26 April Friday

വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമം : 
ബിജെപി പ്രവർത്തകരും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


ഈരാറ്റുപേട്ട
ലീഗ് പ്രവർത്തകന്റെ നേതൃത്വത്തിൽ വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും പിടിയിൽ.  ആലപ്പുഴ പൂച്ചാക്കൽ  കിഴക്കേ പൊൻപുറത്ത്  അനന്തു ബോബൻ (26), വൈക്കം പടിഞ്ഞാറേക്കര അരുൺ നിവാസിൽ അരുൺ ബാബു (39), വൈക്കം അക്കരപ്പാടം  പറങ്കിത്തുരുത്തു വീട്ടിൽ  അനന്തു തിലകൻ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.  അരുൺ ബാബു ഉദയനാപുരത്തെ സജീവ ബിജെപി പ്രവർത്തകനും അനന്തു തിലകൻ യുവമോർച്ചയുടെ വൈക്കം മണ്ഡലത്തിലെ നേതാവുമാണ്‌. ഇവരെ പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു. എട്ടംഗ സംഘത്തിലെ  മുഖ്യ പ്രതി ലീഗ് പ്രവർത്തകൻ മുഹമ്മദ് നജാഫ്, ജംഷീർ കബീർ, അഖിൽ ആന്റണി, ഷിബിൻ, ടി എസ്‌ ശരത്‌ലാൽ ഉൾപ്പെടെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈരാറ്റുപേട്ട സ്വദേശി ഷമ്മാസിൽനിന്ന്‌ സംഘം  ബാഗ്‌ തട്ടിയെടുത്തത്‌. ഷമ്മാസിന്റെ പരാതിയിലാണ്‌ അന്വേഷണം നടന്നത്‌. ഷമ്മാസിന്റെ നീക്കങ്ങളെല്ലാം അറിയിച്ചത് നജാഫും ജംഷിറുമായിരുന്നു. പ്രതികൾക്ക് ആവശ്യമായ വാഹനവും മറ്റ് സഹായവും നൽകിയത് ഷിബിനാണ്.

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റ നമ്പർ തിരിച്ചറിഞ്ഞു. നിലമ്പൂർ സ്വദേശിയുടെ പേരിലായിരുന്നു വാഹനം. ഇദ്ദേഹത്തിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷിബിൻ. തുടർന്ന് ഷിബിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി നജാഫുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത്. ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

എസ്ഐ വി വി വിഷ്ണു, സിപിഒ മാരായ കെ ആർ ജിനു, കെ സി അനീഷ്‌,, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ജി നാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top