09 December Saturday
ആത്മഹത്യ ചെയ്‌താൽ അതിനൊരു 
അന്തസ്സുണ്ടെന്ന്‌ ബാങ്ക്‌ അധികൃതർ

കർണാടക ബാങ്കിന്റെ ക്രൂരത ; ബിനുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

കോട്ടയം
കോട്ടയത്ത്‌ ആത്മഹത്യ ചെയ്‌ത വ്യാപാരി കെ സി ബിനുവിനെ കർണാടക ബാങ്ക്‌ അധികൃതർ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്‌. ബാങ്കിൽനിന്ന്‌ വിളിച്ച്‌ മോശമായി സംസാരിച്ചയാളോട്‌, നാണംകെടുത്തിയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നുണ്ട്‌​. ആത്മഹത്യ ചെയ്താൽ അതിനൊരു അന്തസ്സുണ്ടെന്നായിരുന്നു​​ മറുപടി​. കർണാടക ബാങ്കിന്റെ ശാഖാ മാനേജരുടെ ശബ്ദമാണിതെന്ന്‌ കുടുംബം പറയുന്നു.

നിവൃത്തിയില്ലാഞ്ഞിട്ടാണെന്നും രണ്ട്‌ ദിവസം സമയം തരണമെന്നും ബിനു അഭ്യർഥിക്കുന്നുണ്ട്‌. എന്നാൽ വിളിക്കുന്നയാൾ വഴങ്ങുന്നില്ല. "നിവൃത്തിയില്ലെന്ന്‌ കാശ്‌ വാങ്ങിക്കുമ്പോൾ ഓർക്കണമായിരുന്നു. കാശില്ലെങ്കിൽ ഉണ്ടാക്കണം. അതിനാണ്‌ ലോൺ തരുന്നത്‌' –- ഇങ്ങനെയായിരുന്നു മറുപടി.  "നാളെ രാവിലെ ഞാൻ അങ്ങോട്ട്‌ വരും, ഉള്ള കാര്യം പറഞ്ഞേക്കാം. അപാര തൊലിക്കട്ടിയാണ്‌​ നിങ്ങൾക്ക്‌. വിളച്ചിലെടുക്കരുത്‌' –- ഇങ്ങനെ പോകുന്നു ഭീഷണി.

കുടയംപടിയിൽ ചെരുപ്പുവ്യാപാരം നടത്തിയിരുന്ന കുടമാളൂർ അഭിരാമം വീട്ടിൽ കെ സി ബിനു(52) തിങ്കളാഴ്ച വൈകിട്ടാണ്‌ ബാങ്കിന്റെ ഭീഷണി മൂലം വീടിനുള്ളിൽ തൂങ്ങിമരിച്ചത്. രണ്ടുമാസത്തെ കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന വെളിപ്പെടുത്തിയിരുന്നു. ബാങ്കിലെ മാനേജരായ പ്രദീപ്‌ ഭീഷണിപ്പെടുത്തി ബിനുവിനെ മാനസികമായി തളർത്തിയെന്ന്‌ കുടുംബം പറയുന്നു.

വായ്‌പ വേഗം ലഭിക്കും; 
തിരിച്ചടവ്‌ വൈകിയാൽ 
ക്വട്ടേഷൻ സംഘമെത്തും
കർണാടക ബാങ്കിലെ വായ്‌പ തിരിച്ചടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോട്ടയം കുടയംപടിയിൽ  വ്യാപാരി ആത്മഹത്യ ചെയ്തതിന്‌ പിന്നാലെ ബാങ്കുകളുടെ നടപടികൾ ചർച്ചയാവുന്നു. വായ്‌പാത്തുക തിരിച്ചു പിടിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ അയച്ച്‌  ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണ്‌. ഓട്ടോറിക്ഷ വാങ്ങാൻ വായ്‌പയെടുത്തയാളെ തിരിച്ചടിവ്‌ മുടങ്ങിയതിന്‌ കോട്ടയത്തെ സ്വകാര്യ ബാങ്ക്‌ ജീവനക്കാർ മർദിച്ചത്‌ ഒരു മാസം മുമ്പാണ്‌.

മുടങ്ങിയ വായ്‌പ ‘തിരിച്ച്‌ അടപ്പിക്കുന്ന’ ഏജൻസികൾക്ക്‌ 20 –-30 ശതമാനം വരെയാണ്‌  പ്രതിഫലം. ഇവരുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ, കുടിശ്ശികയുള്ളവരെ നേരിട്ടോ ഫോണിലൂടെയൊ ഭീഷണിപ്പെടുത്തുന്നത്‌ ഹൈക്കോടതി വിലക്കിയിരുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്‌.   വായ്‌പാ നടപടി ലഘൂകരിച്ചായിരുന്നു പുതുതലമുറ ബാങ്കുകൾ ജനങ്ങളിലേക്ക്‌ പ്രവർത്തനം വ്യാപിപ്പിച്ചത്‌. പക്ഷെ തിരിച്ചടവ്‌ ഒരു ദിവസം വൈകിയാൽപോലും കനത്തപിഴ ചുമത്തുമെന്ന്‌ പിന്നീടാണ്‌ തിരിച്ചറിഞ്ഞത്‌. ആദ്യം ജീവനക്കാരുടെ ഭീഷണി. പിന്നാലെ ക്വട്ടേഷൻ സംഘങ്ങളും  എത്തും. കേന്ദ്രസർക്കാർ നയവും ഇവർക്ക്‌ അനുകൂലമായതോടെ  പൊതുമേഖലാ ബാങ്കുകൾ അടക്കം ഈ രീതി പിന്തുടരുന്ന സ്ഥിതിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top