20 April Saturday

കെ സുരേന്ദ്രന്‍റെ ശബ്ദ സാമ്പിളെടുത്തു; പരാതിയിലുറച്ച് പ്രസീത

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കൊച്ചി > എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന്‌ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്റെ  ശബ്ദ സാമ്പിള്‍ എടുത്തു.  ബത്തേരി ജുഡിഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെതുടർന്ന്‌ ങ്കളാഴ്ച കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന.

പകല്‍ ഒന്നോടെ കെ സുരേന്ദ്രനെത്തി. രാവിലെ ഒമ്പതരയോടെ സാക്ഷി പ്രസീത അഴിക്കോടും ശബ്‌ദപരിശോധനക്ക്‌ ഹാജരായി.  ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധനക്ക് അനുമതി തേടി ക്രൈംബ്രാഞ്ചാണ് കോടതിയെ സമീപിച്ചത്. കോടതി അനുമതി ലഭിച്ചതോടെ ഇരുവർക്കും അന്വേഷണ ഏജൻസിശബ്‌ദപരിശോധനക്ക്‌ ഹാജരാകാൻ നോട്ടീസ്‌ നൽകിയത്‌.  സി കെ  ജാനുവിന്റെ പാർടിയായ ജെആർപിയുടെ  ട്രഷറർ പ്രസീത അഴീക്കോടും കെ സുരേന്ദ്രനും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ശബ്ദപരിശോധനയിലൂടെ ഉറപ്പാക്കാനാകും.  കേസിലെ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രൻ . 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി കെ ജാനുവിന് കൈമാറിയെന്നാണ് ‌പ്രസീതയുടെ ആരോപണം.

പരാതിയിലുറച്ച് പ്രസീത

കൊച്ചി > ബത്തേരി കോഴക്കേസിൽ പരാതിയില്‍ ഉറച്ച് പ്രസീത അഴീക്കോട്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്ന്‌ പ്രസീത ആവർത്തിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദ സാമ്പിള്‍ നല്‍കിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.  ബിജെപി നേതാക്കള്‍ അന്വേഷണത്തെ ഭയക്കുകയാണ്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് ഉപയോ​ഗിക്കാന്‍ നല്‍കിയ മൂന്നരക്കോടി രൂപ ബത്തേരിയില്‍ ഉപയോ​ഗിച്ചിട്ടില്ല.  ആ തുക എവിടെ പോയെന്ന് അന്വേഷിക്കണം. സി കെ ജാനുവിന്റെ സന്തത സഹചാരിയുടെയും സംഘടനാ സെക്രട്ടറി ഗണേഷിന്റേയും നഷ്ടപ്പെട്ട ഫോൺ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top