28 March Thursday

കൊഴിഞ്ഞുപോക്ക്‌ തുടർക്കഥ; 
ഒന്നും ചെയ്യാനാകാതെ ബിജെപി നേതൃത്വം

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023


തിരുവനന്തപുരം
നേതാക്കളും പ്രവർത്തകരും തുടരെ കൊഴിഞ്ഞുപോകുന്നതിൽ പകച്ച്‌ ബിജെപി സംസ്ഥാന നേതൃത്വം. ആഘോഷപൂർവം സ്വീകരിച്ചവരെല്ലാം സത്യം മനസ്സിലാക്കി വലിച്ചെറിഞ്ഞു പോകുമ്പോൾ മറുപടിയില്ലാതെ കുഴയുകയാണ്‌ നേതാക്കൾ. സംവിധായകൻ രാജസേനനാണ്‌ ഒടുവിൽ ബിജെപി ബന്ധം ഉപേക്ഷിച്ചത്‌. കലാകാരൻമാർക്ക്‌ പ്രവർത്തിക്കാൻ പറ്റിയ ഇടമല്ല ബിജെപി എന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രാജസേനൻ തുറന്നടിച്ചു.

ബിജെപിയോട്‌ സഹകരിക്കുന്ന കലാകാരൻമാർക്കെല്ലാം ഇതേ അഭിപ്രായമാണ്‌. പത്തനാപുരത്ത്‌ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ ഭീമൻ രഘുവും സമാന പ്രതികരണം നടത്തിയിരുന്നു. ഒരു വർഷത്തിനിടെ വിവിധ ജില്ലകളിലായി പതിനായിരത്തോളം പ്രവർത്തകർ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എം ഉൾപ്പെടെയുള്ള ജനകീയ പാർടികളുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കേന്ദ്രഭരണത്തിന്റെ മറവിൽ വർഗീയ അജൻഡകൾ ഓരോന്നായി നടപ്പാക്കുന്നതും ജനവിരുദ്ധ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നതുമാണ്‌ കൊഴിഞ്ഞുപോക്കിന്റെ പ്രധാനകാരണം.

കേരളത്തിലെ നേതാക്കളുടെ പ്രവർത്തനങ്ങളിലും എതിർപ്പുണ്ട്‌. ആർഎസ്‌എസ്‌ പ്രവർത്തകരും അതൃപ്‌തരാണ്‌. ഗ്രൂപ്പ്‌ പോര്‌, അനധികൃ സ്വത്ത്‌ സമ്പാദനം, കുഴൽപ്പണം കടത്തൽ തുടങ്ങി നിരവധി ആരോപണങ്ങൾ വിവി‌ധ നേതാക്കൾക്കെതിരേ നിലനിൽക്കുന്നുണ്ട്‌. അസംതൃപ്‌തരെ കൂടെ നിർത്താൻ നിലവിലെ സംസ്ഥാന നേതൃത്വം ഇടപെടുന്നില്ല എന്നാണ്‌ എതിർവിഭാഗത്തിന്റെ ആക്ഷേപം.
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായശേഷമാണ്‌ കൊഴിഞ്ഞുപോക്ക്‌ രൂക്ഷമായത്‌. ആകെ ഉണ്ടായിരുന്ന എംഎൽഎ സ്ഥാനം നഷ്‌ടപ്പെട്ടതും തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ വോട്ട്‌ കുറഞ്ഞതും നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന്‌ പ്രവർത്തകർക്ക്‌ അഭിപ്രായമുണ്ട്‌. പാർടി പരിപാടികളിൽ ആളു കൂടുന്നില്ല എന്നതാണ്‌ മറ്റൊരു ആക്ഷേപം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത്‌ നടത്താൻ നിശ്‌ചയിച്ചിരുന്ന റാലിക്ക്‌ ആളുണ്ടായിരുന്നില്ല. തുടർന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പങ്കെടുക്കാതെ തിരിച്ചു പോയി. പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോഴും നിർദേശിച്ച അത്രയും ആളുകളെ എത്തിക്കാതിരുന്നതിൽ ദേശീയ നേതൃത്വത്തിനും അതൃപ്‌തിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top