20 April Saturday

ബിപിസിഎൽ വിൽപ്പന : കോർപറേറ്റുകൾക്കുവേണ്ടി 
വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കും

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


കൊച്ചി
ബിപിസിഎൽ വിൽപ്പനയ്‌ക്കുള്ള താൽപ്പര്യപത്രങ്ങൾ റദ്ദാക്കിയത്‌ കൂടുതൽ കോർപറേറ്റ്‌ പ്രീണന വ്യവസ്ഥകളോടെ വിൽപ്പന പുനരാരംഭിക്കാൻ. വലിയ നിക്ഷേപം നടത്തി ബിപിസിഎല്ലിനെ ആകെ ഏറ്റെടുക്കാൻ വൻകിട കോർപറേറ്റുകൾക്ക്‌ താൽപ്പര്യമില്ലാത്തതാണ്‌ വിൽപ്പന മുടങ്ങാൻ പ്രധാന കാരണം.

ഫോസിൽ ഇന്ധന ഖനന–-സംസ്‌കരണമേഖലയോട്‌ കോർപറേറ്റുകൾക്കുള്ള താൽപ്പര്യക്കുറവാണ്‌ മറ്റൊന്ന്‌. എണ്ണഖനനവും ശുദ്ധീകരണവും ഒഴികെയുള്ള മേഖലകളിൽ കോർപറേറ്റുകൾക്ക്‌ താൽപ്പര്യമുണ്ട്‌. ഇതെല്ലാം പരിഗണിച്ചാകും കേന്ദ്രസർക്കാർ അടുത്ത താൽപ്പര്യപത്രം ക്ഷണിക്കുക.

ബിപിസിഎല്ലിനെയാകെ ഏറ്റെടുക്കാൻ കോർപറേറ്റുകൾ തയ്യാറാകാത്ത സ്ഥിതിക്ക്‌ വിൽപ്പന അവസാനിപ്പിക്കണമെന്നാണ്‌ തൊഴിലാളി സംഘടനകളുടെ ആവശ്യം. മൂന്നു കമ്പനികളിൽ രണ്ടെണ്ണം സ്വമേധയാ പിൻവാങ്ങിയതാണ്‌. കമ്പനിയെ മുറിച്ചുവിൽക്കുന്നത്‌ കൂടുതൽ അപകടമാണ്‌. മാർക്കറ്റിങ്, പെട്രോകെമിക്കൽസ്‌, ഏവിയേഷൻ, സിറ്റി ഗ്യാസ്‌ തുടങ്ങിയ ലാഭമേഖലകളിൽ മാത്രമാകും സ്വകാര്യ നിക്ഷേപം. എണ്ണഖനനവും ശുദ്ധീകരണവും പോലുള്ളവ സർക്കാർ ഏറ്റെടുക്കേണ്ടിവരും. ഈ ബാധ്യത അനുബന്ധമേഖലകളിലെ ലാഭത്തിലൂടെയാണ്‌ സർക്കാർ പരിഹരിക്കുന്നത്‌. ലാഭകരമായ മേഖല വിറ്റാൽ സർക്കാരിന്‌ ബാധ്യതമാത്രമാവും.

കൂടുതൽ ലാഭകരമായ പെട്രോകെമിക്കൽ വ്യവസായത്തിലേക്ക്‌ സ്വകാര്യകമ്പനികൾ മാറുകയാണ്‌.  റിലയൻസ്‌ പോലുള്ളവ  ബിപിസിഎല്ലിൽ താൽപ്പര്യം കാണിക്കാതിരുന്നതും അതുകൊണ്ടാണ്‌. അതിനാൽ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കിയാകും വിൽപ്പന പുനരാരംഭിക്കുക. 

പൂർണ വിലനിർണയാധികാരം വേണമെന്ന്‌ കോർപറേറ്റുകൾ
ഇന്ധനവില നിർണയിക്കുന്നത്‌ എണ്ണക്കമ്പനികളാണെന്നാണ്‌ കേന്ദ്രസർക്കാരിന്റെ വാദം. തെരഞ്ഞെടുപ്പുകാലങ്ങളിൽ ഇന്ധനവിലയുടെ പൂർണനിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കും. അത്തരം ഇടപെടലിൽ കോർപറേറ്റുകൾക്ക്‌ താൽപ്പര്യമില്ലാത്തതും ബിപിസിഎൽ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. വില നിയന്ത്രണാധികാരം പൂർണമായും കമ്പനികളെ ഏൽപ്പിക്കണമെന്ന  ആവശ്യംകൂടി പരിഗണിച്ചാകും പുതിയ താൽപ്പര്യപത്രം ക്ഷണിക്കുക.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകാലത്താണ്‌ ഒടുവിൽ കേന്ദ്രം ഇന്ധനവിലയിൽ ഇടപെട്ടത്‌. ഉക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ്‌ വില കുതിച്ചപ്പോഴും ദിവസവും കയറിക്കൊണ്ടിരുന്ന ഇന്ധനവില നൂറുദിവസത്തോളം മാറ്റമില്ലാതെ തുടർന്നു.
ചില്ലറ വിൽപ്പനകേന്ദ്രങ്ങൾ അടച്ചിട്ടാണ്‌ സ്വകാര്യ എണ്ണക്കമ്പനികൾ ഇതിനെ നേരിട്ടത്‌. റിലയൻസിന്റെയും നയാരയുടെയും മുഴുവൻ ചില്ലറ വിൽപ്പനകേന്ദ്രങ്ങളും ഇക്കാലത്ത്‌ പ്രവർത്തനം നിർത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top