19 April Friday
ഇനി സാവകാശം അനുവദിക്കില്ലെന്ന്‌ കോടതി

കുഴൽപ്പണം ഇടപാട്‌ : അന്വേഷണത്തിന്‌ നാലാമതും സാവകാശം തേടി ഇഡി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


കൊച്ചി
ബിജെപി നേതാക്കൾ ഉൾപ്പെട്ട  കുഴൽപ്പണം തട്ടിപ്പുകേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഒളിച്ചുകളി തുടരുന്നു. കഴൽപ്പണക്കടത്ത് അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിലപാടറിയിക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ വീണ്ടും ഹൈക്കോടതിയിൽ സാവകാശം തേടി. നാലു മാസത്തിനിടെ നാലാംതവണയാണ് സാവകാശം തേടുന്നത്.

ജൂൺ ഒന്നിന് ഫയൽ ചെയ്ത ഹർജി നാലിന് പരിഗണിച്ചപ്പോൾ ഇഡി ഒരാഴ്ച സാവകാശം തേടി. ജൂൺ 23ന് കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്‌ചകൂടി കോടതി അനുവദിച്ചു. ഈ മാസം ഏഴിന് കേസെടുത്തപ്പോൾ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ചിലരേഖകൾ കിട്ടിയിട്ടുണ്ടെന്നും രണ്ടാഴ്ചകൂടി സമയം വേണമെന്നുമായിരുന്നു ആവശ്യം. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ രണ്ടാഴ്ചകൂടി  കേന്ദ്ര ഏജൻസി സമയം തേടി. ഇനി സാവകാശം അനുവദിക്കില്ലെന്ന്‌ കോടതി അറിയിച്ചു.

ഇഡി അന്വഷണ ഹർജി പരിഗണനയിലിരിക്കെ  പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കുഴൽപ്പണ കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്നും സാഹചര്യങ്ങൾ പരിശോധിച്ചാൽ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കുറ്റകൃത്യത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ്‌ സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാലിന്റെ പരിഗണനയിലുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്‌സ്‌മെന്റ്‌ നടപടിയെടുക്കുന്നില്ലെന്നു കാണിച്ചാണ് ഹർജി. നിയമസഭാ തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണമാണെന്നാണ് ഹർജിയിലെ ആരോപണം. മൂന്നരക്കോടി കേരളത്തിൽ എത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശൂർ കൊടകരയിൽ കാറപകടം സൃഷ്ടിച്ച് പണം തട്ടിയെന്നാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top