19 April Friday

നമ്പറില്ലാത്ത 
രസീതിൽ 100 കോടി 
പിരിക്കാൻ ബിജെപി

പി കെ സജിത്‌Updated: Thursday Dec 1, 2022


കോഴിക്കോട്‌
രസീത്‌ നമ്പറില്ലാത്ത കൂപ്പണുകളുമായി ബിജെപിയുടെ പ്രവർത്തനഫണ്ട്‌ സമാഹരണം. ബുക്കിനും രസീതിനും നമ്പർ പതിക്കാത്തത്‌  ക്രമക്കേട്‌ നടത്താനാണെന്ന ആരോപണം ഉയർത്തി ചില കമ്മിറ്റികൾ ഫണ്ട്‌ പ്രവർത്തനത്തിന്‌ വിസമ്മതം അറിയിച്ചു. നമ്പറില്ലാത്തതിനാൽ കൃത്യമായ കണക്ക്‌ ലഭിക്കാനിടയില്ലെന്നാണ്‌ പരാതി. സംസ്ഥാന കമ്മിറ്റി വിതരണംചെയ്‌ത രസീതിൽ സംസ്ഥാന ട്രഷറർ ഇ കൃഷ്‌ണദാസിന്റെ ഒപ്പാണുള്ളത്‌.  തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വിവാദം കെട്ടടങ്ങാത്ത ബിജെപിയിൽ പുതിയ വിവാദം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ്‌ ചിലരുടെ നീക്കം.

പിരിക്കുന്ന തുക എത്തുന്നില്ലെന്ന പരാതി വ്യാപകമായതോടെ ക്യുആർ കോഡ്‌ വഴി ഫണ്ട്‌ സമാഹരിക്കാനും 10,000  രൂപക്ക്‌ മുകളിലുള്ള ഫണ്ട്‌ ചെക്ക്‌ മുഖേന വാങ്ങാനും ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട്‌ നിർദേശിച്ചിരുന്നു. 100 കോടി രൂപ സമാഹരിക്കാനാണ്‌ തീരുമാനം. ഇതിനായി ബൂത്ത്‌, പഞ്ചായത്ത്‌, മണ്ഡലം, ജില്ലാ കമ്മിറ്റികൾക്ക്‌  ക്വോട്ട നിശ്ചയിച്ചു.  50,  100,  500 രൂപയുടെ കൂപ്പണുകളും രസീത്‌ ബുക്കുകളും കൈമാറി.  ഡിസംബർ 31നകം  പൂർത്തിയാക്കാനാണ്‌ നിർദേശം. 

ബൂത്ത്‌ കമ്മിറ്റി കുറഞ്ഞത്‌ 25,000 രൂപയും പഞ്ചായത്ത്‌ കമ്മിറ്റി 40,000 രൂപയും  നഗരസഭാതലത്തിൽ മൂന്നുലക്ഷവും മണ്ഡലം കമ്മിറ്റി ഏഴുലക്ഷം രൂപയും ജില്ലാ കമ്മിറ്റികൾ 50 ലക്ഷം രൂപയുമാണ്‌ സമാഹരിക്കേണ്ടത്‌.  

കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിച്ച പണത്തിൽ വലിയ തുക നേതൃത്വത്തിൽ ചിലർ ആവിയാക്കിയെന്ന ആരോപണം നിലനിൽക്കേയാണ്‌ പുതിയ ഫണ്ട്‌ ശേഖരണം പ്രവർത്തകരിൽ അസ്വസ്ഥതയുണ്ടാക്കുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്‌ ജില്ലയിലെ മണ്ഡലങ്ങൾക്ക്‌ രണ്ടുകോടി രൂപയായിരുന്നു ഫണ്ട്‌  വിഹിതം നിശ്ചയിച്ചിരുന്നത്‌. നാല്‌ മണ്ഡലങ്ങളിലേക്കായി എട്ടുകോടി കേന്ദ്രം നൽകിയെങ്കിലും നാലരക്കോടിയാണ്‌ കൈമാറിയതെന്ന്‌ പ്രവർത്തകർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top