29 March Friday

അക്ഷരോത്സവത്തിന്റെ പുതുചരിത്രം രചിച്ച് നിയമസഭ

സ്വന്തം ലേഖികUpdated: Sunday Jan 15, 2023

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സംസാരിക്കുന്നു.

തിരുവനന്തപുരം> വായനയ്‌ക്കും സാംസ്‌കാരിക ചർച്ചകൾക്കും വേദിയായി, തുറന്നുവച്ച പുസ്തകങ്ങളാൽ സഭാതലം നിറഞ്ഞ കാഴ്ചകൾക്ക് ഇടവേള നൽകി, അടുത്തവർഷം ജനുവരിയിൽ വീണ്ടും കാണാമെന്ന പ്രതിജ്ഞയിൽ നിയമസഭയിൽനിന്ന് വായനസമൂഹം പടിയിറങ്ങി. അക്ഷരാനുഭവങ്ങൾ ഹൃദയത്തിൽ ചാലിച്ച്‌ വായനക്കാരുടെയും വായനാനുഭവം പകർന്ന എഴുത്തുകാരുടെയും സം​ഗമവേദിയായിരുന്നു ഒരാഴ്ചക്കാലം നിയമസഭ. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 122 പ്രസാധകരാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയത്. 127 സ്റ്റാളുകളിലൂടെ വായനക്കാരിലേക്ക് പുസ്തകങ്ങളെത്തിച്ച മേളയിൽ എഴുപത്തിയേഴിലധികം പുസ്തകം വിവിധ വേദികളിലായി പ്രകാശിപ്പിച്ചു.

പുസ്തകോത്സവത്തിന്റെ ഭാ​ഗമാകാൻ‌ എത്തിയ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരത്തെയും അവിടത്തെ പ്രവർത്തനങ്ങളെയും അടിത്തറിയാൻ സാധിച്ചു. നിയമസഭയുടെ ഓരോ കോണിലും പ്രവേശന കവാടത്തിലുംനിന്ന് ഫോട്ടോകളെടുത്താണ് അവർ മടങ്ങിയത്. എഴുപതിനായിരത്തിലധികം വിദ്യാർഥികളാണ് പുസ്തകോത്സവം കാണാനും നിയമസഭ സന്ദർശിക്കാനുമായി എത്തിയത്. സ്കൂൾ വിദ്യാർഥികൾക്കായി സിറ്റി റൈഡും മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദർശിക്കാൻ അവസരം ഒരുക്കി ഗതാഗത വകുപ്പും പുരാവസ്തു - മ്യൂസിയം വകുപ്പും പുസ്തകോത്സവത്തിന്റെ ഭാഗമായി.

ഇഷ്ടപുസ്തകങ്ങൾ തിരഞ്ഞെത്തിയവരും  സ്റ്റാളുകളിലെത്തി ഇഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കിയവരും മേളയുടെ സാന്നിധ്യമായി. ഓരോ പ്രസാധകരിൽ നിന്നും ആയിരത്തിലധികം പുസ്തകം കഴിഞ്ഞദിവസങ്ങളിൽ വായനക്കാർ വാങ്ങി. ഇതുവഴി കോടികളുടെ പുസ്തകവിൽപ്പന മേളയിലുണ്ടായിട്ടുണ്ടെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

വൻവിജയമാക്കിയവർക്ക്‌ നന്ദി: സ്‌പീക്കർ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2023 അവിസ്മരണീയമായ അനുഭവമായി മാറിയതിൽ ചാരിതാർഥ്യമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. പുസ്തകോത്സവം ഇത്ര വിപുലമായ രീതിയിൽ സംഘടിപ്പിക്കാനായത് ഓരോ പുസ്തകപ്രസാധകരുടെയും വിതരണക്കാരുടെയും എഴുത്തുകാരുടെയും സജീവ സാന്നിധ്യം കൊണ്ടാണെന്ന് സ്പീക്കർ പറഞ്ഞു. ഈ വിജയത്തിനായി പ്രവർത്തിച്ച വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിയമസഭയിലെ മുഴുവൻ ജീവനക്കാർക്കും സ്‌പീക്കർ നന്ദി പറഞ്ഞു. 2024ൽ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം എഡിഷനിലേക്ക് എല്ലാവരെയും സ്പീക്കർ സ്വാ​ഗതവും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top