28 March Thursday

സുരേന്ദ്രന്‌ ‘ഇടക്കാല ആശ്വാസം’ മാത്രം ; സംസ്ഥാന ബിജെപിയിൽ ആർഎസ്‌എസ്‌ നേരിട്ട്‌ പ്രവർത്തനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


തിരുവനന്തപുരം
അഴിച്ചുപണിയിൽ സ്വന്തം ഗ്രൂപ്പുകാരെ തിരുകിക്കയറ്റാനും ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ തരംതാഴ്‌ത്താനും കഴിഞ്ഞെങ്കിലും കെ സുരേന്ദ്രനും കൂട്ടർക്കും ഇത്‌ അവസാന അവസരം. നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടതിന് പിന്നാലെ നേതാക്കളെ പെട്ടെന്ന്‌ മാറ്റുന്നത്‌ ഗുണം ചെയ്യില്ലെന്നു കണ്ടാണ്‌ ദേശീയ നേതാക്കൾ ‘നേതൃമാറ്റം’ അജൻഡ തൽക്കാലം മാറ്റിയത്‌. ശക്തമായ ഗ്രൂപ്പ്‌ പ്രവർത്തനവും പിന്നോട്ടടുപ്പിച്ചു. നേതൃമാറ്റം കീഴ്‌വഴക്കമാകാൻ സാധ്യതയുണ്ടെന്നതും പരിഗണിച്ചു. എന്നാൽ, സംസ്ഥാന ബിജെപിയിൽ ആർഎസ്‌എസ്‌ നേരിട്ട്‌ പ്രവർത്തനങ്ങൾ തുടങ്ങി. അഴിച്ചുപണി ഒടുവിൽ നേതൃമാറ്റത്തിൽത്തന്നെ എത്തുമെന്ന വിലയിരുത്തലിലാണ്‌ കൃഷ്ണദാസ്‌, -ശോഭ പക്ഷങ്ങൾ.

സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ സംരക്ഷണയിലാണ്‌ സുരേന്ദ്രന്റെ അധ്യക്ഷസ്ഥാനവും വി മുരളീധരന്റെ മന്ത്രിസ്ഥാനവും. പാർടിയെ കരകയറ്റാനായില്ലെങ്കിൽ അതും അടയും. ഗ്രൂപ്പുകളെ നേരിടാൻ സുരേന്ദ്രന്‌ കഴിയില്ലെന്ന്‌ തെളിഞ്ഞു. ‘പ്രമുഖ നേതാക്കൾ ഔദ്യോഗിക വാട്‌സാപ്‌ ഗ്രൂപ്പുകൾ വിടാൻ കണിച്ച ധൈര്യം മതി സുരേന്ദ്രനെ എതിർക്കുന്നവരുടെ ശക്തി എത്രയാണെന്ന്‌ അറിയാൻ. ഇപ്പോൾ കേന്ദ്രം നൽകിയത്‌ ഇടക്കാല ആശ്വാസംമാത്രമാണ്‌ ’ –- കൃഷ്ണദാസ്‌ പക്ഷത്തെ പ്രമുഖ നേതാവ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം ആർഎസ്‌എസ്‌ ദേശീയ ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലെ പങ്കെടുത്ത്‌ നടത്തിയ പ്രചാരകരുടെ യോഗത്തിൽ സംസ്ഥാനത്ത്‌ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുത്തിട്ടുണ്ട്‌. ബിജെപി ദേശീയനേതൃത്വവും ആർഎസ്‌എസും തയ്യാറാക്കിയ റിപ്പോർട്ടുകളിലെല്ലാം സംസ്ഥാന ബിജെപി താഴേതട്ടിൽ തകർന്നുവെന്ന വിലയിരുത്തലാണ്‌. ഔദ്യോഗിക നേതൃത്വം ഒരുസംഘം നേതാക്കളുടെ കൂടാരമായി.   യുപി മാതൃകയിൽ വീടുകൾ എണ്ണി അംഗങ്ങൾക്ക്‌ ചുമതല നിശ്ചയിച്ച്‌ പാർടി പ്രവർത്തിക്കണം. കേന്ദ്ര സർക്കാർ പദ്ധതികൾ വീടുകളിലെത്തിക്കണം. താഴേ തട്ടിലെ അഭിപ്രായങ്ങൾ പരിഗണിക്കണം എന്ന നിർദേശവുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top