24 April Wednesday

ചിലയിടത്ത്‌ ചാരം , ചിലയിടത്ത്‌ പുക ; മൂവായിരത്തിലധികം വാർഡിൽ ബിജെപിക്ക്‌ സ്ഥാനാർഥിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

ആഞ്ഞുപിടിച്ചിട്ടും വർഗീയവിഷം കുത്തിക്കയറ്റാൻ ശ്രമിച്ചിട്ടും ബിജെപിക്ക് വഴങ്ങാതെ കേരളം.  സംസ്ഥാനത്ത്  പിടിമുറുക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ 3000 ത്തിലേറെ വാർഡിൽ സ്ഥാനാർഥിയില്ല. കണ്ണൂരിലെ രണ്ട് പഞ്ചായത്തിൽ ഒറ്റ വാർഡിൽപ്പോലും സ്ഥാനാർഥിയെ കിട്ടിയില്ല. മലപ്പുറത്ത്‌ 700 ഇടത്തും സ്ഥാനാർഥിയില്ല.  എൽഡിഎഫ്‌ വിരോധത്തിൽ മാത്രം കോൺഗ്രസിനെ പിന്തുണച്ച്‌ സ്ഥാനാർഥിയെ പിൻവലിച്ച സ്ഥലങ്ങളുമുണ്ട്‌. ബിജെപി കേന്ദ്രങ്ങളിൽ കോൺഗ്രസ്‌ തിരിച്ചും ഇതേ സഹായം ബിജെപിക്ക്‌ നൽകുന്നു!

കാസർകോട്‌
ബിജെപിയുടെ ശക്തികേന്ദ്രമെന്ന് അവർ അവകാശപ്പെടുന്ന ജില്ലയിൽ എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലുൾപ്പെടെ 116 വാർഡിൽ സ്ഥാനാർഥികളില്ല. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 13ൽ എട്ടിൽ മാത്രമാണ്‌ സ്ഥാനാർഥികൾ. മൂന്ന് നഗരസഭയിൽ കാസർകോട് 15ലും കാഞ്ഞങ്ങാട് 10ലും നീലേശ്വരത്ത് 12വാർഡിലും സ്ഥാനാർഥികളില്ല. മൊഗ്രാൽപുത്തൂർ(4), ചെങ്കള (13), ബേഡകം (1), കയ്യൂർ ചീമേനി (11), ചെറുവത്തൂർ (14), പടന്ന (9), മടിക്കൈ (4), കിനാനൂർ -കരിന്തളം (8), പള്ളിക്കര (9), ഉദുമ (1) പഞ്ചായത്തു വാർഡുകളിലും സ്ഥാനാർഥികളില്ല. കോൺഗ്രസുമായി ഒത്തുകളിച്ച്‌ ചിലയിടത്ത്‌ സ്ഥാനാർഥികളെ പിൻവലിച്ചിട്ടുമുണ്ട്‌.

കണ്ണൂർ
ജില്ലയിലാകെയുള്ള 1684 തദ്ദേശ വാർഡിൽ 337ലും ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. 71 ഗ്രാമപഞ്ചായത്തിലെ 1167ൽ 243 വാർഡിലും 11 ബ്ലോക്ക്‌ പഞ്ചായത്തിലെ 149ൽ 15 ഡിവിഷനിലും 8 നഗരസഭയിലെ 289ൽ 79 വാർഡിലുമാണ്‌ സ്ഥാനാർഥികളില്ലാത്തത്‌. മലപ്പട്ടം, ചെറുകുന്ന്‌ പഞ്ചായത്തുകളിലെ ഒരു വാർഡിലും സ്ഥാനാർഥിയില്ല.


 

കോഴിക്കോട്‌
സംസ്ഥാന അധ്യക്ഷന്റെ ജില്ലയിൽ എട്ട്‌‌ ഗ്രാമപഞ്ചായത്ത്‌ വാർഡിലും രണ്ട്‌ നഗരസഭാ വാർഡിലും ബിജെപി സ്ഥാനാർഥികളില്ല. നൊച്ചാട്‌ പഞ്ചായത്ത്‌ 15, 16 വാർഡുകളിലും കടലുണ്ടി നാലാം വാർഡിലും കക്കോടി ഏഴാം വാർഡിലും മണിയൂർ ഒന്നാം വാർഡിലും തിരുവള്ളൂർ 11, 13, 18 വാർഡുകളിലുമാണ്‌‌ സ്ഥാനാർഥികളില്ലാത്തത്‌.  നഗരസഭകളിൽ വടകര 29–-ാം വാർഡിലും കൊയിലാണ്ടി എട്ടാം വാർഡിലും സ്ഥാനാർഥികളില്ല.

വയനാട്‌
ജില്ലയിൽ 74 വാർഡുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. ആകെയുള്ള 23 പഞ്ചായത്തുകളിൽ 44 വാർഡുകളിൽ ബിജെപി മത്സരിക്കുന്നില്ല. നഗരസഭകളിൽ 25 ഡിവിഷനുകളിലും‌ സ്ഥാനാർഥികളില്ല. ബത്തേരി നഗരസഭയിൽ 15 ഡിവിഷനിൽ എൻഡിഎ മത്സരരംഗത്തില്ല. നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകൾ ഉള്ളതിൽ അഞ്ച്‌ ഡിവിഷനുകളിൽ സ്ഥാനാർഥികളില്ല.

മലപ്പുറം
ജില്ലയിലെ 700 ഡിവിഷനിലും ബിജെപി സ്ഥാനാർഥികളില്ല.  223 ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിൽ 190ൽ മാത്രമാണ്‌ സ്ഥാനാർഥികൾ. 12 നഗരസഭയിലെ 479 ഡിവിഷനിൽ 251 ഡിവിഷനിലും സ്ഥാനാർഥികളില്ല. ബിജെപിക്ക്‌ പത്ത്‌ അംഗങ്ങളുള്ള താനൂർ നഗരസഭയിലെ 44 വാർഡിൽ പതിനാലിലും ഇക്കുറി സ്ഥാനാർഥികളില്ല. 20 വാർഡിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുമ്പോൾ പത്തിടത്ത് സ്വതന്ത്രരെ പിന്തുണയ്‌ക്കുന്നു.  94 പഞ്ചായത്തിലെ 1778 വാർഡിൽ 416 വാർഡിലും സ്ഥാനാർഥികളില്ല.

പാലക്കാട്
88 ഗ്രാമപഞ്ചായത്തിലെ 1,490 വാർഡിൽ 395 ലും ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. ഏഴ്‌ നഗരസഭയിലും ബിജെപി –- യുഡിഎഫ്‌ ധാരണയുമുണ്ട്‌. വെള്ളിനേഴി പഞ്ചായത്തിൽ പകുതി വാർഡുകളിൽ മാത്രമാണ്‌ യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയത്‌‌. ഇവിടെ പരസ്‌പരം സഹായിക്കുന്നു. വിളയൂർ പഞ്ചായത്തിൽ 15ൽ ആറ്‌ വാർഡിൽ മാത്രമാണ്  സ്ഥാനാർഥികളുള്ളത്. പൂക്കോട്ടുകാവ്‌ പഞ്ചായത്തിൽ ബിജെപി നാലിടത്തും കോൺഗ്രസ്‌ ഏഴിടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. പരസ്പര സഹായസഹകരണമാണ്‌ ലക്ഷ്യം. പട്ടാമ്പി നഗരസഭയിൽ 28ൽ 20 വാർഡിൽ മാത്രമാണ്‌‌ ബിജെപി‌ മത്സരിക്കുന്നത്‌. ചിറ്റൂർ നഗരസഭയിൽ ഏഴ്‌ വാർഡിലും ബിജെപിയില്ല. 

എറണാകുളം
കൊച്ചി കോർപറേഷനിൽ നമ്പ്യാപുരം, ഈരവേലി, നസ്രേത്ത്‌ ഡിവിഷനുകളിലും‌ ‌സ്ഥാനാർഥിയില്ല‌.  ജില്ലാ പഞ്ചായത്തിലേക്ക്‌ ഉദയംപേരൂരിലും ബിജെപി സ്ഥാനാർഥിയില്ല. നഗരസഭ, ഗ്രാമ, ബ്ലോക്ക്‌  പഞ്ചായത്തിലും പല വാർഡുകളിലും എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ല. ചില പഞ്ചായത്തുകളിൽ പത്തു വാർഡിൽവരെയില്ല. പല്ലാരിമംഗലം പഞ്ചായത്തിൽ 13 വാർഡിൽ ഒന്നിലാണ് എൻഡിഎ ‌.

ആലപ്പുഴ
ആലപ്പുഴ നഗരസഭയിൽ വട്ടയാൽ, വാടയ്ക്കൽ, പവർഹൗസ്, ലജനത്ത്, വഴിച്ചേരി വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടണക്കാട്  ഡിവിഷനിൽ ആസ്തി കാണിക്കാത്തതിനാൽ പത്രിക തള്ളി. കായംകുളം ന​ഗരസഭ 32–-ാം വാർഡിൽ  ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ ബിഡിജെഎസ് റിബലായി മത്സരിക്കുന്നു. ഹരിപ്പാട് ന​ഗരസഭ നാലാംവാർഡിലും മാവേലിക്കര നഗരസഭ 13–-ാം വാർഡിലും ബിജെപിക്ക്‌  റിബലുണ്ട്. സ്ഥാനാർഥികളില്ലാത്തിടങ്ങളിൽ കോൺ​ഗ്രസിനാണ് പിന്തുണ.

കോട്ടയം
204 മുനിസിപ്പൽ വാർഡിൽ ബിജെപി മത്സരിക്കുന്നത്‌ 139 സീറ്റിൽ. ഇതിൽ 77 വാർഡിലും സ്വതന്ത്രരെ പിന്തുണയ്‌ക്കുന്നു. പാലാ നഗരസഭയിൽ 26ൽ ഏഴിടത്തുമാത്രമാണ്‌ ബിജെപി സ്ഥാനാർഥികൾ, മൂന്ന്‌ സീറ്റിൽ മാത്രമാണ്‌  ചിഹ്‌നത്തിൽ മത്സരം. വെള്ളൂർ പഞ്ചായത്തിൽ എട്ടുവാർഡിലും കുമരകത്ത്‌ മൂന്നിടത്തും കോൺഗ്രസിനാണ്‌ പിന്തുണ.  മീനച്ചിലിൽ  ആറിടത്ത്‌ സ്വതന്ത്രരെ പരീക്ഷിക്കുന്നു.  നിലവിൽ രണ്ട്‌ അംഗങ്ങളുണ്ടായിരുന്ന രാമപുരത്ത്‌ ഇക്കുറി നാലിടത്ത് സ്ഥാനാർഥികളില്ല.  കരൂരിൽ നാലിലും കടനാടിൽ ഒമ്പതിടത്തും  ഭരണങ്ങാനത്ത്‌ അഞ്ചും കൊഴുവനാലിൽ എട്ടും  കിടങ്ങൂരിൽ അഞ്ച് വാർഡിലും ബിജെപി രംഗത്തില്ല. ളാലം ബ്ലോക്ക്‌ ഡിവിഷനിൽ മൂന്നിടത്ത്‌ സ്ഥാനാർഥികളില്ല. 

പത്തനംതിട്ട
നഗരസഭയിൽ ആറ്‌ വാർഡിലും അടൂരിൽ ഒമ്പത്‌ വാർഡിലും സ്ഥാനാർഥികളില്ല. റാന്നി ബ്ലോക്ക് പഞ്ചായത്ത് പഴവങ്ങാടി ഡിവിഷനിലും കൊടുമൺ പഞ്ചായത്തിൽ നാല്‌ വാർഡിലും  അങ്ങാടിയിലും പഴവങ്ങാടിയിലും അഞ്ചുവീതം വാർഡുകളിലും റാന്നിയിലും വടശ്ശേരിക്കരയിലും ഓരോ വാർഡിലും വെച്ചൂച്ചിറയിൽ രണ്ടിടത്തും സ്ഥാനാർഥികളില്ല.

ഇടുക്കി
അടിമാലി ബ്ലോക്കിൽ  ദേവിയാർ,  പള്ളിവാസൽ, കല്ലാർ, തൊടുപുഴ ബ്ലോക്കിൽ ഏഴല്ലൂർ, മണക്കാട്, ഡിവിഷനിലും ബിജെപി സ്ഥാനാർഥികളില്ല. കട്ടപ്പന നഗരസഭ വെട്ടിക്കുഴ കവല വാർഡിലും തൊടുപുഴ നഗരസഭയിൽ 14,15,16, 17 വാർഡുകളിലും സ്ഥാനാർഥിയില്ല. അടിമാലി പഞ്ചായത്ത് വാർഡ് നാലിലും മറയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും അയ്യപ്പൻകോവിൽ പഞ്ചായത്തിൽ  6, 2, 3, 4, 7,13 വാർഡുകളിലും സ്ഥാനാർഥികളില്ല.

കൊല്ലം
പുനലൂർ നഗരസഭയിലെ കാഞ്ഞിരമല, ചാലക്കോട്‌, നെടുങ്കയം, മുസാവരി, വിളക്കുവെട്ടം, തുമ്പോട്‌, കോമളംകുന്ന്‌ എന്നിവിടങ്ങളിൽ ബിജെപിക്ക്‌ സ്ഥാനാർഥിയില്ല‌. പരവൂർ,  കരുനാഗപ്പള്ളി എന്നീ നഗരസഭകളിലും  കൊട്ടാരക്കരയിലും  മൂന്നുവാർഡിൽ വീതം എൻഡിഎ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.

തിരുവനന്തപുരം
കുളത്തൂർ പഞ്ചായത്തിൽ ബിജെപിക്ക്‌ സ്ഥാനാർഥിയേയില്ല. പൊഴിയൂർ ബ്ലോക്ക്‌ ഡിവിഷനിലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. പലസ്ഥലങ്ങളിലും കോൺഗ്രസിൽ സീറ്റുകിട്ടാതെ ബിജെപിയിലേക്ക്‌ ചേക്കേറിയവരെയാണ്‌ മത്സരിപ്പിക്കുന്നത്‌. ബിഡിജെഎസിന്‌ വിജയസാധ്യതയുള്ള സീറ്റ്‌ നൽകാത്തതിൽ അമർഷം പുകയുന്നുണ്ട്‌.  നൂറിലേറെ വാർഡുകളിൽ ബിജെപിക്കെതിരെ റിബലും സജീവമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top