20 April Saturday
അഴിമതിക്കേസുകളും അറസ്റ്റും യുഡിഎഫിന് തലവേദന

ആദ്യഘട്ട വോട്ടിന്‌ 10 നാൾ ; അഴിമതിക്കേസുകളും അറസ്റ്റും യുഡിഎഫിന് തലവേദന

കെ ശ്രീകണ‌്ഠൻUpdated: Friday Nov 27, 2020


തിരുവനന്തപുരം
വികസനപദ്ധതികളെ വിവാദത്തിലാക്കി സർക്കാരിനെതിരെ നടത്തിയ നിഴൽയുദ്ധത്തിൽനിന്ന്‌ കേസുകളുടെയും അന്വേഷണങ്ങളുടെയും ചുഴിയിലാണ്‌ കോൺഗ്രസും മുസ്ലിംലീഗും. ആദ്യഘട്ട വോട്ടെടുപ്പിന്‌ പത്തുനാൾ ശേഷിക്കുമ്പോൾ അറസ്റ്റും കേസും യുഡിഎഫിന്‌ കടുത്ത തലവദനയായി. നൂറുകണക്കിനു വാർഡിൽ സ്ഥാനാർഥികളെ നിർത്താൻ കഴിയാത്തതും നേതൃത്വത്തിലെ അസ്വാരസ്യവുമാണ്‌ ബിജെപിയെ വലക്കുന്നത്‌

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്‌ ഡിസംബർ എട്ടിന്‌ ആദ്യഘട്ട വോട്ടെടുപ്പ്‌. പത്തിന്‌ രണ്ടാം ഘട്ടവും പതിനാലിന്‌ മൂന്നാം ഘട്ടവും വോട്ടെടുപ്പ്‌ നടക്കും. വികസനനേട്ടങ്ങൾ തെരഞ്ഞെടുപ്പ്‌ ചർച്ചയാക്കിയതിന്റെ വർധിത ആത്മവിശ്വാസത്തിലാണ്‌ എൽഡിഎഫ്‌. ലൈഫ്‌ മുതൽ ഗെയിൽവരെയുള്ള പദ്ധതികളും പ്രചാരണരംഗത്ത്‌ ഉയരുന്നുണ്ട്.  ഈ മുന്നേറ്റം നിഷേധിക്കാനാകില്ലെന്ന്‌ വന്നപ്പോഴാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കെ -ഫോണിനെ വിവാദത്തിൽ കുരുക്കാനിറങ്ങിയത്‌. എല്ലാ വീട്ടിലും സൗജന്യനിരക്കിൽ ഇന്റർനെറ്റ്‌ സൗകര്യം എത്തിക്കുന്നതിലും എതിർപ്പുയർത്തിയെങ്കിലും അത്‌ കാറ്റുപിടിച്ചില്ലെന്ന്‌ തിരിച്ചറിഞ്ഞു. വികസനപദ്ധതികളെ വിവാദമാക്കി മുതലെടുപ്പ്‌ നടത്താനുള്ള തന്ത്രത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കെ റെയിൽ പദ്ധതിയോടുള്ള എതിർപ്പ്‌. 

യുഡിഎഫിനെയാകെ പിടിച്ചുലയ്‌ക്കുന്ന കേസുകളെ രാഷ്‌ട്രീയ പ്രേരിതമെന്ന്‌ നിസ്സാരവൽക്കരിക്കാനാണ്‌ ശ്രമം. വർഷങ്ങളും മാസങ്ങളും നീണ്ട അന്വേഷണ പരമ്പരകൾക്കുശേഷമാണ്‌ ഓരോ കേസും അറസ്റ്റ്‌ ഉൾപ്പെടെയുള്ള നടപടികളിലേക്കെത്തിയത്‌.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ മന്ത്രിമാരായ കെ ബാബു, വി എസ്‌ ശിവകുമാർ എന്നിവർക്കെതിരായ കേസ്‌ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌. പഴയ ബാർ കോഴക്കേസിന്റെ പേരിലല്ല ഇപ്പോഴത്തെ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ തീരുമാനിച്ചത്‌. ചെന്നിത്തലയ്‌ക്കും മറ്റും കോടികൾ നൽകിയെന്ന്‌ കഴിഞ്ഞ മാസം 20നാണ്‌ ബാർ ഉടമയായ ബിജു രമേശ്‌ വെളിപ്പെടുത്തിയത്‌.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം 14 പേർക്കെതിരായ സോളാർ കേസിലും അന്വേഷണത്തിന്‌ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. മുൻ മന്ത്രി എ പി അനിൽകുമാർ, ഇപ്പോൾ ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർക്കെതിരായ പീഡന പരാതിയിലും പൊലീസ്‌ അന്വേഷണം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top