25 April Thursday

പോള നിറഞ്ഞു; ആലപ്പുഴ - കോട്ടയം റൂട്ടിൽ 
ബോട്ടുയാത്ര കഠിനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

ആലപ്പുഴ–-കോട്ടയം ജലപാതയിൽ കുളവാഴയും പായലും നിറഞ്ഞപ്പോൾ

ആലപ്പുഴ > കുളവാഴയും പായലും നിറഞ്ഞ്‌ ആലപ്പുഴ - കോട്ടയം ജലപാതയിൽ ബോട്ടുഗതാഗതം ദുരിതമയം. ഗതാഗതം നിലയ്‌ക്കുന്ന രീതിയിൽ വെട്ടിക്കാട്ടുമുതൽ കോട്ടയം കോടിമത ജെട്ടിവരെ പോളയും പാലയും തിങ്ങിയിരിക്കുകയാണ്‌. പോളയുടെ അടിയിൽ കിടക്കുന്ന തടിക്കഷണങ്ങൾ, ഓല, വലസാമഗ്രികൾ തുടങ്ങിയവ ബോട്ടിന്റെ  പ്രൊപ്പല്ലറിൽ കുടുങ്ങി ബോട്ടുയാത്ര മണിക്കൂറുകൾ തടസ്സപ്പെടുന്നത്‌ പതിവായി.
 
ബോട്ട്‌ ജീവനക്കാർ വളരെസമയം പണിപ്പെട്ടാണ്‌ തടസ്സം മാറ്റി യാത്ര തുടരുന്നത്‌. വൈകുന്നേരം 5.15നുള്ള  ബോട്ട്‌ രാത്രി എട്ടോടെയാണ്‌  കോട്ടയത്തെത്തുന്നത്‌. ബോട്ട്‌ തകരാറിലാകുന്നതോടെ രാത്രിയിൽ വെളിച്ചംപോലുമില്ലാത്ത ഇടങ്ങളിൽ സ്‌ത്രീകൾ ഉൾപ്പെടെ യാത്രക്കാർ കുടുങ്ങിപ്പോകും.  കോട്ടയത്തെത്തിയാൽ വീട്ടിലെത്താൻ വാഹനംപോലും കിട്ടില്ല..
 
എത്രയും വേഗം പായലും കുളവാഴയും വാരിമാറ്റണമെന്നാണ്‌ ബോട്ടുജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം. ചുങ്കത്തുമുപ്പതിലെ  പൊക്കുപാലമാണ്‌ യാത്രക്കാരെ വലയ്‌ക്കുന്ന മറ്റൊരു പ്രശ്‌നം. ഇത്‌ പൊക്കാൻ ആളെ  നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഉണ്ടാകില്ല. ബോട്ടുനിർത്തിയിട്ട്‌ ജീവനക്കാർ ആളെ കൂകിവിവിളിച്ച്‌ കൊണ്ടുവന്നാണ്‌ ചിലപ്പോളൊക്കെ യാത്ര തുടരുക. കഴിഞ്ഞദിവസം വൈദ്യുതിയില്ലാത്തതിനാൽ കോട്ടയത്തുനിന്ന്‌ ആലപ്പുഴയ്‌ക്കുള്ള യാത്ര തടസപ്പെട്ടു. പിന്നീട്‌ പാലത്തിന്റെ മറുവശത്ത്‌ വേറെ ബോട്ടെത്തിച്ച്‌ പള്ളംവഴിയാണ്‌ യാത്ര തുടർന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top