01 October Sunday
രാജി അപ്പീൽ 
പരിഗണിക്കാനിരിക്കെ

ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു

പ്രത്യേക ലേഖകൻUpdated: Thursday Jun 1, 2023


കോട്ടയം
ജലന്ധർ രൂപത ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ ബിഷപ്പിനെ കോട്ടയം അഡീഷണൽ സെഷൻസ്‌ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിൽ നൽകിയ അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ രാജി.  ഫ്രാൻസിസ്‌ മാർപാപ്പ രാജി സ്വീകരിച്ചു. ബിഷപ്പിനെതിരെ അച്ചടക്ക നടപടിയില്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. എന്നാൽ രാജി ചോദിച്ചുവാങ്ങിയതാണെന്നും പ്രചാരണമുണ്ട്‌. ബിഷപ്‌ എമിരിറ്റസ്‌ എന്ന സ്ഥാനപ്പേരിൽ ഇനി ഫ്രാങ്കോ മുളയ്‌ക്കൽ അറിയപ്പെടുമെന്നും സഭാവക്താക്കൾ അറിയിച്ചു. ‘പ്രത്യക്ഷമായും പരോക്ഷമായും കുറെ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും ഏറെ നന്ദി.

ഞാനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന്‌ കാരണമാകട്ടെ’–- രാജിവിവരം പുറത്തുവിട്ടുകൊണ്ട്‌ ഫ്രാങ്കോ മുളയ്‌ക്കൽ പറഞ്ഞു.
മിഷനറീസ്‌ ഓഫ്‌ ജീസസ്‌ സഭാംഗമായ കന്യാസ്‌ത്രീയായിരുന്നു പരാതിക്കാരി.  2014 മുതൽ 16 വരെ പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്‌. 2022 ജനുവരി 14നാണ്‌ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്‌.   ഡൽഹി അതിരൂപതാ സഹായ മെത്രാനായിരുന്ന ഫ്രാങ്കോ 2013 ലാണ്‌ ജലന്ധർ രൂപതയുടെ ബിഷപ്പായത്‌. 59 കാരനായ ഫ്രാങ്കോ തൃശൂർ സ്വദേശിയാണ്‌.

കോളിളക്കമുണ്ടാക്കി 
കോടതിവിധിയിലും ഞെട്ടൽ
ബലാത്സംഗ കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെവിടുമെന്ന്‌ അധികമാരും കരുതാതിരിക്കുമ്പോഴായിരുന്നു ആ വിധി. ‘പ്രതിയെ വെറുതെവിടുന്നു’ എന്ന ഒറ്റവരി വിധി.കോട്ടയം അഡീഷണൽ സെഷൻസ്‌ ജഡ്‌ജി ജി ഗോപകുമാർ 2022 ജനുവരി 14നാണ്‌ വിധി പറഞ്ഞത്‌. ഈസമയം ബിഷപ് ഫ്രാങ്കോയും സഹോദരനും സഹായിയും കോടതിക്കുള്ളിൽ ഉണ്ടായിരുന്നു. ‘ദൈവത്തിന്‌ സ്‌തുതി’ എന്ന്‌ പറഞ്ഞ്‌ ഫ്രാങ്കോ മുളയ്‌ക്കൽ പുറത്തേക്കുവന്നു.

കോട്ടയം കുറവിലങ്ങാട്‌ മിഷനറീസ്‌ ഓഫ്‌ ജീസസ്‌ മഠത്തിൽ 2014 മുതൽ 2016 വരെ 13 പ്രാവശ്യം ഫ്രാങ്കോ മുളയ്‌ക്കൽ എത്തിയെന്നും കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ്‌ പ്രോസിക്യൂഷൻ കേസ്‌. കുറവിലങ്ങാട്‌ സ്‌റ്റേഷനിൽ പരാതിയും നൽകി. 2018 ജൂൺ 28ന്‌ കേസെടുത്തു. ജില്ലാ പൊലീസ്‌ മേധാവി എസ്‌ ഹരിശങ്കർ, വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ്‌ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം. സെപ്‌തംബർ 21ന്‌ ഫ്രാങ്കോയെ അറസ്‌റ്റുചെയ്ത്‌ തൃപ്പൂണിത്തുറയിലെത്തിച്ച്‌ ചോദ്യംചെയ്‌തു. അധികാരം ഉപയോഗിച്ച്‌ സ്‌ത്രീയെ ലൈംഗികമായി ചൂഷണംചെയ്യൽ, ആവർത്തിച്ചുള്ള ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങി ഏഴ്‌ വകുപ്പുകൾ ചുമത്തി.

2018 മാർച്ച് 26ന്‌ കന്യാസ്ത്രീ മദർ സുപ്പീരിയറിന്‌ പരാതിനൽകി. ജൂൺ 28ന്‌ എഫ്‌ഐആർ രജിസ്റ്റർചെയ്തു. അന്വേഷണം വൈക്കം ഡിവൈഎസ്‌പിക്ക്‌. സെപ്‌തംബർ 21ന്‌ ഫ്രാങ്കോയെ അറസ്‌റ്റ്‌ ചെയ്‌തു.  2019 ഏപ്രിൽ ഒമ്പതിന്‌ കുറ്റപത്രം. 2020 ആഗസ്‌ത്‌ അഞ്ചിന്‌ സുപ്രീംകോടതി വിടുതൽ ഹർജി തള്ളി.  2020 ഒക്ടോബറിൽ വിചാരണ. 2021 ഡിസംബർ 29ന്‌ വിചാരണ പൂർത്തിയായി. 105 ദിവസത്തെ വിചാരണയിൽ നാല്‌ ബിഷപ്പുമാരുടെയും 25 കന്യാസ്‌ത്രീകളുടെയും 11 വൈദികരുടെയും മൊഴിയെടുത്തു. 2022 ജനുവരി 10ന്‌ വിസ്‌താരം പൂർത്തിയാക്കി 14ന്‌ കുറ്റക്കാരനല്ലെന്ന് വിധിച്ചു.

രാജി  അപ്പീൽ 
പരിഗണിക്കാനിരിക്കെ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും കന്യാസ്ത്രീയും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി.
ഫ്രാങ്കോയെ കുറ്റമുക്തനാക്കിയതിനെതിരെ അപ്പീൽ പോകണമെന്ന്‌ അഭ്യർഥിച്ച്‌ പൊലീസ്‌ സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു. ഇതുപ്രകാരമാണ്‌ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്‌. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഫ്രാങ്കോയ്ക്ക് നോട്ടീസും അയച്ചു. അപ്പീൽ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട് ഫ്രാങ്കോയും ഹർജി നൽകിയിട്ടുണ്ട്.

രാജിവയ്‌പിച്ചത്‌: സിസ്‌റ്റർ ലൂസി കളപ്പുര
ജലന്തർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കൽ സ്വയമേവ രാജിവച്ചതല്ല, രാജി വയ്‌പിച്ചതാണെന്ന്‌  സിസ്‌റ്റർ ലൂസി കളപ്പുര. ആ രൂപതയിലെ വിശ്വാസ സമൂഹം ഒരു ആത്മീയ നേതാവെന്ന നിലയിൽ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല.  സ്വന്തം നിലയിൽ അദ്ദേഹം രാജിവയ്‌ക്കുമെന്ന്‌ ഒരാളും  പ്രതീക്ഷിക്കുന്നില്ല, സ്ഥാനമോഹിയാണ്‌. നിർബന്ധിച്ച്‌ രാജിവയ്‌പിച്ചതാണ്‌. ഇദ്ദേഹത്തിന്റെ കാര്യത്തിലായതുകൊണ്ട്‌ നേതൃത്വം രാജി, അവാർഡുപോലെ അവതരിപ്പിച്ചു. മറ്റുള്ളവരുടെ കാര്യത്തിലായിരുന്നെങ്കിൽ ശിക്ഷയായിട്ടാണ്‌ അറിയിക്കുക. നിലവിൽ അദ്ദേഹത്തിന്‌ ബിഷപ്പിന്റെ ചുമതല നൽകിയിട്ടുണ്ടായിരുന്നില്ല. ബലാത്സംഗ കേസിലെ അപ്പീലിൽ തിരിച്ചടിയുണ്ടാകാമെന്ന ഭയവും രാജിയ്‌ക്ക്‌ കാരണമായിട്ടുണ്ടാകാമെന്നും സിസ്‌റ്റർ ലൂസി കളപ്പുര പറഞ്ഞു.

നടപടി നേരത്തേ വേണ്ടത് : സിസ്‌റ്റർ ജെസ്‌മി
ജലന്ധർ രൂപത അധ്യക്ഷപദവിയിൽനിന്ന് ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിനെ ഒഴിവാക്കിയ നടപടി, വരണ്ടുണങ്ങിയ ഭൂമിയിലേക്ക്‌ അൽപ്പം ജലം ലഭിച്ചതുപോലെ മാത്രമാണെന്ന്‌ സിസ്‌റ്റർ ജെസ്‌മി. സഭയ്‌ക്ക്‌ ഇത്രയേറെ അപമാനമുണ്ടാക്കിയ ബിഷപ്പിനെതിരെ നേരത്തേ നടപടിയെടുക്കണമായിരുന്നു. വൈകി വന്ന നീതി യഥാർഥ നീതിയായി കാണാനാകില്ല. സഭയ്‌ക്കകത്ത്‌ ലിംഗനീതി ഇല്ലെന്നതിന് തെളിവുകൂടിയാണിത്‌.

കന്യാസ്‌ത്രീകളെ പീഡിപ്പിച്ച കേസിൽ, ബിഷപ്പിന്റെ കുപ്പായമണിഞ്ഞ ഒരാൾ കോടതിയും ജയിലും കയറിയിറങ്ങുമ്പോൾത്തന്നെ സഭാ മേലധികാരികൾ നടപടി സ്വീകരിക്കണമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയാണ്‌ ചെയ്‌തത്‌. വിരമിക്കുന്ന ബിഷപ്പുമാർക്കുള്ള എമരിറ്റിസ്‌ പദവിയും നൽകുന്നു.  ഈ ചടങ്ങ്‌ കേക്കുമുറിച്ച്‌ ആഘോഷമാക്കുന്നത്‌ സഭയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയായേ കാണാനാകൂ.  ബിഷപ്പിന്റെ പീഡനത്തിനും അപമാനത്തിനും അവഹേളനത്തിനും ഇരകളായ സിസ്‌റ്റർമാർക്കൊപ്പം വരുംദിവസങ്ങളിലും പൊതുസമൂഹം ഒന്നിച്ചുനിൽക്കണം–-സിസ്‌റ്റർ ജെസ്‌മി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top