25 April Thursday
കെ സുരേന്ദ്രനും മകനും സാക്ഷികൾ

സുരേന്ദ്രൻ
 സൂത്രധാരൻ , കവർച്ച ചെയ്‌ത പണം ബിജെപിയുടേത്‌ ; 625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികൾ

സി എ പ്രേമചന്ദ്രൻUpdated: Friday Jul 23, 2021


തൃശൂർ
ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങൾക്കായി കുഴൽപ്പണം കടത്തിയത്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെയെന്ന്‌ കുറ്റപത്രം. കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷകസംഘം ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബംഗളൂരുവിൽനിന്നാണ്‌ ബിജെപി  ഹവാലപണം ഇറക്കിയതെന്നും വ്യക്തമാക്കുന്നു. കുഴൽപ്പണ കവർച്ചാകേസിന്റെ ആദ്യഘട്ട കുറ്റപത്രമാണ്‌ എസിപി വി കെ രാജു വെള്ളിയാഴ്‌ച സമർപ്പിച്ചത്‌.

625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളാണുള്ളത്‌. കെ സുരേന്ദ്രനും  മകൻ ഹരികൃഷ്‌ണനും സാക്ഷികളാണ്‌. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ,  തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ, മേഖലാ സെക്രട്ടറി കാശിനാഥൻ,  ജില്ലാ ജനറൽ സെക്രട്ടറി ഹരി, ട്രഷറർ സുജയ്‌സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെ  ജി കർത്ത തുടങ്ങിയ നേതാക്കളും ധർമരാജനും ഉൾപ്പെടെ 219  സാക്ഷികളുണ്ട്‌. ബിജെപി നേതാക്കളെ  ചോദ്യം ചെയ്‌തതിന്റെ വിശദാംശങ്ങൾ, ധർമരാജനും ബിജെപി നേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവയും കുറ്റപത്രത്തിലുണ്ട്‌.   

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിച്ച  കുഴൽപണത്തിൽ 6.3 കോടി തൃശൂരിൽ കൈമാറി. മൂന്നരക്കോടി ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ എത്തിക്കാനായിരുന്നു ഇടനിലക്കാരൻ ധർമരാജന്‌ സംഘടനാ സെക്രട്ടറി എം ഗണേശനും ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷും നൽകിയ നിർദേശം. കവർച്ച ചെയ്‌ത മൂന്നരക്കോടിയിൽ ഒന്നരക്കോടിയോളം രൂപയാണ്‌  ഇതുവരെ കണ്ടെത്തിയത്‌. ശേഷിക്കുന്ന പണം കണ്ടെത്താൻ തുടരന്വേഷണം ആവശ്യമാണ്‌.

ഏപ്രിൽ മൂന്നിന്‌ പുലർച്ചെയാണ്‌ കൊടകരയിൽ കാറപകടം സൃഷ്ടിച്ച്‌ കവർച്ച നടത്തിയത്‌. ഏഴിനാണ്‌ പരാതി നൽകിയത്‌. 25 ലക്ഷം കവർന്നതായാണ്‌  ധർമരാജന്റെ ഡ്രൈവർ ഷംജീർ ആദ്യം പരാതിപ്പെട്ടത്‌. പിന്നീട്‌ അന്വേഷണത്തിലാണ്‌ കുഴൽപ്പണ ഇടപാട്‌ പുറത്തായത്‌.

ഇഡി അന്വേഷിക്കണം
തെരഞ്ഞെടുപ്പിന്‌ മൂന്നുനാൾമുമ്പുള്ള കുഴൽപ്പണ ഇടപാട്‌  ചട്ടലംഘനമാണ്‌. തെരഞ്ഞെടുപ്പ്‌ അട്ടിമറി സാധ്യതയുമുണ്ട്‌. ഇവയും  അന്വേഷിക്കുമെന്നും കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുംവിധമുള്ള ഇടപാട്‌  കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷിക്കണമെന്നും കുറ്റപത്രം ആവശ്യപ്പെടുന്നു.  പൊലീസ്‌ കണ്ടെത്തലുകളും കുറ്റപത്രത്തിന്റെ കോപ്പിയും ഇഡിക്കും ആദായനികുതിവകുപ്പിനും കൈമാറും.

തൃശൂരിൽ ഇറക്കിയത്‌ 6.3 കോടി  
കൊടകരയിൽ  കവർച്ച ചെയ്‌ത പണത്തിനു പുറമെ തൃശൂരിൽ 6.3 കോടിരൂപ കുഴൽപ്പണം കൈമാറിയതായി കുറ്റപത്രം. തൃശൂർ ജില്ലയിലെ ബിജെപി നേതാക്കൾക്കാണ്‌ പണം കൈമാറിയത്‌.  മറ്റു പല ജില്ലകളിലും ധർമരാജൻ വഴി കുഴൽപ്പണം എത്തിച്ചതായും കുറ്റപത്രത്തിലുണ്ട്‌.  ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയിൽ പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോർട്ടിലാണ്‌  ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്‌.

തൃശൂരിൽ 6.3 കോടി കുഴൽപ്പണം കൈമാറിയെന്ന്‌ കുറ്റപത്രത്തിൽ വ്യക്തമാക്കിയതോടെ ജില്ലാ നേതാക്കൾ കുരുക്കിലായി. കേസിന്റെ തുടക്കംമുതൽ ജില്ലാ നേതാക്കളുടെ പങ്ക്‌ അന്വേഷകസംഘം വ്യക്തമാക്കിയിരുന്നു. കുഴൽപ്പണ സംഘത്തിന്‌ തൃശൂരിൽ താമസ സൗകര്യമൊരുക്കിയത്‌ ബിജെപി ജില്ലാനേതാക്കളാണ്‌. 

കവർച്ചനടന്നയുടൻ ധർമരാജനേയും പ്രതി റഷീദിനേയും കൂട്ടി  മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ്‌സേനൻ എന്നിവർ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തി. കൊടകര പൊലീസിൽ വിവരം അറിയിക്കാതെ മറച്ചുവച്ചു.  പിന്നീട്‌ നാലുദിവസം കഴിഞ്ഞാണ്‌ പരാതി നൽകിയത്‌.  തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ പ്രതിയെ ജില്ലാകമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.  ഇക്കാര്യങ്ങളെല്ലാം പൊലീസ്‌ കോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടിലുണ്ട്‌.

കവർച്ചക്കേസിൽ 22 പ്രതികൾ
കൊടകര കുഴൽപ്പണക്കേസിന്റെ കുറ്റപ്പത്രത്തിൽ  ആദ്യഘട്ടം 22 പ്രതികൾ. കവർച്ചയിൽ നേരിട്ട്‌ പങ്കാളികളായവരും പ്രതികൾക്ക്‌ സംരക്ഷണം നൽകിയവരുമാണ്‌  നിലവിൽ പ്രതിപ്പട്ടികയിലുള്ളത്‌. കവർച്ചയ്‌ക്കായി പ്രത്യേകം അറകളുള്ള കാറാണ്‌ സംഘം തയ്യാറാക്കിയിട്ടുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.  എർടിഗ കാറിൽ പ്രത്യേകം അറകളിലാണ്‌ പണം സൂക്ഷിച്ചിരുന്നത്‌. 

കേസിൽ കണ്ണൂർ, കോഴിക്കോട്‌, തൃശൂർ ജില്ലകളിലുള്ള  മുഹമ്മദ്‌ അലി,  എം കെ സുജീഷ്‌,  രഞ്ജിത്ത്‌, ദീപക്‌,  അരീഷ്‌, മാർട്ടിൻ,  ലബീബ്‌, അഭിജിത്ത്‌,  ബാബു,    അബ്ദുൾ ഷാഹിദ്‌, ഷുക്കൂർ, അബ്ദുൾ ബഷീർ,  അബ്ദുൾ സലാം,  അബ്ദുൾ റഹീം,  ഷിഗിൽ,   അബ്ദുൾ റഷീദ്‌,  റൗഫ്‌, മുഹമ്മദ്‌ഷാഫി,  എഡ്‌വിൻ, ദീപ്‌തി,  സുൾഫിക്കർ അലി, റാഷിദ്‌  എന്നിവരാണ്‌ നിലവിൽ പ്രതികൾ. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളുണ്ടാവും.

കേസിൽ ഡിഐജി എ അക്‌ബറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച്‌ എസ്‌പി എം ജെ  സോജൻ, എസിപി വി കെ രാജു, ഇൻസ്‌പെക്ടർമാരായ പി പി ജോയ്‌,  ബെന്നി ജേക്കബ്‌, സബ്‌ ഇൻസ്‌പെക്ടർമാരായ സിനോജ്‌, ബെന്നഡിക്ട്‌, ബിനൻ, രാജൻ, അസി. സബ്‌ ഇൻസ്‌പെക്ടർമാരായ അനിൽ, രാജീവ്‌, സതീശൻ,  സൈബർ പൊലീസ്‌ ഉദ്യോഗസ്ഥരായ  ബിനു,  വിനോദ്‌ ശങ്കർ,  ജെറിൻ, ശ്രീജിത്ത്‌ എന്നിവരടങ്ങിയ സംഘമാണ്‌ അന്വേഷണം നടത്തിയത്‌.  സ്‌പെഷ്യൽ  പ്രോസിക്യൂട്ടറായി അഡ്വ. എൻ കെ ഉണ്ണികൃഷ്‌ണനെ സർക്കാർ നിയമിച്ചിട്ടുണ്ട്‌.

ധർമരാജൻ വഴി  കേരളത്തിലെത്തിച്ചത്‌ 40 കോടി കുഴൽപ്പണം
നിയമസഭാ തെരഞ്ഞെടുപ്പിൽ  ധർമരാജൻ വഴി  40 കോടി കുഴൽപ്പണം  ബിജെപി കേരളത്തിലിറക്കിയതായി കുറ്റപത്രം. ഈ പണം  വിവിധ ജില്ലകളിലെ ബിജെപി നേതാക്കൾക്ക്‌ എത്തിച്ചു. കർണാടകയിൽനിന്ന്‌ 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന്‌ 23 കോടിയും സമാഹരിച്ചു.  മാർച്ച്‌ അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ ഈ സംഖ്യ വിതരണം ചെയ്‌തു. മാർച്ച്‌ ആറിന്‌ ബംഗളൂരുവിൽനിന്ന്‌ സേലംവഴി ധർമരാജന്റെ സഹോദരൻ ധനരാജൻ വഴി കൊണ്ടു വന്ന 4.40 കോടി സേലത്തുവച്ച്‌ കവർന്നതായും കുറ്റപത്രത്തിൽ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top