04 June Sunday

ബ്രഹ്‌മപുരത്തേത്‌ സ്വാഭാവിക തീപിടിത്തം: ഫോറൻസിക്‌ റിപ്പോർട്ട്‌

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

കൊച്ചി> ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായത്‌ സ്വാഭാവിക തീപിടിത്തമെന്ന്‌ ഫോറൻസിക്‌ റിപ്പോർട്ട്‌. തീപിടിത്തത്തിനുപിന്നിൽ അട്ടിമറിയില്ല എന്ന്‌ സ്ഥിരീകരിക്കുന്നതാണ്‌ തൃശൂർ ഫോറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ട്‌. പ്ലാസ്‌റ്റിക്‌ അടക്കമുള്ള ഖരമാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിൽനിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്‌.

പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള ഒരുപാട് മാലിന്യം ബ്രഹ്മപുരത്തുണ്ടായിരുന്നു. കാലങ്ങളായി കെട്ടിക്കിടന്ന ഖരമാലിന്യങ്ങളിൽ വലിയരീതിയിൽ രാസമാറ്റമുണ്ടാകും. രാസപ്രക്രിയയിലൂടെ ഉൽപ്പാദിക്കപ്പെട്ട മീഥെയ്‌ൻ അടക്കമുള്ള വാതകങ്ങളാണ്‌ തീപിടിത്തത്തിന്റെ പ്രധാന കാരണം. വാതകങ്ങളുടെ ചൂടും മുഖ്യഘടകമായി. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും ഓക്‌സിജന്റെ അളവും വർധിച്ച അന്തരീക്ഷ ഊഷ്‌മാവുമെല്ലാം തീപിടിത്തത്തിന്റെ വേഗത കൂട്ടി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ 12 ദിവസം നീണ്ടുനിന്ന തീപിടിത്തം അട്ടിമറിയാണെന്ന ആരോപണം ‌ഉയർന്നിരുന്നു. കടമ്പ്രയാറിനോടുചേർന്ന് തെക്കുഭാഗത്തുനിന്നാണ് തീപടർന്നത്. ഈർപ്പത്തിന്റെ സാന്നിധ്യം മീഥെയ്‌ൻ അടക്കമുള്ള വാതകങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കി.
മീഥെയ്‌ൻ ഉൽപ്പാദനംമൂലം മാലിന്യക്കൂമ്പാരത്തിനുള്ളിൽ ഊഷ്മാവ് വർധിച്ചു. ഇതിനൊപ്പം മാർച്ചിലെ ഉയർന്ന അന്തരീക്ഷ താപനിലയും അടിത്തട്ടിൽനിന്നുള്ള തീപിടിത്തത്തിന് കാരണമായി. തീപിടിത്തത്തിന് ആക്കംകൂട്ടുന്ന മാലിന്യം ഏറെയുള്ളതും കാറ്റും തീയുടെ വ്യാപനത്തോത് കൂട്ടി. തീ കത്തിയ നാൽപ്പതേക്കറിൽനിന്ന് പത്തംഗ സംഘം ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ബ്രഹ്മപുരത്തെ അഞ്ചിടങ്ങളില്‍നിന്നാണ്‌ സാമ്പിളുകൾ സ്വീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top