29 March Friday

തെക്കേ ഇന്ത്യയിൽ ബിപിസിഎല്‍ 19 ഇവി ചാർജിങ് ഇടനാഴി തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


കൊച്ചി
ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) തെക്കേ ഇന്ത്യയിൽ 19 വൈദ്യുത വാഹന (ഇവി) ചാർജിങ് ഇടനാഴികൾ തുറക്കുന്നു. കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 15 പ്രധാന ഹൈവേകളിലെ 110 ഇന്ധന സ്റ്റേഷനുകളാണ് ഇതിനുള്ള ചാര്‍ജിങ് സ്റ്റേഷനുകൾ ഒരുക്കുന്നതിന് തെര‍ഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പി എസ് രവി പദ്ധതി ഉദ്ഘാടനം ചെയ്തു. 30 കിലോവാട്ട് അതിവേ​ഗ ചാര്‍ജറുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ചാര്‍ജര്‍ ലൊക്കേറ്റര്‍, പ്രവര്‍ത്തനരീതി, പണമിടപാട് തുടങ്ങിയവ ഹലോ ബിപിസിഎല്‍  ആപ് വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 19 ഇന്ധന സ്റ്റേഷനുകളിലായി 362 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി–-കോഴിക്കോട്–- കണ്ണൂര്‍–- കാസര്‍​കോട്‌, 86 കിലോമീറ്ററിന്റെ കോഴിക്കോട്–- വയനാട്, 150 കിലോമീറ്ററിന്റെ കൊച്ചി–- തൃശൂര്‍ എന്നിങ്ങനെ മൂന്ന് ഇടനാഴികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ബിപിസിഎല്‍ തെക്കന്‍ മേഖലാ റീട്ടെയിൽ മേധാവി പുഷ്പ് കുമാര്‍ നായര്‍ പറഞ്ഞു.

ഒരുതവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍വരെ സഞ്ചരിക്കാവുന്ന രീതിയില്‍ ഇവികള്‍ ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മതിയാകുമെന്നും അതിനാല്‍ രണ്ടു ചാര്‍ജിങ് സ്റ്റേഷനുകൾ തമ്മില്‍ 100 കിലോമീറ്റര്‍ ദൂരമാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍, കാടാമ്പുഴ ക്ഷേത്രങ്ങള്‍, വല്ലാര്‍പാടം ബസിലിക്ക, കൊരട്ടി സെ​ന്റ് ആന്റണീസ് പള്ളി, മര്‍ക്കസ് നോളജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നതരത്തിലാണ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ കൊച്ചി–- തിരുവനന്തപുരം, കൊച്ചി–- മൂന്നാര്‍, കൊച്ചി–- തേക്കടി എന്നിങ്ങനെ മൂന്നു ചാര്‍ജിങ് ഇടനാഴികൂടി ഉടന്‍ സജ്ജമാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top