29 March Friday
നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി , 2 എകെ47 റൈഫിളും ഗ്രനേഡുകളും പിടിച്ചു

ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്

എം പ്രശാന്ത്Updated: Sunday Jul 3, 2022


ന്യൂഡൽഹി
പ്രവാചകനിന്ദയുടെ പേരിൽ ഉദയ്‌പുരിൽ കനയ്യലാലിനെ കൊലപ്പെടുത്തിയവരുടെ സംഘപരിവാർ ബന്ധം പുറത്തായതിനുപിന്നാലെ ബിജെപി നേതാവുകൂടിയായ ലഷ്‌കറെ ഭീകരനെ ജമ്മുവിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജമ്മുവിലെ ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ഐടി–- സോഷ്യൽ മീഡിയ ഇൻചാർജായ താലിബ്‌ ഹുസൈൻ ഷായെയും കൂട്ടാളിയെയുമാണ്‌ ആയുധസഹിതം പിടികൂടിയത്‌. ഇവരിൽനിന്ന്‌ രണ്ട്‌ എകെ47 റൈഫിളും ഗ്രനേഡുകളും മറ്റ്‌ വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഞായർ രാവിലെ ജമ്മുവിലെ റിയാസി മേഖലയിൽ നിന്നാണ്‌ താലിബ്‌ നാട്ടുകാരുടെ കൈയിലകപ്പെട്ടത്‌. രജൗരിയിൽ ഒരാളെ കൊലപ്പെടുത്തിയതിലും രണ്ട്‌ സ്‌ഫോടനം ആസൂത്രണം ചെയ്‌തതിലും ഇയാൾ പങ്കാളിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. അമർനാഥ്‌ യാത്രികരെ ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.

മെയ്‌ ഒമ്പതിനാണ്‌ താലിബിനെ ജമ്മു മേഖലയുടെ ഐടി–- സോഷ്യൽ മീഡിയാ തലവനായി ബിജെപി നിയമിച്ചത്‌. അതിനുമുമ്പും ജമ്മുവിലെ ബിജെപി പരിപാടികളിൽ സജീവമായിരുന്നു. നേതാക്കളുമായും അടുത്തബന്ധമുണ്ട്‌.

ബിജെപി ജമ്മുകശ്‌മീർ പ്രസിഡന്റ്‌ രവീന്ദ്ര റെയ്‌നയടക്കം നിരവധി മുതിർന്ന നേതാക്കളുമായി താലിബ്‌ സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നു. അതേസമയം, ഓൺലൈൻ അംഗത്വം വഴി കുഴപ്പക്കാർ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുകയാണെന്ന്‌ ബിജെപി ജമ്മു വക്താവ്‌ ആർ എസ്‌ പത്താനിയ അവകാശപ്പെട്ടു. ഭീകരനെ പിടികൂടിയ നാട്ടുകാർക്ക്‌ പൊലീസ്‌ രണ്ടുലക്ഷം രൂപയും ലെഫ്‌. ഗവർണർ അഞ്ചുലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചു. ഒരു മാസത്തിലേറെയായി താലിബ്‌ നിരീക്ഷണത്തിലായിരുന്നെന്ന്‌ പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top