18 September Thursday

തൃശൂർ കുണ്ടന്നൂരിൽ 
വെടിക്കെട്ടുപുരയിൽ വൻ സ്‌ഫോടനം ; ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023


തൃശൂർ
കുണ്ടന്നൂരിൽ വെടിക്കെട്ട്‌ പുരയ്‌ക്ക്‌ തീപിടിച്ച്‌ വൻസ്‌ഫോടനം. ഒരു പണിക്കാരന്‌ പൂർണമായും പൊള്ളലേറ്റു. മറ്റുള്ളവർ കുളിക്കാൻ പോയ സമയത്താണ്‌ സംഭവം. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ നടന്ന സ്‌ഫോടനത്തിന്റെ  പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ 20 മീറ്റർ ആഴത്തിൽ കുഴിയായി. സമീപത്തെ മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം വരെയുള്ളയിടങ്ങളിൽ വീടിന്റെയും സ്കൂളുകളുടെയും ചില്ലും ഓടും തകർന്നു. ഇത്‌വീണ്‌ പലർക്കും പരിക്കേറ്റു.

കുണ്ടന്നൂർ സുന്ദരാക്ഷന്റെ  ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട് ചേർന്ന്  തെക്കേക്കര തെങ്ങും പറമ്പിലാണ്‌ വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌. പ്രധാന വെടിക്കെട്ടുപുര തൊട്ടടുത്തുണ്ടായിരുന്നു. ഇവിടേക്ക്‌ തീ പടരാത്തത്‌ വൻ ദുരന്തം ഒഴിവാക്കി. കുണ്ടന്നൂർ  ശ്രീനിവാസനാണ്‌  ലൈസൻസി.

മൊത്തം ആറു തൊഴിലാളികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. അമിട്ടിനുള്ള മരുന്നും ഗുളികകളും വെടിക്കെട്ട്‌ പുരയ്‌ക്ക്‌ പുറത്ത്‌ ഉണക്കാനിട്ടിരുന്നു. വൈകിട്ട്‌  ഇത്‌ ചാക്കിലാക്കി കെട്ടി ഷെഡിനുള്ളിലേക്ക്‌ വയ്‌ക്കുന്നതിനിടെയാണ്‌ പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയാണ്‌ തീ അണച്ചത്‌.  ബോംബ്‌ സ്‌ക്വാഡ്‌ തുടർപരിശോധന നടത്തും. വെടിക്കെട്ടുപണിക്കാരനായ പാലക്കാട്‌  ആലത്തൂർ കാവശേരി  മണി (മണികണ്‌ഠൻ–- 50) യ്‌ക്കാണ്‌ പൊള്ളലേറ്റത്‌.  ഇയാളെ തൃശൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിലെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top