19 December Friday

വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചു ;
 പൈലറ്റിന്റെ ഇടപെടൽ വൻദുരന്തം ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

file photo


കരിപ്പൂർ
ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചിറകിൽ പക്ഷി ഇടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ്‌ വൻദുരന്തം ഒഴിവാക്കിയത്‌. തുടർന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി. അബുദാബിയിൽനിന്ന്‌ ഞായർ പുലർച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയർ അറേബ്യ വിമാനത്തിന്റെ ചിറകിലാണ് പക്ഷി ഇടിച്ചത്. 250 നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു സംഭവം. പറന്നിറങ്ങുന്നതിനിടെ വിമാനത്തിന്റെ യന്ത്രത്തിന്‌ തകരാർ സംഭവിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എയർ ട്രാഫിക്‌ കൺട്രോൾ വിഭാഗത്തിന്‌ സന്ദേശം കൈമാറിയ  പൈലറ്റ്‌  വിമാനം സുഗമമായി ലാന്‍ഡ് ചെയ്യുന്നതിൽ വിജയിച്ചു.  ഏപ്രണിൽ നിർത്തിയ വിമാനം പരിശോധിച്ചപ്പോൾ ചിറകിന്റെ രണ്ട് ലീഫുകൾ പൂർണമായും പക്ഷി ഇടിച്ച്‌ തകർന്നതായി കണ്ടെത്തി.

പുലർച്ചെ 5.30ന് അബുദാബിയിലേക്ക് തിരിച്ച് പറക്കേണ്ടതായിരുന്നു വിമാനം. തകരാര്‍ പരിഹരിക്കാൻ വിമാനത്താവളത്തിലെ വിദഗ്‌ധ എൻജിനിയർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ   മടക്കയാത്ര റദ്ദാക്കി. തകർന്ന ലീഫുകൾ നന്നാക്കുന്നതിനുള്ള സാമഗികൾ രാത്രി എട്ടോടെ അബുദാബിയിൽനിന്ന്‌ മറ്റൊരു എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. തകരാര്‍ പരിഹരിച്ചശേഷം തിങ്കൾ പുലർച്ചെയോടെ അബുദാബിയിലേക്ക്‌ മടങ്ങും. 

186 യാത്രക്കാരാണ് ഈ വിമാനത്തിൽ  അബുദാബിയിലേക്ക് പോകാനായി കരിപ്പൂരിലെത്തിയത്. വിസയുടെ കാലാവധിയും ജോലിസ്ഥലത്തെ അവധിയും തീരുന്ന 20 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഉച്ചയോടെ അബുദാബിയിലേക്ക് അയച്ചു. അവശേഷിക്കുന്ന 166 യാത്രക്കാർ തിങ്കളാഴ്‌ച പോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top