29 March Friday

റെയിൽവേ ജോലി തട്ടിപ്പ്‌: ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറിക്കെതിരെ പരാതി; ഒതുക്കാൻ നേതൃത്വം

സ്വന്തം ലേഖകൻUpdated: Friday Jul 29, 2022

ഇടുക്കി> ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്തതായി ആക്ഷേപം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ ചുമതലയുള്ള കട്ടപ്പന സ്വദേശിയായ നേതാവാണ്‌ 39 പേരിൽനിന്ന് ആറര ലക്ഷം രൂപ വീതം തട്ടിയെടുത്തത്‌. ഇയാൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംഘടന സെക്രട്ടറിമാരായ എം ഗണേഷൻ,  കെ സുഭാഷ്‌  എന്നിവർക്ക് ബിജെപി ഉടുമ്പൻചോല നിയോജകമണ്ഡലം മുൻ പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ പരാതി നൽകി. തട്ടിപ്പിൽ ജില്ലയിലെ ഉന്നത നേതാവിനും പങ്കുള്ളതായാണ്‌ വിവരം.

രാധാകൃഷ്ണന്റെ മകൻ, ബിജെപി പ്രവർത്തകനായ അയൽവാസിയുടെ മകൻ എന്നിവരിൽനിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി . ബിജെപി നേതാക്കളായ എ ഗണേഷ്, കെ സുഭാഷ് എന്നിവർ കഴിഞ്ഞദിവസം കട്ടപ്പനയിലെത്തി അന്വേഷണം നടത്തിയിരുന്നു. തട്ടിപ്പിനിരയായവർ പണം തിരികെ ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.ഏഴുമാസം മുമ്പാണ്‌ റെയിൽവേ ജോലി വാഗ്ദാനം ചെയ്‌ത് പണപ്പിരിവ് ആരംഭിച്ചത്‌. തുടർന്ന് തൃശൂർ, കോയമ്പത്തൂർ, കർണാടകം എന്നിവിടങ്ങളിൽ അഭിമുഖം നടത്തുകയും മൂന്നുമാസത്തിനുള്ളിൽ ജോലി ശരിയാക്കിത്തരാമെന്നും അറിയിച്ചു. പിന്നീട് നേതാവ് ഒഴിഞ്ഞുമാറിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും കോടികൾ തട്ടിയതാണ് വിവരം.

സമാനവിഷയത്തിൽ ഒരുമാസം മുമ്പ് പത്തനംതിട്ടയിൽനിന്നും യുവതിയും തിരുവനന്തപുരത്തുനിന്നും യുവാവും പൊലീസ് പിടിയിലായിരുന്നു. മധ്യമേഖല ജനറൽ സെക്രട്ടറി വാങ്ങിയ പണം തിരികെ കൊടുപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ആരോപണവിധേയനായ നേതാവിനെ മുമ്പും വിവാദങ്ങളിൽപെട്ട്‌ സംഘടനാചുമതലയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top