24 April Wednesday

ബ്രഹ്മപുരം ദൗത്യം വിജയം : അവസാന കനലും അണച്ച്‌ ടീം കേരളം ; വായുഗുണനിലവാരം 
മെച്ചപ്പെടുന്നു

സ്വന്തം ലേഖകൻUpdated: Monday Mar 13, 2023

കൊച്ചി> ബ്രഹ്മപുരത്തെ അവസാന കനലും അണച്ച്‌ ടീം കേരളം. രക്ഷാപ്രവർത്തനത്തിന്റെ 12-ാംദിനം പുകയും അടക്കി. തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ അഗ്നി രക്ഷാസേന ദൗത്യം വിജയകരമായി അവസാനിപ്പിച്ചു. സംസ്ഥാനസർക്കാർമുതൽ സാധാരണക്കാരടങ്ങുന്ന സിവിൽഡിഫൻസ്‌ സേനാംഗങ്ങൾവരെ ഒരേ മനസ്സോടെ, നിശ്ചയദാർഢ്യത്തോടെ നടത്തിയ പ്രവർത്തനമാണ്‌  വിജയത്തിലെത്തിയത്‌.

തിങ്കളാഴ്‌ച അഗ്നി രക്ഷാസേനയ്‌ക്ക്‌ മുന്നിലുണ്ടായിരുന്നത്‌ രണ്ട്‌ സെക്ടറുകളിലെ പുക. അതിനകം ഏഴ്‌ സെക്ടറുകളിലെ പുക ശമിപ്പിച്ചിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ ശേഷിക്കുന്നതും നീക്കുകയെന്ന ലക്ഷ്യത്തോടെ, കരുത്തോടെ 18 അഗ്നി രക്ഷാസേന യൂണിറ്റുകളും ഊർജിതമായി മുന്നോട്ട്‌. മൂന്ന് ഹൈ പ്രഷർ പമ്പുകളും 22 എസ്‌കവേറ്ററുകളും തുടർച്ചയായി ഉപയോഗിച്ചു. ഒടുവിൽ വൈകിട്ടോടെ ലക്ഷ്യം നേടി. പിന്നാലെ അഗ്നി രക്ഷാസേനയെ തേടിയെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. വരും ദിവസങ്ങളിൽ അഗ്നി രക്ഷാസേനയുടെ 25 പേരടങ്ങുന്ന ടീം സ്ഥലത്തുണ്ടാകും.

രക്ഷാപ്രവർത്തനം വിജയിച്ചത്‌ അന്തരീക്ഷത്തിലും പ്രകടമായി. പുകയുടെ സാന്നിധ്യം കുറഞ്ഞു. വായുവിലെ രാസ ബാഷ്‌പ മാലിന്യത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായി. പുകമൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക്‌ ചികിത്സ ഉൾപ്പെടെ ലഭ്യമാക്കൻ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്‌ച ആരോഗ്യസർവേ ആരംഭിക്കും.

ഇനി തീയുണ്ടായാൽ 
2 മണിക്കൂറിനകം അണയ്ക്കും
ബ്രഹ്മപുരത്ത് ഇനി തീയുണ്ടായാൽ രണ്ട് മണിക്കൂറിനകം അണയ്‌ക്കാനാവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ണുമാന്തിയന്ത്രങ്ങളും ഉപകരണങ്ങളും സജ്ജമാണെന്നും കലക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഉടൻ നടപ്പാക്കും. ഹ്രസ്വകാല പദ്ധതി തയ്യാറാക്കാൻ അഗ്നി രക്ഷാസേനയ്ക്ക് നിർദേശം നൽകി.

ഫയർ വാച്ചർമാരെ നിയോഗിക്കുന്നതിലും ഹൈഡ്രന്റ്‌സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും വിശദമായ കർമപദ്ധതി തയ്യാറാക്കി ജില്ലാ ഭരണനേതൃത്വത്തിന് നൽകും. ഇതനുസരിച്ചായിരിക്കും അടുത്ത നടപടി. തീ അണയ്ക്കുന്നതിൽ പങ്കാളിയായ ഉദ്യോഗസ്ഥർക്ക് ശാരീരികവും മാനസികവുമായ സമ്മർദം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാക്കനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ കോളേജിൽനിന്നുള്ള സംഘത്തെ ഉൾപ്പെടുത്തി ചൊവ്വാഴ്‌ച മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കും. പൾമണോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഇതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സൈക്കോ സോഷ്യൽ സപ്പോർട്ടും ലഭ്യമാക്കും. വിവിധ ജില്ലകളിൽനിന്നുള്ള ജീവനക്കാർക്ക് ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടപടിയുണ്ടാകും. ഇവരുടെ തുടർ ആരോഗ്യപരിപാലനവും ഉറപ്പാക്കും.

വായുഗുണനിലവാരം 
മെച്ചപ്പെടുന്നു
ബ്രഹ്മപുരം ദൗത്യം വിജയിച്ചതോടെ കൊച്ചിയിൽ വായുഗുണനിലവാരം മെച്ചപ്പെട്ടു. വായുഗുണനിലവാര സൂചിക 133 ആയി. തീപിടിത്തമുണ്ടായ ദിവസങ്ങളിലൊന്നിൽ വായു ഗുണനിലവാരം മോശമായ അവസ്ഥയിലെത്തിയിരുന്നു. ഏഴിന്‌ വായുഗുണനിലവാര സൂചിക 216 ആയിരുന്നു. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റില സ്‌റ്റേഷനിൽനിന്നുള്ള കണക്കാണിത്‌.

കാക്കനാട് ഉൾപ്പെടെയുള്ള മേഖലയിലെ അന്തരീക്ഷ മലിനീകരണം കുറയുന്നതായാണ്‌ റിപ്പോർട്ട്‌. ഏഴിന് ശരാശരി 165.1 വരെ എത്തിയിരുന്ന രാസബാഷ്‌പ മാലിന്യത്തിന്റെ അളവ്‌  ഞായറാഴ്‌ച 110.41 ആയി കുറഞ്ഞു. എംജി സർവകലാശാലയുടെ ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിങ്‌ വാൻ ഉപയോഗിച്ചാണ് നിരീക്ഷണം. ഡോ. മഹേഷ് മോഹന്റെ മേൽനോട്ടത്തിൽ റിസർച്ച് സ്‌കോളർ എൻ ജി വിഷ്ണുവാണ് ഗുണനിലവാരം പരിശോധിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top