കൊല്ലം > ജില്ലയിലെ ബിജെപിയിലെ പുകച്ചിൽ പൊട്ടിത്തെറിയുടെ വക്കിൽ. പ്രസിഡന്റ് ബി ബി ഗോപകുമാർ ഒരുഭാഗത്തും മുൻ പ്രസിഡന്റുമാരും മറ്റുനേതാക്കളും മറുഭാഗത്തുമായി തുടരുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ജില്ലാ പ്രസിഡന്റ് അധ്യക്ഷനാകുന്ന പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എതിർപക്ഷം. ജനസംഘം കാലംമുതൽ ജില്ലയിൽ സംഘപരിവാർ നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കളും പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്.
തങ്ങളാണ് യഥാർഥ ബിജെപിക്കാരെന്നും ഗോപകുമാറിനെ ചിലർ അവരുടെ താൽപ്പര്യത്തിന് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചതാണെന്നും എതിർപക്ഷം പറയുന്നു. നേതൃത്വത്തിനെതിരെയുള്ള അമർഷം പുകയുന്നതിനിടെ കല്ലുവാതുക്കലിലെ സംഭവവും ജില്ലാ പ്രസിഡന്റിനു തിരിച്ചടിയായി. കല്ലുവാതുക്കൽ പഞ്ചായത്തിൽ ഒപ്പമുണ്ടായിരുന്ന ഏഴ് അംഗങ്ങളിൽ നാലുപേർ വിട്ടുപോയത് ജില്ല–-സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ഗോപകുമാർ വിരുദ്ധവിഭാഗം കുറ്റപ്പെടുത്തുന്നു.
തഴയപ്പെട്ട് അതൃപ്‌തിയിൽ കഴിയുന്ന നേതാക്കളെ തിരിച്ചുകൊണ്ടുവരാൻ പുതിയ സംഘടനാ സെക്രട്ടറി കെ സുഭാഷ് നടത്തിയ ശ്രമങ്ങളും വെളുക്കാൻതേച്ചത് പാണ്ടായി എന്ന അവസ്ഥയിലാക്കി. പുനഃസംഘടനയിൽ അവഗണിക്കപ്പെട്ട യുവമോർച്ച മുൻ സംസ്ഥാന ജനറൽസെക്രട്ടറി ജി ഹരി രാജിവച്ചത് ഇതിനു തെളിവാണ്. കർഷകമോർച്ച മുൻ സംസ്ഥാന സെക്രട്ടറിയായ ഹരിയെ പുനഃസംഘടനയിൽ ട്രേഡേഴ്‌സ് സെൽ സംസ്ഥാന സമിതിയിലാണ് ഉൾപ്പെടുത്തിയത്.
ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വയയ്ക്കൽ മധു, ദക്ഷിണ മേഖലാ മുൻ ജനറൽ സെകട്ടറി ജി ഗോപകുമാർ എന്നിവരെ കൾച്ചറൽ, ലീഗൽ സെല്ലുകളുടെ സംസ്ഥാന സമിതിഅംഗങ്ങൾ മാത്രമാക്കി ഒതുക്കി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിരുദ്ധരുടെ കൂട്ടായ്‌മയായ അടൽജി ഫൗണ്ടേഷൻ ചുമതലക്കാരാണ് മൂവരും. ജില്ലയിൽ ബിജെപിയുടെ ഒരു ഘടകവും ചലിക്കുന്നില്ലെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പ്രാദേശിക പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഫൗണ്ടേഷൻ നേതാക്കൾ പറയുന്നു.
ജില്ലാ പ്രസിഡന്റും ആർഎസ്‌എസ് നേതൃത്വവുമായി അകൽച്ച തുടങ്ങിയിട്ട് നാളേറെയായി. ബിജെപിയുടെ വളർച്ച താഴോട്ടാണെന്ന് ആർഎസ്‌എസ് യോഗങ്ങളിലും വിമർശനമുയർന്നു. നൽകുന്ന ഫണ്ടിന്റെ വിനിയോഗത്തിന് കണക്കില്ലെന്നും നേരത്തെ വിമർശം ഉണ്ടായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ഗോപകുമാർ സ്ഥാനാർഥിയായാൽ വിമത സ്ഥാനാർഥിയെ നിർത്താൻ ആലോചിക്കുകയാണ് അടൽജി ഫൗണ്ടേഷൻ നേതാക്കൾ ജില്ലയിലെ സംഘടനയെ തകർക്കാൻ കൂട്ടുനിൽക്കുന്ന കെ സുരേന്ദ്രനും വി മുരളീധരനും മത്സരിക്കുന്നിടത്തും സ്ഥാനാർഥിയെ നിർത്തുന്നത് വിമതപക്ഷത്തിന്റെ ആലോചനയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..