ലാന്റ്‌ സ്ഥാപിക്കും. പ്രവർത്തനം വിലയിരുത്തിയശേഷം 50 ടണ്ണിന്റെ പ്ലാന്റുകൂടി സ്ഥാപിക്കുന്നത് പരിഗണിക്കും.
സാനിട്ടറി പാഡ്‌, ഡയപ്പർ തുടങ്ങിയവ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കാൻ 20 ടൺ ശേഷിയുള്ള പ്ലാന്റ്‌ സജ്ജമാക്കും. ഇതിന്‌ അനുയോജ്യമായ ഏജൻസിയെ കണ്ടെത്തും. അക്രഡിറ്റഡ് ഏജൻസികളിൽനിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. അതുവരെ കീൽ വഴി മാലിന്യങ്ങൾ സംസ്‌കരിക്കും.  

അതിദരിദ്ര കുടുംബങ്ങളിൽനിന്ന്‌ ഫീസ്‌ ഈടാക്കാതെ ഹരിതകർമസേനയെ നിയോഗിച്ച്‌ മാലിന്യമെടുക്കും. ജൂൺ ഒന്നുമുതൽ ശുചിത്വമിഷൻ അംഗീകാരമുള്ള മൂന്ന്‌ ഏജൻസികൾ മുഖാന്തിരം കോർപറേഷൻ പരിധിയിലെ മാലിന്യസംസ്‌കരണം ഉറപ്പാക്കും. 50 ടൺവീതമാണ്‌ ഈ ഏജൻസികൾ സംസ്‌കരിക്കുക. ബ്രഹ്മപുരം തീപിടിത്തത്തിനുശേഷമുണ്ടായ വിഷാംശമുള്ള ചാരവുംമറ്റും കടമ്പ്രയാറിൽ കലരാതിരിക്കാൻ ബണ്ട്‌ നിർമാണം, തീപിടിച്ചിയിടങ്ങളിൽ ടർപോളിൻ ഷീറ്റ്‌ വിരിക്കുന്നതടക്കമുള്ള പ്രവൃത്തികൾ എന്നിവയ്‌ക്ക്‌ 1.40 കോടിയുടെ എസ്‌റ്റിമേറ്റിന്‌ തദ്ദേശവകുപ്പ്‌ ചീഫ്‌ എൻജിനിയറുടെ സാങ്കേതിക അനുമതി ലഭിച്ചു. സാമ്പത്തികാനുമതിക്കും മറ്റു അംഗീകാരങ്ങൾക്കുമായി മലിനീകരണ നിയന്ത്രണബോർഡിന്‌ സമർപ്പിച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top