23 April Tuesday

തന്ത്രങ്ങൾക്ക്‌ തിരിച്ചടി ; പ്രതീക്ഷിത സീറ്റുകൾ വെട്ടിക്കുറച്ച്‌ ബിജെപി

പ്രത്യേക ലേഖകൻUpdated: Thursday Mar 23, 2023


തിരുവനന്തപുരം
ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട്‌ സീറ്റ്‌ മാത്രം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. 10 സീറ്റ്‌ പിടിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട്‌ പ്രകാശ്‌ ജാവ്‌ദേക്കർ അഞ്ചായി കുറച്ചു. ന്യൂനപക്ഷങ്ങളെ ചാക്കിലാക്കാനുള്ള നീക്കത്തിന്‌ കാര്യമായ പ്രതികരണമില്ലെന്നുകണ്ട്‌ ഇപ്പോൾ സീറ്റ്‌ രണ്ടാക്കി. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളാണ്‌ സ്വപ്‌നം കാണുന്നത്‌.   ചില മതനേതാക്കൾ ബിജെപിയോട്‌ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിലും ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിലെ സാധാരണക്കാരിൽനിന്ന്‌ അനുകൂല സമീപനമില്ലെന്നാണ്‌ നേതൃത്വത്തിന്റെ വിലയിരുത്തൽ.

തൃശൂരിൽ വന്നപ്പോൾ അമിത്‌ ഷാ പ്രതീക്ഷിച്ച ന്യൂനപക്ഷ പങ്കാളിത്തം  ഉണ്ടായില്ല. ന്യൂനപക്ഷ മോർച്ച ചെയർമാനാകാൻ അനുവദിക്കണമെന്ന്‌  മുൻ ബിഷപ് സിനഡിന്‌ കത്തുനൽകിയെങ്കിലും അംഗീകരിച്ചില്ല. ക്രൈസ്തവ പാർടിക്കായുള്ള ശ്രമം ബിജെപി തുടരുന്നുണ്ടെങ്കിലും സമുദായ അംഗങ്ങളിൽനിന്ന്‌ പിന്തുണയില്ല. ഒടുവിൽ പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത എതിർപ്പ്‌ ഉയരുന്നതും തിരിച്ചടിയായി.

കാസർകോട്‌, പത്തനംതിട്ട അടക്കമുള്ള 10 മണ്ഡലം പിടിക്കാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദമാണ്‌ ആദ്യം കേന്ദ്രം തള്ളിയത്‌. മഞ്ചേശ്വരം, കാസർകോട്‌ നിയമസഭാ മണ്ഡലങ്ങളിലുള്ള ചെറിയ സ്വാധീനംകൊണ്ട്‌ ലോക്‌സഭാ മണ്ഡലം പിടിക്കാനാകില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്‌, തൃശൂർ മണ്ഡലങ്ങളിൽ പ്രതീക്ഷയുണ്ടെന്ന്‌ നേരത്തെ ജാവ്‌ദേക്കർ പറഞ്ഞിരുന്നു. ഇപ്പോൾ പാലക്കാടും മാവേലിക്കരയും ആറ്റിങ്ങലും ഉപേക്ഷിച്ചു. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽനിന്ന്‌ പരമാവധി കോൺഗ്രസ്‌ വോട്ടുകൾ പിടിക്കലാണ്‌ ലക്ഷ്യം.

കൈസ്തവർക്ക്‌ സ്വാധീനമുള്ള വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ ഉപയോഗിച്ച തന്ത്രങ്ങൾ ഇറക്കിയും തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ് ചില വികസനപ്രഖ്യാപനങ്ങൾ നടത്തിയും ഏതാനും സീറ്റ്‌ പിടിക്കാമെന്നാണ്‌ കണക്കുകൂട്ടൽ. നരേന്ദ്ര മോദി തന്നെയാണ്‌ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്‌. എന്നാൽ, ചില ഏജന്റുമാർ വഴി കേരളത്തിൽ നടത്തിയ അന്വേഷണത്തിൽനിന്ന്‌ അനുകൂല വിവരമല്ല മോദിക്ക്‌ ലഭിച്ചത്‌. ഇതോടെയാണ്‌ മണ്ഡലത്തിന്റെ എണ്ണം വീണ്ടും വെട്ടിക്കുറച്ചത്‌. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജാഥ നടത്തിയാൽ ഗുണമുണ്ടാകില്ലെന്ന്‌ കേന്ദ്രം വിലയിരുത്തിയതും ഇതേത്തുടർന്നാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top