19 April Friday

കൊല്ലത്തെ ബിജെപി വോട്ടുകച്ചവടം സ്ഥിരീകരിച്ച് നേതാക്കള്‍: ബിജെപിയില്‍ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

കൊല്ലം.>
കൊല്ലത്ത് ബിജെപി വോട്ടുമറിക്കുമെന്ന‌് യുവമോർച്ച നേതാവ്. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ‌് അഡ്വ. ആർ എസ് പ്രശാന്താണ് വോട്ടുകച്ചവടത്തെ തുറന്നെതിർത്ത് രംഗത്തെത്തിയത‌്. നേതാക്കളുടെ അറിവോടെയുള്ള വോട്ടുകച്ചവടത്തിൽ പ്രതിഷേധിച്ച് മേക്ക് എ  മിഷനെന്ന പേരിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ  സംഘടനയ്ക്ക് രൂപംനൽകിയതായി പ്രശാന്ത‌് പറഞ്ഞു.

ആര്‍ എസ് പ്രശാന്ത്

ആര്‍ എസ് പ്രശാന്ത്

ബിജെപി വോട്ട് ബിജെപിക്ക്  കിട്ടണമെന്ന് ആഗ്രഹിക്കുന്ന  നൂറുകണക്കിനുപ്രവർത്തകരിൽ നിരാശയുണ്ടാക്കുന്നതാണ് നേതൃത്വത്തിന്റെ സമീപനം. മറ്റൊരുസ്ഥാനാർഥിയെ  ജയിപ്പിക്കേണ്ട ബാധ്യത ബിജെപി ഏറ്റെടുക്കരുതെന്നും പ്രശാന്ത‌് പറഞ്ഞു. നേതാക്കൾക്കുള്ള താൽപര്യം പ്രവർത്തകരിൽ അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ല. എല്ലാവരിലും സംശയം ജനിപ്പിക്കുന്നതാണ് ചിലരുടെ സമീപനം. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾത്തന്നെ ഇത് പ്രകടമായിരുന്നു. അണികളിലുണ്ടായ സംശയം മാറ്റാൻ ഇതുവരെ നേതൃത്വം ഇടപെട്ടില്ല. കൊല്ലത്ത് എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണവും പേരിനുമാത്രമാണെന്നും പ്രശാന്ത‌് പറഞ്ഞു.

പ്രതിഷേധം വിവാദമായതിനെതുടർന്ന‌്  കൊല്ലത്ത് ബിജെപി മണ്ഡലം കമ്മറ്റിയോഗം വ്യാഴാഴ‌്ച ചേർന്നു. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതിൽ  തുടക്കത്തിൽതന്നെ എതിർപ്പുയർന്നിരുന്നു. ബാഹ്യ ഇടപെടലുണ്ടായി എന്ന‌് ആരോപിച്ച് യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം സനിൽ വാസവനാണ്  നേരത്തെ രംഗത്തുവന്നത‌്. ബിജെപി ലീഗൽ സെൽ മുൻ ജില്ലാ കൺവീനർ അഡ്വ. കല്ലൂർ കൈലാസ്‌നാഥും  എതിർപ്പുമായി രംഗത്തുണ്ട്. ന്യൂനപക്ഷ മോർച്ചയുടെ  സംസ്ഥാന പ്രസിഡന്റാണ് കൊല്ലത്തെ സ്ഥാനാർഥി കെ വി സാബു.  സുരേഷ്‌ഗോപി, അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ, എൻജിഒ സംഘ്  മുൻസംസ്ഥാന പ്രസിഡന്റ് ശ്യാംകുമാർ എന്നിവരുടെ  പേരുകൾ കൊല്ലത്തേക്ക‌് പരിഗണിച്ചിരുന്നു. നേതൃത്വം നിർദേശിച്ചാൽ മത്സരിക്കാനുള്ള സന്നദ്ധത സുരേഷ്‌ഗോപി അറിയിക്കുകയുംചെയ്തു. എന്നാൽ, നേതൃത്വം ബോധപൂർവം ഇത് ഒഴിവാക്കുകയായിരുന്നു.  ഒടുവിൽ  സാബു എത്തിയതിനു പിന്നിൽ യുഡിഎഫ് സ്ഥാനാർഥിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണെന്ന ആക്ഷേപം  ശക്തമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top