തിരുവനന്തപുരം
പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന പ്രചാരണം ശക്തമാകവേ, ഇത്തരം കാര്യങ്ങളൊന്നും സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യാറില്ലെന്ന ആക്ഷേപമുന്നയിച്ച് നേതാക്കൾ. കേന്ദ്രനിർദേശങ്ങളും സംസ്ഥാന പ്രസിഡന്റും അടുപ്പക്കാരും ചേർന്ന് ഏകപക്ഷീയമായെടുക്കുന്ന തീരുമാനങ്ങളും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന ശൈലിയാണ് ഇപ്പോഴുള്ളതെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. എതിർക്കുന്നവർ ഒതുക്കപ്പെടും എന്നതിനാൽ പലരും നിശ്ശബ്‌ദത പാലിക്കുകയാണ്.
കേരളത്തിൽ ബിജെപി മത്സരിക്കുന്ന 16 മണ്ഡലത്തിലും പരിഗണിക്കേണ്ടവരുടെ പട്ടിക നൽകാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഓരോ മണ്ഡലത്തിലും മൂന്നുപേരുടെ വീതം പേരുകൾ ഉൾപ്പെടുത്തിയുള്ള പട്ടിക കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളിലൊന്നും കൂടിയാലോചന ഉണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. ആരുടെയൊക്കെ പേരുകൾ പട്ടികയിലുണ്ട് എന്നുപോലും ഭൂരിഭാഗം സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കുമറിയില്ല. കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവർ സ്വന്തം സീറ്റ് ഉറപ്പിക്കാൻ നീക്കം ശക്തമാക്കിയതായിമാത്രം എല്ലാവർക്കും അറിയാം. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനുമുമ്പേ ആറ്റിങ്ങൽ മണ്ഡലത്തിൽ വി മുരളീധരൻ ഓഫീസ് തുറന്നത് സ്വന്തംകാര്യം ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണെന്നും നേതാക്കൾ പറയുന്നു.
കേരളത്തിനു പുറത്തുനിന്ന് സർപ്രൈസ് സ്ഥാനാർഥികൾ ഇവിടെ മത്സരിക്കുമെന്ന പ്രചാരണവും ശക്തമാണ്. തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, കാസർകോട് മണ്ഡലങ്ങളെക്കുറിച്ചാണ് പ്രചാരണം. ധനമന്ത്രി നിർമല സീതാരാമൻ, വിദേശമന്ത്രി എസ് ജയ്‌ശങ്കർ, കേന്ദ്രസഹമന്ത്രിമാരായ ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേരുകളും നടൻ ഉണ്ണി മുകുന്ദൻ, ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ പേരുകളും ഉയരുന്നുണ്ട്. സുരേഷ് ഗോപി തൃശൂർ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിലും ‘ട്വിസ്റ്റ്’ സംഭവിക്കാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..