20 April Saturday
സ്വതന്ത്ര വഴിയിൽ ബിഡിജെഎസ്‌

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ തോൽവി ; അന്വേഷണസമിതിയെ ഞെട്ടിച്ച്‌ ‘ഔദ്യോഗിക’ പരാതികളും

ദിനേശ്‌ വർമUpdated: Tuesday Sep 7, 2021


തിരുവനന്തപുരം
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഔദ്യോഗിക ഗ്രൂപ്പുകാർതന്നെ പരാതിക്കെട്ടഴിച്ചത്‌ അന്വേഷണ സമിതിയെ ഞെട്ടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവി അന്വേഷിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതി മുമ്പാകെയാണ്‌ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ പരാതി ഉയർന്നത്‌. പക്വതയില്ലാത്ത പെരുമാറ്റവും പുറമേയ്‌ക്കെങ്കിലും ഗ്രൂപ്പിനതീതനാണെന്ന തോന്നൽ ഉണ്ടാക്കാത്തതും വിനയായെന്നും സുരേന്ദ്രന്റെ അനുയായികൾതന്നെയാണ്‌ പരാതിപ്പെട്ടത്‌. റിപ്പോർട്ട്‌ ചർച്ചചെയ്യാൻ ഈ ആഴ്‌ച കോർകമ്മിറ്റി ചേരും.

വലിയ പ്രതീക്ഷയോടെയാണ്‌ സുരേന്ദ്രന്റെ അധ്യക്ഷപദവിയെ കണ്ടത്‌. സ്ഥാനമേറ്റ്‌ താമസിയാതെ ബിജെപി ദീർഘകാലത്തെ അധ്വാനംകൊണ്ട്‌ നേടിയ വിശ്വാസ്യത തകർത്തു. ഫണ്ട്‌ വിതരണത്തിൽപോലും പക്ഷപാതമുണ്ടായി. ഗ്രൂപ്പ്‌ മാനേജരായി അധഃപതിച്ചു. തെരഞ്ഞെടുപ്പ്‌ സമയത്തെ  പ്രസ്താവനകൾ പാളി. സ്ഥാനാർഥി നിർണയത്തിലടക്കം ചില മണ്ഡലങ്ങളോട്‌ കാണിച്ച അവഗണന ഗുരുതരമായി ബാധിച്ചുവെന്നും ഔദ്യോഗിക വിഭാഗക്കാർതന്നെ പരാതിപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന്റെയും സുരേന്ദ്രന്റെയും തന്നിഷ്ടത്തിൽ  മുതിർന്ന നേതാക്കളടക്കം പ്രകോപിതരായി രംഗത്തിറങ്ങാൻ  ഇടയായെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അഞ്ചംഗ സമിതിയിൽ എ എൻ രാധകൃഷ്ണനും എം ടി രമേശും മാത്രമാണ്‌ ഔദ്യോഗിക വിരുദ്ധ പക്ഷത്തുള്ളത്‌. സി കൃഷ്ണകുമാർ, ജോർജ്‌ കുര്യൻ, പി സുധീർ എന്നിവരാണ്‌ സുരേന്ദ്രൻ അനുകൂലികൾ. തെളിവ്‌ നൽകാൻ വന്നവരിൽ ബഹുഭൂരിപക്ഷവും നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ  റിപ്പോർട്ടിലെ പ്രധാനഭാഗം സുരേന്ദ്രനെതിരായ വിമർശമായി.

സ്വതന്ത്ര വഴിയിൽ ബിഡിജെഎസ്‌
ബിഡിജെഎസിനെക്കൊണ്ട്‌ ഒരു പ്രയോജനവും ലഭിച്ചില്ലെന്ന്‌ അന്വേഷണ സമിതി റിപ്പോർട്ട്‌ നൽകിയ സാഹചര്യത്തിൽ സ്വതന്ത്ര നിലപാടെടുത്ത്‌ മുന്നോട്ടു പോകാൻ ബിഡിജെഎസ്‌. 17ന്‌ ജനജാഗ്രത സദസ്സുമായി ബന്ധപ്പെട്ട്‌ യോഗംചേർന്ന്‌ ഭാവിപരിപാടികൾക്ക്‌ രൂപം നൽകിയേക്കും. ദളിത്‌, പിന്നോക്ക പ്രശ്നങ്ങൾ ഉന്നയിച്ച്‌ മുന്നോട്ടുപോകും. എൻഡിഎ വിളിക്കാനുള്ള  അഭ്യർഥന ബിജെപി ചെവിക്കൊണ്ടില്ല.  തെരഞ്ഞെടുപ്പ്‌ ചുമതലയുണ്ടായിരുന്ന ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഗണേഷ്‌, നോബിൾ മാത്യു എന്നിവർ ബിഡിജെഎസിനെ ഇല്ലാതാക്കാൻ ശ്രമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top