29 March Friday

ബിജെപി പരിപാടികൾ രണ്ടാഴ്‌ചത്തേക്ക്‌ മാറ്റിയെന്ന്‌ കെ സുരേന്ദ്രൻ; ഇന്നലെ കേസെടുത്തത്‌ 2000 പ്രവർത്തകർക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കോഴിക്കോട്‌ > തിങ്കൾ മുതൽ രണ്ടാഴ്‌ചത്തേക്ക്‌ ബിജെപിയുടെ സംസ്ഥാനത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അറിയിച്ചു. കോവിഡ്‌ വ്യാപനവും ഉയർന്ന ടി പി ആറും പരിഗണിച്ചാണിത്‌. ഇന്നലെ കോഴിക്കോടും, പെരുമ്പാവൂരും നിയന്ത്രണം ലംഘിച്ച്‌ ആൾക്കൂട്ടമായുള്ള പരിപാടികൾ സംഘടിപ്പിച്ചതിന്‌ 2000 ത്തോളം കണ്ടാലറിയാവുന്ന ബിജെപിക്കാർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. കെ സുരേന്ദ്രനാണ്‌ കോഴിക്കോട്‌ പരിപാടി ഉദ്‌ഘാടനംചെയ്‌തത്‌. പെരുമ്പാവൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീറാണ്‌ പരിപാടി ഉദ്‌ഘാടനംചെയ്‌തത്‌.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിലധികം എത്തിനില്‍ക്കുന്ന സ്ഥലമാണ്‌ കോഴിക്കോട് നഗരം. മുതലക്കുളം മൈതാനിയിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബിജെപി പ്രവര്‍ത്തകര്‍ ഒത്തു കൂടിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ നടത്തിയ യോഗത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ എത്തിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനത്തിലധികം നിലനില്‍ക്കുന്ന എറണാകുളത്ത്‌ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. യോഗത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ടിപിആർ തുടർച്ചയായി 30 ശതമാനത്തിൽ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ വിലക്കിയതുൾപ്പടെ  കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്‌ടറുടെ ഉത്തരവ് പുറത്തിറങ്ങിയ ദിവസം തന്നെയായിരുന്നു ബിജെപിയുടെ പ്രോട്ടോക്കോൾ ലംഘിച്ചുള്ള പരിപാടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top