20 April Saturday

പൊന്നാനിയിൽ കടലിൽനിന്ന്‌ മൃതദേഹം കണ്ടെത്തി; വള്ളം മറിഞ്ഞ്‌ കാണാതായ ആളുടേതെന്ന്‌ സംശയം

സ്വന്തം ലേഖകൻUpdated: Monday Oct 18, 2021

പൊന്നാനി > തൃശൂർ മന്ദലാംകുന്നിൽ മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ്‌ കാണാതായവരിൽപ്പെട്ടതെന്ന്‌ സംശയിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് ഭാഗത്തുനിന്നാണ് തിങ്കൾ വൈകിട്ട്‌ അഞ്ചോടെ‌ മൃതദേഹം കിട്ടിയത്‌. രാത്രി ഏഴോടെ  പൊന്നാനി ഹാർബറിൽ എത്തിച്ചെങ്കിലും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. കാണാതായ മൂന്നുപേരുടെ ബന്ധുക്കൾക്കും മൃതദേഹം തിരിച്ചറിയാനായില്ല. ഇതോടെ മൃതദേഹം താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഡിഎൻഎ പരിശോധന നടത്തും.

കഴിഞ്ഞ ബുധൻ പക​ല്‍ രണ്ടോടെ പൊന്നാനി ഹാർബറിൽനിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ റഫ് ഖാന ഫൈബർ വള്ളം വ്യാഴം പുലർച്ചെ മൂന്നിനാണ്‌ തിരയിൽപ്പെട്ട്‌ മറിഞ്ഞത്‌. വള്ളത്തിലുണ്ടായിരുന്ന നാലുപേരിൽ പൊന്നാനി മുക്കാടി സ്വദേശി പറമ്പിൽ ഹംസക്കുട്ടി (55) രക്ഷപ്പെട്ടു. വള്ളത്തിന്റെ ഉടമകൂടിയായ മുക്കാടി സ്വദേശി കുഞ്ഞുമരക്കാരിയാക്കാനകാത്ത് ബീരാൻ, ചന്തക്കാരന്റെ ഇബ്രാഹിം, തെക്കേക്കടവ് സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലി എന്നിവരെയാണ് കാണാതായത്. പി നന്ദകുമാർ എംഎൽഎയുടെ നിർദേശപ്രകാരം യോഗം ചേർന്ന്‌ തിരച്ചിൽ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. പതിനഞ്ച് ബോട്ടുകളിൽ മത്സ്യതൊഴിലാളികൾ തിരച്ചിലിനിറങ്ങി.  

ഹാർബറിലേക്ക്‌ ജനങ്ങളൊഴുകി

മന്ദലാംകുന്ന്‌ ഭാഗത്തുനിന്ന്‌  മൃതദേഹം കണ്ടെത്തി എന്ന വാർത്ത പരന്നതോടെ ഹാർബറിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. ബീവി എന്ന ബോട്ട് മൃതദേഹവുമായി എത്തിയതോടെ കൂടിനിന്നവരെ നിയന്ത്രിക്കാൻ പൊലീസ്‌ പാടുപെട്ടു. കാണാതായ മൂന്നുപേരിൽ ഒരാളുടേതാണ്‌ മൃതദേഹം എന്ന നിഗമനത്തിലായിരുന്നു തീരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top