20 April Saturday

ബ്രഹ്മപുരം 
കരാറുകൾ വിജിലൻസ്‌ അന്വേഷിക്കണം ; കൊച്ചി കോർപറേഷൻ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


കൊച്ചി
ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട്‌ 2011 മുതലുള്ള കരാറുകളും ടെൻഡറുകളും  വിജിലൻസ്‌ അന്വേഷിക്കണമെന്ന്‌ കൊച്ചി കോർപറേഷൻ കൗൺസിൽ. ഉചിതതീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെടാനും അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഉറവിടമാലിന്യസംസ്‌കരണം ഉൾപ്പെടെ  ഉന്നതതലയോഗത്തിന്റെ നിർദേശങ്ങൾ നടപ്പാക്കും.

തീപിടിത്തത്തെ തുടർന്ന്‌ ഏറെ ആരോപണങ്ങൾ ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെടുന്നതെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. പുതിയ വേസ്‌റ്റ്‌ ടു എനർജി പ്ലാന്റ്‌ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചതും യോഗ്യതയില്ലാത്ത ജി ജെ ഇക്കൊ പവർ എന്ന സ്ഥാപനത്തിന്‌ കരാർ നൽകിയതും 2011ലാണ്‌.  എൽഡിഎഫ്‌ ഇതിൽ വിയോജിപ്പ്‌ അറിയിച്ചിരുന്നു. ജി ജെ ഇക്കൊ പവറുമായുള്ള കരാറും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. തീപിടിത്തവുമായി ബന്ധപ്പെട്ട മറ്റു കേസുകൾ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. മാലിന്യത്തിന്‌ തീയിട്ടതാണെന്ന ആക്ഷേപവുമുണ്ട്‌. ഇപ്പോഴത്തെയും മുമ്പത്തെയും കരാർ കമ്പനികൾക്കെതിരെയാണ്‌ കുറ്റാരോപണം. ഒരു യുഡിഎഫ്‌ അംഗത്തിനും പങ്കുള്ളതായി പരാതി ലഭിച്ചു. അത്‌ പൊലീസ്‌ കമീഷണർക്ക്‌ കൈമാറി.

പുതുതായി ഏതുതരം പ്ലാന്റാണ്‌ വേണ്ടതെന്ന്‌  സംസ്ഥാന സർക്കാർ തീരുമാനിക്കും. അതുവരെ പ്രവർത്തിപ്പിക്കാനായി നിലവിലെ പ്ലാന്റ്‌ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കും. അജൈവമാലിന്യം ശുചിത്വമിഷൻ അംഗീകരിച്ച ഏജൻസികൾക്ക്‌ കൈമാറും. ഉറവിടമാലിന്യസംസ്‌കരണത്തിന്‌ വീടുകൾക്ക്‌ 200 രൂപ നിരക്കിൽ സബ്‌സിഡിയോടെ ബയോബിന്നുകൾ നൽകാനുള്ള പദ്ധതിയുണ്ട്‌. ജൈവമാലിന്യ സംസ്‌കരണത്തിന്‌ ഡിവിഷൻ തലത്തിൽ ഉചിതമാതൃകകൾ പരിശോധിക്കണം.   മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും 2010 വരെ തുടർന്ന രീതി പുനരാവിഷ്‌കരിക്കും. 2011 മുതലാണ്‌ ആ രീതി അട്ടിമറിച്ചത്‌. എല്ലാ മാലിന്യവും കൂട്ടിക്കലർത്തിയതും വർഷങ്ങളായി അവ സംസ്‌കരിക്കാതെ കൂമ്പാരമാക്കിയതുമാണ്‌ ഇപ്പോഴത്തെ അനിഷ്‌ടസംഭവങ്ങൾക്ക്‌ കാരണം. ബ്രഹ്മപുരത്ത്‌ കൂടുതൽ സിസിടിവി ക്യാമറകളും ഫയർ ഹൈഡ്രന്റുകളും സ്ഥാപിക്കുമെന്നും മേയർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top