കിളിമാനൂർ> നഗരൂർ കടവിള കേന്ദ്രീകരിച്ച് ബിജെപി നേതാക്കൾ സ്വയംസഹായ സംഘവും ട്രസ്‌റ്റും രൂപീകരിച്ച് സ്‌ത്രീകളുടെ പേരിൽ വായ്‌പ തരപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്താണ് വനിതകൾക്ക് തൊഴിൽ വാഗ്‌ദാനം ചെയ്‌ത് അക്ഷയശ്രീ എന്ന പേരിൽ സ്വയംസഹായ സംഘം രൂപീകരിച്ചത്. ഇതിന്റെ പേരിൽ 50000 രൂപ വീതം പരസ്‌പര ജാമ്യത്തിൽ വ്യക്തിഗത വായ്‌പ സംഘടിപ്പിച്ചാണ് തുക ട്രസ്‌റ്റിന്റെ അക്കൗണ്ടിലാക്കിയത്.
ബിജെപി സ്ഥാനാർഥികൾക്ക് വാർഡിൽനിന്ന് വോട്ട് പിടിക്കാൻ വനിതകൾക്ക് സ്വയംതൊഴിൽ വാഗ്ദാനം ചെയ്താണ് കുടുംബശ്രീക്ക് ബദലായി സംഘം രൂപീകരിച്ചത്. ഗോശാലയും അനുബന്ധ സംരംഭങ്ങളും തുടങ്ങാനായി ശ്രീഗോകുലം എന്ന പേരിൽ പ്രത്യേക ട്രസ്റ്റും രൂപീകരിച്ചു. തുടർന്ന് ബിജെപി നിയന്ത്രണത്തിലുള്ള ആറ്റിങ്ങൽ ആലംകോട്ടെ ഫാർമേഴ്‌സ് സോഷ്യൽ വെൽഫയർ കോ–-ഓപ്പറേറ്റിവ് ബാങ്കിൽനിന്ന് 45 അക്ഷയശ്രീ അംഗങ്ങളുടെ പേരിൽ 50000 രൂപ വീതം വ്യക്തിഗത വായ്‌പയെടുത്തു. വായ്പാ തുക ട്രസ്റ്റ് തിരിച്ചടയ്ക്കുമെന്നും ലാഭവിഹിതം ഓരോരുത്തരുടെയും അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കൈയിൽ കിട്ടിയത് പണം തിരിച്ചടയ്ക്കാത്തിന്റെ ഭാഗമായുള്ള നോട്ടീസും.
വ്യക്തിഗത വായ്‌പ തിരിച്ചടയ്ക്കാതെ വന്നതോടെ സഹകരണ സംഘം അക്ഷയശ്രീ അംഗങ്ങൾക്ക് എതിരെ നിയമ നടപടി തുടങ്ങി. ബാങ്ക് പ്രസിഡന്റ് ശിവശങ്കരക്കുറുപ്പ് ചെയർമാനായാണ് ട്രസ്‌റ്റ് രൂപീകരിച്ചത്. ബിജെപി പ്രാദേശിക നേതാവായ അശോകനാണ് ട്രസ്‌റ്റ് പ്രസിഡന്റ്. തട്ടിപ്പ് നടന്ന നഗരൂർ പഞ്ചായത്തിലെയും കരവാരം പഞ്ചായത്തിലെയും വിവിധ വാർഡുകളിൽ ബിജെപിയുടെ പ്രാദേശിക നേതാക്കളായ വനിതകളെ ഉപയോഗിച്ചാണ് ആളുകളെ അക്ഷയശ്രീ സംരംഭത്തിൽ ചേർത്തത്.
കബളിപ്പിക്കപ്പെട്ട 45 പേരും മറ്റുവരുമാനമാർഗം ഇല്ലാത്തവരാണ്. പറഞ്ഞുപെരുപ്പിച്ച വാഗ്ദാനങ്ങളിൽപ്പെട്ട് ഇല്ലാത്ത കടക്കെണിയിലായിരുക്കുകയാണ് ഇവർ. പണം കൈക്കലാക്കിയ ട്രസ്‌റ്റ് ഭാരവാഹിയായ ആളുടെ നേതൃത്വത്തിലുള്ള ബാങ്ക്‌തന്നെ ഇവർക്ക് തിരിച്ചടവിന് നോട്ടീസ് അയച്ചതിൽ അണികൾക്കിടയിൽ പ്രതിഷേധമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..