15 December Monday

അടിമുടി അഴിമതിയിൽ 
ബിജെപിയുടെ സംഘങ്ങൾ; വി വി രാജേഷിന്റെ സമരം പ്രഹസനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023
തിരുവനന്തപുരം > കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തി സർക്കാർ നടപടികൾ ആരംഭിച്ചശേഷം പ്രഹസന സമരവുമായി ബിജെപി. തൂങ്ങാംപാറയിൽ ഉപവാസസമരം നടത്തിയ ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്‌ ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ ആരോപണങ്ങൾ നേരിടുന്നവരാണ്‌. സംസ്ഥാനത്ത്‌ ബിജെപി ഭരിക്കുന്ന നിരവധി സഹകരണസംഘങ്ങളിലെ അഴിമതിക്കഥകൾ പുറംലോകം അറിഞ്ഞുതുടങ്ങിയതോടെയാണ്‌ തൃശൂരും തിരുവനന്തപുരത്തുമെല്ലാം സമരനാടകങ്ങൾ സംഘടിപ്പിക്കുന്നത്‌.
 
തിരുവനന്തപുരത്ത്‌ ബിജെപി ഭരിക്കുന്ന ഊരൂട്ടമ്പലം ഹൗസിങ്‌ സഹകരണസംഘം, ചിത്തിരതിരുനാൾ ഫാർമേഴ്‌സ് സഹകരണ സംഘം, ബാലരാമപുരം പഞ്ചായത്ത് റസിഡൻസ് വെൽഫെയർ സഹകരണസംഘം എന്നിവിടങ്ങളിൽ സഹകരണ വകുപ്പ്‌ അഴിമതി കണ്ടെത്തിയിട്ടുണ്ട്‌.
ഇതുകൂടാതെ കേശവദാസപുരം സഹകരണസംഘത്തിനെതിരെ വിജിലൻസിനും പെരിങ്ങമ്മല ലേബർ കോൺട്രാക്‌ട്‌ സഹകരണസംഘത്തിനെതിരെ സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർക്കും ഇടപാടുകാർ പരാതി നൽകി. മുതിർന്ന ബിജെപി നേതാവ്‌ നേതൃത്വം നൽകിയ മറ്റൊരു സഹകരണസംഘത്തിനെതിരെയും നിരവധി പരാതികൾ ഉയരുന്നുണ്ട്‌.
 
വി വി രാജേഷിനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ബിജെപിക്കുള്ളിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്‌. പുതിയ ജില്ലാ കമ്മിറ്റി ഓഫീസ്‌ വാങ്ങിയതിൽ അഴിമതിയാരോപിച്ച്‌ ഊമക്കത്തും ബിജെപിക്കാർ പ്രചരിപ്പിക്കുന്നുണ്ട്‌. രാജേഷിന്റെ ഉപവാസ സമരത്തിന്റെ സമാപനം ഉദ്‌ഘാടനം ചെയ്‌ത സംസ്ഥാന സെക്രട്ടറി എസ്‌ സുരേഷ്‌ ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണ്‌ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക്‌ ലഭിച്ച സ്റ്റാൻഡിങ്‌ കമ്മിറ്റിയെ ഉപയോഗിച്ച്‌ അഴിമതി നടത്തിയെന്ന ആരോപണം നേരിട്ടത്‌.
 
കണ്ടല സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച്‌ ആദ്യ പരാതി ലഭിച്ചപ്പോൾത്തന്നെ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. സഹകരണ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറുടെ  അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  സഹകരണ വകുപ്പ്‌  അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി  നിക്ഷേപകർക്ക്‌ തുക തിരിച്ചുനൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top