27 April Saturday
ബ്രഹ്മപുരത്ത്‌ 120 ഏക്കർ സ്ഥലം ഏറ്റെടുത്തത്‌ കോർപറേഷൻ 
 എൽഡിഎഫ്‌ ഭരിക്കുമ്പോൾ

കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മോശമാണെന്നത്‌ വ്യാജവാർത്ത; മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദ​ഗ്‌ധർ: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

 

തിരുവനന്തപുരം > ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സർക്കാർ കാര്യക്ഷമമായി ഇടപെട്ടുവെന്ന്‌ മന്ത്രി എം ബി രാജേഷ്‌ നിയമസഭയിൽ അറിയിച്ചു. കൊച്ചിയിലെ വായു ഡൽഹിയിലേക്കാൾ മോശമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു മാധ്യമം നൽകിയ വാർത്ത തെറ്റാണ്‌. കൊച്ചിയിലെ വായു ഏറ്റവും മോശമായത്‌ ഈ ദിവസങ്ങളിൽ ഏഴാം തീയതിയാണ്‌. അത്‌ 259 പിപിഎം ആണ്‌. അന്ന്‌ തീപിടിത്തം ഇല്ലാത്ത ഡൽഹിയിലെ എയർ ക്വാളിറ്റി 238 ആണ്‌. ഇന്ന്‌ രാവിലെ 138 ആണ്‌ കൊച്ചിയിലെ പിപിഎം. ഡൽഹിയിൽ അത്‌ 223 ആണ്‌. അപ്പോഴാണ്‌ ഡൽഹിയിൽ നിന്ന്‌ കേരളത്തിൽ എത്തിയ ചിലർ ശ്വാസം മുട്ടുന്നുവെന്ന്‌ പറയുന്നത്‌. സത്യത്തിൽ ശ്വസിക്കണമെങ്കിൽ ഇവിടെ വരണമെന്നതാണ്‌ ശരി. ചില മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദ​ഗ്‌ദരാണെന്നും മന്ത്രി പറഞ്ഞു.

2009 ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കൊച്ചി നഗരം എങ്ങനെ ഈ സ്ഥിതിയിലെത്തിയെന്ന് ആലോചിക്കണം. 2010 , 2015  വർഷങ്ങളിൽ അധികാരത്തിലെത്തിയ യുഡിഎഫ് കൗൺസിലുകളുടെ  കാലത്താണ് കൊച്ചിയിലെ മാലിന്യ സംസ്‌കരണ പദ്ധതി വലിയ തോതില്‍ പിന്നാക്കം പോയത്.  2005  മുതൽ 2010  വരെ എൽ ഡി എഫ് അധികാരത്തിലിരുന്നപ്പോൾ 2008 ൽ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റ് 2010  വരെ നല്ല നിലയിലാണ് പ്രവർത്തിച്ചത്. മാലിന്യ ശേഖരണവും സംഭരണവും സംസ്കരണവും വളരെ ശാസ്ത്രീയമായാണ് അക്കാലത്ത് നടത്തിയത്. മുഴുവൻ വീടുകളിലും ബക്കറ്റ് വാങ്ങി നൽകി മാലിന്യം വേർതിരിച്ച്  ശേഖരിച്ചു. എല്ലാ ഡിവിഷനിലേക്കും മാലിന്യ ശേഖരണത്തിനായി ഓട്ടോ റിക്ഷയും മുച്ചക്ര വാഹനങ്ങളും നൽകി. റൂട്ട് മാപ് തയാറാക്കിയായിരുന്നു  മാലിന്യം ശേഖരിച്ചത്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക്, പേപ്പർ എന്നിവ പണം കൊടുത്ത്  ശേഖരിക്കാൻ ശക്തി പേപ്പർ മിൽസുമായി കരാറുണ്ടാക്കി. മാലിന്യം കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സെന്റർ ഫോർ എൻവയൺമെന്റൽ ഡെവലപ്പ്മെന്റുമായി കരാറുണ്ടാക്കി. പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലേക്ക് എത്തിക്കുകയേ ചെയ്‌തില്ല.

ജൈവ മാലിന്യത്തിൽ നിന്നുണ്ടാക്കുന്ന വളം വാങ്ങാൻ ഫാക്‌ടുമായി കരാറുണ്ടാക്കി. ഖരമാലിന്യ സംസ്‌കരണത്തിന് ആർ ഡി എക്‌സ് പ്ലാന്റുണ്ടാക്കി. വളരെ ശാസ്ത്രീയമായും കൃത്യമായും മാലിന്യ സംസ്‌കരണം നടത്തി. ഇതാണ്  സീറോ വേസ്റ്റ് നഗരം എന്ന നിലയിലേക്ക് കൊച്ചിയെ ഉയർത്തിയത്. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി തന്നെ ഈ പുരസ്‌കാരം കൊച്ചി നഗരസഭയ്ക്ക് നൽ‌കുകയും ചെയ്‌തു.

മാലിന്യമല സൃഷ്ടിച്ചത്‌ യുഡിഎഫ്‌
മാലിന്യമുക്തമായിരുന്ന കൊച്ചിയെ ഇന്നത്തെ നിലയിലാക്കിയത്‌ കോർപറേഷനിലെ മുൻ യുഡിഎഫ്‌ ഭരണനേതൃത്വമാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ബ്രഹ്മപുരത്ത്‌ മാലിന്യക്കൂമ്പാരം സൃഷ്ടിച്ചത്‌ യുഡിഎഫ്‌ ഭരണസമിതിയാണ്‌. കോർപറേഷനിലെമാത്രം മാലിന്യത്താലല്ല മാലിന്യമല രൂപപ്പെട്ടത്‌. ചുറ്റുമുള്ള ഏഴ് നഗരസഭയിലെ മാലിന്യവും ബ്രഹ്മപുരത്ത്‌ തള്ളാൻ തീരുമാനിച്ചത്‌ യുഡിഎഫ്‌ കോർപറേഷൻ ഭരിച്ചപ്പോഴാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി. ആലുവ നഗരസഭയിലെ മാലിന്യംവരെ ബ്രഹ്മപുരത്താണ്‌ തള്ളുന്നത്‌. നേരത്തേ അങ്ങനെയായിരുന്നില്ല.

കൊച്ചിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ ബ്രഹ്മപുരത്ത്‌ 120 ഏക്കർ സ്ഥലം ഏറ്റെടുത്തത്‌ കോർപറേഷൻ എൽഡിഎഫ്‌ ഭരിക്കുമ്പോഴാണ്‌. 100 ടൺ മാലിന്യവും അവിടെ സംസ്‌കരിച്ചു. പിന്നീട്‌ വന്ന യുഡിഎഫ്‌ ഭരണസമിതി, യുഡിഎഫ്‌ തന്നെ ഭരിക്കുന്ന അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, ചേരാനല്ലൂർ ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമേഖലയിലെ മാലിന്യങ്ങൾ അവിടെയെത്തിച്ച്‌ തുടങ്ങി. അനിയന്ത്രിതമായി, തരംതരിവില്ലാതെ എല്ലാത്തരം മാലിന്യവും ഒന്നിച്ചുതള്ളിയതാണ്‌ മാലിന്യമല സൃഷ്ടിച്ചത്‌. കോൺഗ്രസ്‌ നേതാവ്‌ സൗമിനി ജെയിൻ മേയറായിരുന്നപ്പോൾ മാലിന്യം പൂർണമായും സംസ്‌കരിക്കണമെന്ന്‌ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. ഈ ഉത്തരവ്‌ നടപ്പാക്കാനുള്ള അജൻഡ 23 തവണയാണ്‌ കോർപറേഷൻ കൗൺസിൽ മാറ്റിവച്ചത്‌.

2009ൽ എൽഡിഎഫ്‌ ഭരണസമിതി ഉള്ളപ്പോഴാണ്‌ മികച്ച സീറോ വേസ്റ്റ്‌ നഗരത്തിനുള്ള കേന്ദ്ര സർക്കാർ അവാർഡ്‌ കൊച്ചി നേടിയത്‌. ആ കോർപറേഷനെയാണ്‌ ഹരിത ട്രിബ്യൂണൽ 14 കോടി രൂപ പിഴയിടുന്ന നിലയിലേക്ക്‌ യുഡിഎഫ്‌ ഭരണനേതൃത്വം മലീമസമാക്കിയത്‌. നിലവിലെ കോർപറേഷൻ ഭരണസമിതി ചുമതലയേറ്റത്‌ 2020ലാണ്‌.
ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണത്തിനുള്ള കരാർ കമ്പനിയുമായി ബന്ധപ്പെടുത്തി സർക്കാരിനും കോർപറേഷനുമെതിരെയുള്ളത്‌ വ്യാജപ്രചാരണങ്ങളാണ്‌. ഭരണനേതൃത്വത്തിൽ കോൺഗ്രസും ബിജെപിയുമുള്ള 12 സംസ്ഥാനത്ത്‌ 24 നഗരത്തിൽ മാലിന്യസംസ്‌കരണം ഈ കമ്പനിയുടെ നേതൃത്വത്തിലാണ്‌. ഗെയിൽ ഓഹരി പങ്കാളിയായ കമ്പനിയെയാണ്‌ കടലാസ്‌ കമ്പനിയെന്ന്‌ പ്രചരിപ്പിക്കുന്നത്‌. സുതാര്യമായാണ്‌ കമ്പനിക്ക്‌ ജൈവമാലിന്യ സംസ്‌കരണത്തിന്‌ കരാർ ലഭിച്ചത്‌. ഇപ്പോഴുണ്ടായ തീപിടിത്തം അന്വേഷിക്കുന്നുണ്ട്‌. തീയില്ലാതെ പുകയുണ്ടാക്കുന്ന, തീയണഞ്ഞാലും പുകയും പുകമറയും അടങ്ങാൻ പാടില്ലെന്ന പിടിവാശിക്കാരായ ചില മാധ്യമ നിലപാടുകളാണ്‌ പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2010 ൽ യു ഡി എഫ് ഭരണസമിതി വന്നതോടെ കഥ മാറി. 2010, 2015 വർഷങ്ങളിൽ വന്ന രണ്ട്  യുഡിഎഫ് കൗൺസിലുകളും മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാലാനുസൃതമായ അറ്റകുറ്റപ്പണികളും വിപുലീകരണവും  നടത്തിയില്ല. ഇങ്ങനെ പ്ലാൻറ് ജീർണാവസ്ഥയിലാവുകയും പ്രവർത്തനം നിലയ്ക്കുകയും  ചെയ്‌തു. ഈ പത്തുവർഷം മാലിന്യം കുന്നുകൂട്ടുകയല്ലാതെ സംസ്‌കരിക്കാനുള്ള ഒരു നടപടിയും രണ്ട് യുഡിഎഫ് കൗൺസിലുകളും എടുത്തിരുന്നില്ല. സെന്റർ ഫോർ എൻവയൺമെന്റൽ ഡെവലപ്പ്മെന്റിന് പണം നൽകാത്തതിനാൽ അവർ കരാറിൽ നിന്ന് പിന്മാറി. അതോടെ സംസ്കരണം താളം തെറ്റി.

അജൈവ മാലിന്യം വൻതോതിൽ ബ്രഹ്മപുരം പ്ലാന്റിലേക്ക് എത്തി.  അത് വലിയ കൂമ്പാരമായി മാറി. കൊച്ചി നഗരത്തിനു പുറമേ അങ്കമാലി, ആലുവ, തൃക്കാക്കര, കളമശ്ശേരി, ചേരാനല്ലൂർ, കുമ്പളങ്ങി തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യവും ബ്രഹ്മപുരത്തു കൊണ്ടുവന്നു തള്ളി. കൊച്ചി നഗരത്തിലെ മാലിന്യം പോലും ഉൾക്കൊള്ളാനുള്ള ശേഷിയില്ലാത്ത ബ്രഹ്മപുരത്താണ് സമീപ നഗരസഭകളിലും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം കൊണ്ടുവന്ന്  തള്ളിയത്. നഗരമാലിന്യം ആദ്യം ലിച്ചെറ്റ് പ്ലാന്റിലും പിന്നീട് ആർ ഡി എക്സ് പ്ലാന്റിലും തള്ളാൻ തുടങ്ങി. വീടുകളിൽ നിന്ന് വേർതിരിച്ച്  ശേഖരിക്കുന്നത് നിർത്തി. ശക്തി പേപ്പർ മിൽസുമായുള്ള കരാർ അവസാനിപ്പിച്ചു. അങ്ങനെ കുന്നുകൂടിയ 5 ലക്ഷം ടൺ മാലിന്യമാണ് ഇപ്പോഴത്തെ തീപിടുത്തത്തിന് കാരണമായത്.

യുഡിഎഫ് കൗൺസിലിന്റെ കാലത്ത് തന്നെയാണ് ബ്രഹ്മപുരത്ത് പലവട്ടം മാലിന്യ കുമ്പാരത്തിന് തീപിടിച്ചത്.  2015 കൊച്ചി കോർപ്പറേഷൻ മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറുകയും സംസ്ഥാന സർക്കാരിനെ ഉത്തരവാദിത്വം  ഏൽപ്പിക്കുകയും ആണ് ചെയ്‌തത്.  2018 ൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റിന്  അനുമതി നൽകി. അതിനു വേണ്ടി കരാറും ഒപ്പിട്ടു. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാൻ പിന്നീടുള്ള രണ്ടു വർഷവും യുഡിഎഫ് കൗൺസിൽ ഒരു ശ്രമവും നടത്തിയില്ല. അതുകൊണ്ടാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ കരാറുകാർക്ക് ചുമതല നിർവഹിക്കാൻ പറ്റാതായത്.  തുടർന്ന് കരാർ കമ്പനിയെ മാറ്റുകയും പുതിയ കരാറിന് സർക്കാർ നടപടിയെടുക്കുകയും ചെയ്‌തു.  52 കോടിയുടെതായിരുന്നു കരാർ.  മുൻകൂറായി ഏഴ് കോടി ഉൾപ്പെടെ നൽകിയത് 12 കോടി രൂപ മാത്രമാണ്.  30% ജോലികളാണ് കമ്പനി പൂർത്തിയാക്കിയത്. പണി വൈകുന്നതിനാൽ സംസ്ഥാന സർക്കാർ പരിശോധന നടത്തി. ഇനി യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തി  ജൂൺ മാസത്തോടെ ഈ കരാർ പ്രകാരമുള്ള പ്രവർത്തികൾ പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

10  വർഷം  കൊണ്ട് കുന്നുകൂടിയ  ഈ മാലിന്യം രണ്ട്  യുഡിഎഫ് കൗൺസിലുകളുടെ  അനാസ്ഥയുടെയും ജനവിരുദ്ധതതയുടെയും മൂർത്തമായ ഉദാഹരണമാണ്. ഈ മാലിന്യം  സംസ്കരിച്ച്  നീക്കം ചെയ്യാനുള്ള ആത്മാർത്ഥവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ നിലവിലെ കൌണ്‍സില്‍  നടത്തുന്നതിനിടയിലാണ് മാലിന്യത്തിന് തീപിടിച്ചത്. ബയോ മൈനിങ്ങിന് കരാർ നൽകിയതുകൊണ്ടാണ്  തീപിടിച്ചതെന്ന് പറയുന്നത് എത്ര യുക്തിഹീനമാണ്!.

ബ്രഹ്മപുരത്ത് തീയണക്കാൻ നടത്തിയ ശ്രമങ്ങൾ തികച്ചും ശാസ്ത്രീയമാണെന്ന് അന്താരാഷ്‌ട്ര ഏജൻസികൾ വരെ പരാമർശിച്ചിട്ടുണ്ട്. ഇത്തരമൊരു പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമ്പോൾ ആദ്യം അതിനെ നേരിട്ട് ജനങ്ങൾക്ക് സുരക്ഷാ നൽകുകയെന്നതാണ് സർക്കാരിന്റെ പ്രധാന ചുമതല. അതാണ് നിർവഹിക്കുന്നത്. ഇതിന്റെ കാരണങ്ങളും മറ്റു കാര്യങ്ങളുമൊക്കെ ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. ലെഗസി വേസ്റ്റ് എന്നത് വര്ഷങ്ങളായി കുന്നുകൂടിയ  മാലിന്യമാണ്. ആ വാക്കിന്റെ അർത്ഥത്തിൽ തന്നെ ആരാണ് ഇതിന് ഉത്തരവാദികളെന്ന് വ്യക്തമാണ്. ലെഗസി വേസ്റ്റ് നീക്കം ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍കാരാണ് ശ്രമം  തുടങ്ങിയത്. കൊല്ലം  കുരീപ്പുഴയിൽ ഇത് വിജയകരമായി പൂർത്തീകരിച്ചു. 45  ഏക്കർ ഭൂമി ലെഗസി വേസ്റ്റ് നീക്കം ചെയ്‌ത് കേരളത്തിൽ വീണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂരിലെ ശവക്കോട്ടയായി മാറ്റിനിര്‍ത്തിയിരുന്ന പ്രദേശം ഇന്ന്‍ കുട്ടികളുടെ പാര്‍ക്ക് ആണ്.  ഗുരുവായൂരിലെ മാലിന്യ സംസ്കരണ സ്ഥലമായ ബയോ പാര്‍ക്കില്‍ നിന്ന്‍ മാലിന്യം വളമായാണ്  പുറത്തേക്ക് പോകുന്നത്. കിലോയ്ക്ക് 12 രൂപ നിരക്കിലാണ് വളം വിപണനം നടത്തുന്നത്.  വീടുകളിലും ഫ്ലാറ്റുകളിലും അവര്‍ സംസ്കരിച്ചുണ്ടാക്കുന്ന ജൈവവളം അഞ്ചു രൂപയ്ക്ക് ഹരിതകര്‍മസേന വാങ്ങുന്നു. വര്‍ഷത്തിൽ 50 ലക്ഷം രൂപയിൽ കുറയാത്ത വരുമാനം ഇതുവഴിയുണ്ടാകുന്നു.  ബ്രഹ്മപുരവും ഇങ്ങനെ മാറ്റിയെടുക്കും.

മാലിന്യ സംസ്‌കരണത്തിന് എവിടെയെല്ലാം ശാസ്ത്രീയമായ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം എതിർപ്പുമായി വന്ന്  സംഘര്‍ഷമുണ്ടാക്കുകയാണ് യു ഡി എഫ് ചെയ്‌തിട്ടുള്ളത്. തിരുവനന്തപുരത്ത് വിളപ്പിൽശാലയിൽ നമ്മൾ ഇത് കണ്ടു. കോഴിക്കോട്  കോതിയിൽ ഇത് നമ്മൾ കണ്ടു. തൃശൂരിലും സമരമുണ്ടാക്കി. യുഡിഎഫ് സർക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ   അനാസ്ഥ മൂലം കുന്നുകൂടിയ  മാലിന്യങ്ങൾ സംസ്കരിക്കുകയെന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഈ സർക്കാരിന്റെയും ബാധ്യതയായി മാറുന്നു. കൊച്ചിയിലും മാലിന്യ സംസ്കരണ ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറി സർക്കാരിനെ ഏൽപ്പിച്ച അനുഭവം യു ഡി എഫ് കൗൺസിലിന്റെ കാലത്തു തന്നെയുണ്ടായി എന്നത് ആരും മറന്നുകാണില്ല. എന്നാൽ ശരിയായതും ശാസ്ത്രീമായതുമായ മാര്‍ഗങ്ങളിലൂടെ മാലിന്യ സംസ്കരണത്തിന് ശ്രമിച്ചാൽ അതിനെ അട്ടിമറിക്കാൻ ഇവർ മുന്നിലുണ്ടാകും.

മാലിന്യമുണ്ടാക്കുന്നതിൽ ഒട്ടും കുറവ് നമ്മൾ, ജനങ്ങള്‍  വരുത്തുന്നില്ല. എന്നാൽ അത് സംസ്‌കരിക്കാനുള്ള ശാസ്ത്രീയമായ ശ്രമങ്ങളെ എതിർക്കുകയും ചെയ്യും.  ഈ മനോഭാവത്തിനാണ് മാറ്റം വരേണ്ടത്. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ അനുഭവത്തിലെങ്കിലും നമ്മൾ പുനർവിചിന്തനം നടത്താൻ തയാറാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹ്യ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരെല്ലാം ഈ പുനർ വിചിന്തനത്തിന് തയാറാകണം - മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top