10 July Thursday

സുരേന്ദ്രന്‍ നേരിട്ടെത്തണം, മൂന്നരക്കോടിയുടെ കണക്ക് പറയണം, ഇല്ലെങ്കില്‍ അടുത്ത 'ബോംബ്' പൊട്ടിക്കും; നിലപാട് കടുപ്പിച്ച് വിമതര്‍

സ്വന്തം ലേഖികUpdated: Sunday Oct 17, 2021

കല്‍പ്പറ്റ > കോഴയില്‍ കലങ്ങി മറിയുന്ന ബിജെപിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അടുത്ത ദിവസം വയനാട്ടില്‍ എത്തുന്ന സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാറിനെ  ബഹിഷ്‌കരിക്കാന്‍ വിമത നീക്കം. കുഴപ്പങ്ങളുടെ കേന്ദ്ര ബിന്ദുവായ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തണമെന്ന് വിമതര്‍  കടുത്ത നിലപാട് സ്വീകരിച്ചതോടെ നേതൃത്വം സമ്മര്‍ദത്തിലായി.

മൂന്നരക്കോടി എങ്ങനെ ചെലവിട്ടു എന്നത് സംബന്ധിച്ച് കെ സുരേന്ദ്രന്‍ നേരിട്ടെത്തി മറുപടി പറയണമെന്നാണ്  ഇവരുടെ പ്രധാന ആവശ്യം. ഇത് നടപ്പായില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷനെതിരെ മറ്റൊരു 'ബോംബ്'  പൊട്ടിക്കാനുള്ള നീക്കത്തിലാണ് വിമതര്‍. വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിയൊരുക്കുന്ന സംഭവത്തിന്റെ എല്ലാ തെളിവുകളുമായാണ്  ഇവര്‍  നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. നവമി കഴിയും വരെ കാത്ത് നില്‍ക്കണമെന്ന അഭ്യര്‍ഥന മാനിച്ചാണ് ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്താത്തതെന്നാണ് വിമത  പക്ഷം.

ജില്ലയില്‍ ഭൂരിഭാഗവും ഔദ്യോഗിക പക്ഷത്തിന് എതിരായതോടെ വിമത ശബ്ദത്തിന് കരുത്തേറുകയാണ്. ഇതോടെ എതിര്‍പ്പുകളെ അടച്ചമര്‍ത്താനുള്ള  സംസ്ഥാന നേതൃത്വത്തിന്റെ നീക്കവും പാളി. കെ സുരേന്ദ്രന്‍ പക്ഷക്കാരായ ജില്ലാ പ്രസിഡന്റ് കെ പി മധു,   കെ സദാനന്ദന്‍, പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കൊപ്പം വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. ബഹുഭൂരിപക്ഷം കമ്മിറ്റികളും നേതാക്കളും പ്രവര്‍ത്തകരും ഔദ്യോഗിക പക്ഷത്തിന് എതിരാണ്.  സി കെ ജാനുവിന്റെ സ്ഥാനാര്‍ഥിത്വം പരസ്യമായി ചോദ്യം ചെയ്തതു മുതല്‍ കെ സുരേന്ദ്രന്റെ കണ്ണിലെ കരടായ മുന്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കറിന്റെ നേതൃത്വത്തിലാണ് വിമതര്‍ പടയൊരുക്കം കൂടുതല്‍ ശക്തമാക്കുന്നത്.

തെരെഞ്ഞടുപ്പിന് ബത്തേരി മണ്ഡലത്തില്‍ മൂന്നരക്കോടി കള്ളപ്പണം എത്തിച്ചതിനെ ചൊല്ലിയുള്ള കലഹമാണ് ബിജെപിയില്‍ ഇപ്പോഴും പുകയുന്നത്. ഈ പണം കൈകാര്യം ചെയ്തതിലുള്ള അഴിമതി ചൂണ്ടിക്കാണിച്ചവരെ നേതൃത്വം പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദമാണ് വന്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. അഴിമതിക്കാരെ സംരക്ഷിച്ച കെ സുരേന്ദ്രന്‍ അവരിലൊരാളെ തന്നെ ജില്ാ ല പ്രസിഡന്റായി തീരുമാനിച്ചതോടെ പ്രതിഷേധം ആളിക്കത്തി. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് നേതൃത്വം തിരുത്തണമെന്നാണ്  ഇവരുടെ പ്രധാന ആവശ്യം. പുനഃസംഘടനയില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top