കോട്ടയം
വായ്പകുടിശ്ശികയുടെ പേരിൽ സ്വകാര്യ വാണിജ്യ ബാങ്ക് ജീവനക്കാർ വീട്ടിലും കടയിലുമെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജീവനൊടുക്കിയ വ്യാപാരിയുടെ മൃതദേഹവുമായി വൻ പ്രതിഷേധം. കുടമാളൂർ അഭിരാമം വീട്ടിൽ കെ സി ബിനുവിന്റെ മൃതദേഹവുമായി ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും വ്യാപാരി വ്യവസായി സംഘടനകളുമാണ് കർണാടക ബാങ്കിന്റെ നാഗമ്പടം ശാഖയ്ക്കുമുന്നിൽ ചൊവ്വാഴ്ച പ്രതിഷേധിച്ചത്.
കോട്ടയം കുടയംപടിയിൽ ചെരുപ്പുകട നടത്തിയിരുന്ന ബിനുവിനെ തിങ്കൾ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാപാര ആവശ്യത്തിന് ബാങ്കിൽനിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. രണ്ടു ഗഡു തിരിച്ചടവ് തടസ്സപ്പെട്ടതോടെ ഫോണിലും നേരിട്ടുമെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. തുക അടച്ചപ്പോഴേക്കും ഈ മാസത്തെ തവണ അടയ്‌ക്കേണ്ട സമയം കഴിഞ്ഞു. ഇതിന്റെ പേരിൽ വീണ്ടും ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാൻ കാരണമെന്ന് ബിനുവിന്റെ മകൾ പറഞ്ഞു.
പകൽ പതിനൊന്നോടെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് തടഞ്ഞതിനെതുടർന്ന് നേരിയ സംഘർഷമുണ്ടായി. ഇതോടെ ബാങ്ക് അടച്ചു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ പകൽ പന്ത്രണ്ടോടെ മൃതദേഹവുമായി ബന്ധുക്കളും വ്യാപാരികളുമെത്തി റോഡ് ഉപരോധിച്ചു. പ്രതിഷേധം കനക്കുന്നതിനിടെ മന്ത്രി വി എൻ വാസവന്റെ നിർദേശത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എത്തി ബിനുവിന്റെ ബന്ധുക്കളുമായി സംസാരിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക് സി തോമസ് തുടങ്ങിയവരുമായി ചർച്ച നടത്തി. ബാങ്ക് ജീവനക്കാർക്കെതിരെ കേസെടുത്തതായി എസ്‌പി അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. രണ്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് അഞ്ചോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..