29 March Friday

കള്ളവോട്ട‌് വിവാദം: കുടുങ്ങിയത‌് യുഡിഎഫ‌്; മാധ്യമങ്ങൾ തലയൂരുന്നു

പ്രത്യേക ലേഖകൻUpdated: Saturday May 4, 2019

കണ്ണൂർ > ‘ചക്കിനു വച്ചത‌് കൊക്കിനു’ കൊണ്ടതോടെ കള്ളവോട്ടു വിവാദത്തിൽനിന്ന‌് മുഖ്യധാരാ മാധ്യമങ്ങൾ പതിയെ തലയൂരുന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പൊതുജനമധ്യത്തിൽ കരിവാരിത്തേക്കാമെന്ന ഗൂഢലക്ഷ്യത്തോടെയാണ‌് മാതൃഭൂമി ന്യൂസ‌് ഉൾപ്പെടെയുള്ള ചാനലുകളും വലതുപക്ഷ മാധ്യമങ്ങളാകെയും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തുവന്നത‌്. കല്യാശേരി മണ്ഡലത്തിലെ പിലാത്തറ യുപി സ‌്കൂൾ ബൂത്തിൽ എൽഡിഎഫ‌് പ്രവർത്തകരായ മൂന്നു സ‌്ത്രീകൾ കള്ളവോട്ട‌് ചെയ‌്തെന്നു പറഞ്ഞ‌് പരാക്രമം കാട്ടുകയായിരുന്നു മാധ്യമങ്ങൾ.

കെ സുധാകരന്റെ വക്കാലത്ത‌് ഏറ്റെടുത്ത‌് സിപിഐ എംവിരുദ്ധ വാർത്ത ചമച്ചവരുടെ മുഖത്താണ‌് ഇപ്പോൾ പ്രഹരമേറ്റത‌്. പിലാത്തറയിലെ സ‌്ത്രീകളല്ല, തങ്ങൾക്ക‌് ഉപ്പും ചോറും തരുന്ന രാഷ്ട്രീയ യജമാനന്മാരും അവരുടെ അനുയായികളുമാണ‌് കള്ളവോട്ട‌്
കലയാക്കിയതെന്ന‌് ജനങ്ങളെ ചെറുതായെങ്കിലും അറിയിക്കാൻ ഈ മാധ്യമങ്ങൾ നിർബന്ധിതമായി. അതോടെ കള്ളവോട്ട‌് വിവാദത്തിന്റെ ആവേശവും ചോർന്നു.

മുസ്ലിംലീഗ‌് വീണ്ടും പ്രതിക്കൂട്ടിൽ

കണ്ണൂർ, കാസർകോട‌് മണ്ഡലങ്ങളിലെ മുസ്ലിംലീഗ‌് സ്വാധീനമേഖലകളിൽ അവരുടെ അനുയായികൾ കൂട്ടത്തോടെ കള്ളവോട്ടു ചെയ‌്തതിന്റെ  ദൃശ്യങ്ങളാണ‌് പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കല്യാശേരി മണ്ഡലത്തിലെ പുതിയങ്ങാടി ജമാ അത്ത‌് ഹയർസെക്കൻഡറി സ‌്കൂൾ, തളിപ്പറമ്പ‌് മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള യുപി സ‌്കൂൾ, കാഞ്ഞങ്ങാട‌്, ഉദുമ, കാസർകോട‌് മണ്ഡലങ്ങളിലെ വിവിധ ബൂത്തുകൾ എന്നിവിടങ്ങളിൽ പർദയണിഞ്ഞ ലീഗ‌് വനിതാ പ്രവർത്തകർ വ്യാപകമായി കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുമെന്നാണ‌് സൂചന.

യുഡിഎഫ‌് ജയിച്ചാൽ നല്ലവോട്ട‌്; എൽഡിഎഫ‌് ജയിച്ചാൽ കള്ളവോട്ട‌്

കണ്ണൂർ, കാസർകോട‌് ജില്ലകളിൽ സിപിഐ എം ഗുണ്ടാരാജാണെന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും കള്ളവോട്ടു ചെയ‌്താണ‌് ഇടതുപക്ഷം വിജയം നേടുന്നതെന്നുമുള്ള പല്ലവി യുഡിഎഫ‌് നേതൃത്വം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തോൽക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും  അവർ തങ്ങളുടെ നിരാശയും വിഷമവും ‘കരഞ്ഞുതീർക്കുന്നത‌്’ ഇങ്ങനെയാണ‌്. എൽഡിഎഫ‌് ജയിച്ചാൽ കള്ളവോട്ട‌്. ജയം യുഡിഎഫിനെങ്കിൽ നല്ലവോട്ട‌്. ഇതാണ‌്  യുഡിഎഫ‌് മതം. 

കഴമ്പില്ലാത്ത ആരോപണം

കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുക്കപ്പെട്ടത‌് യുഡിഎഫ‌് സ്ഥാനാർഥികളാണ‌്.  ഒരേസമയം നിയമസഭാ, പാർലമെന്റ‌് തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ എൽഡിഎഫിന‌് ഓരോ മണ്ഡലത്തിലും നിയമസഭയിലേക്ക‌് ലഭിക്കുന്ന വോട്ടുകൾ ലോക‌്സഭയിലേക്കു ലഭിക്കാറില്ലെന്നതും വസ‌്തുതയാണ‌്. യഥാർഥ ജനവിധി അട്ടിമറിക്കപ്പെടുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കാനിടയില്ലല്ലോ.
എതായാലും ഇപ്പോൾ ചിത്രം വ്യക്തമാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top