25 April Thursday

അരങ്ങേറിയത്‌ ക്രൂരമായ രാഷ്‌ട്രീയ വേട്ട ; ബിനീഷിനെതിരെ ലഹരിക്കടത്തിനും കള്ളപ്പണം വെളുപ്പിച്ചതിനും തെളിവില്ല

കെ ശ്രീകണ്‌ഠൻUpdated: Thursday Oct 28, 2021


തിരുവനന്തപുരം
ബിനീഷ്‌ കോടിയേരി ജാമ്യം നേടിയതോടെ ഇഡിയെ ആയുധമാക്കി ബിജെപി നേതൃത്വം ആസൂത്രണം ചെയ്‌ത രാഷ്‌ട്രീയ വേട്ടയാടലിന്റെ ചിത്രമാണ്‌ തെളിയുന്നത്‌.

ലഹരിക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും പങ്കുണ്ടെന്ന്‌ ആരോപിച്ചാണ്‌ ഒരു വർഷം മുമ്പ്‌ ബിനീഷിനെ ഇഡി അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവയ്‌ക്ക്‌ തെളിവ്‌ എവിടെ എന്ന കോടതിയുടെ ചോദ്യത്തോട്‌ കൈമലർത്തുകയായിരുന്നു കേന്ദ്ര ഏജൻസി. ശൂന്യതയിൽ നിന്ന്‌ തെളിവ്‌ സൃഷ്‌ടിക്കാമെന്ന ഇഡിയുടെ മോഹത്തിന്‌ മാത്രമല്ല, സിപിഐ എമ്മിനെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കത്തിനും തിരിച്ചടിയേറ്റു. ബിനീഷിനെ കള്ളക്കേസിൽ കുടുക്കി അയൽ സംസ്ഥാനത്ത്‌ ജയിലിലിട്ടപ്പോൾ ബിജെപി പദ്ധതിയിട്ടത്‌ കോടിയേരി ബാലകൃഷ്‌ണന്റെ തകർച്ചയാണ്‌.

ലഹരി മരുന്ന്‌ കേസിൽ ബംഗളൂരുവിൽ അറസ്‌റ്റിലായ കൊച്ചി സ്വദേശിയായ അനൂപ്‌ മുഹമ്മദിന്റെ പരാമർശത്തിൽ പിടിച്ചായിരുന്നു ഇഡിയുടെ നീക്കം. ഹോട്ടൽ തുടങ്ങാൻ ബിനീഷ്‌ വായ്‌പ നൽകിയെന്നായിരുന്നു അനൂപ്‌ വെളിപ്പെടുത്തിയത്‌. ഇത്‌ കള്ളപ്പണമാണെന്നും ലഹരിക്കച്ചവടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. എന്നാൽ അന്വേഷണത്തിൽ ഒരു തെളിവും കിട്ടിയില്ല. 

ലഹരിക്കടത്തിന്‌ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ഇഡി നിരന്തരം വാദിച്ചെങ്കിലും എൻസിബിയുടെ കുറ്റപ്പത്രത്തിൽ ബിനീഷിന്റെ പേര്‌ പരാമർശിച്ചിട്ടുപോലുമില്ല.
ആദ്യം കൊച്ചിയിലും പിന്നീട്‌ ബംഗളൂരുവിലും വിളിച്ചുവരുത്തിയ ശേഷം നാടകീയമായാണ്‌ ഇഡിയുടെ അറസ്‌റ്റ്‌. പിന്നാലെ ബിനീഷിന്റെ വസതിയിൽ റെയിഡ്‌ നടത്തിയിട്ടും ഒരു എടിഎം കാർഡ്‌ അല്ലാതെ ഒന്നും കിട്ടിയില്ല. ഇത്‌ കോടതിയിൽ ഹാജരാക്കിയതുമില്ല. 

ലഹരിക്കടത്തിൽ പങ്കില്ലെന്ന്‌ എൻസിബി കോടതിയിൽ അറിയിച്ചിട്ടും അത്‌ ഇഡി മുഖവിലയ്‌ക്കെടുത്തില്ല. ഇതെല്ലാം കോടിയേരി ബാലകൃഷ്‌ണന്റെ മകനായതുകൊണ്ട്‌ വേട്ടയാടുകയാണെന്ന ബിനീഷിന്റെ വാദം ബലപ്പെടുത്തുന്നു. തന്റെ അക്കൗണ്ടിലെത്തിയത്‌ കച്ചവടത്തിലെ ലാഭം മാത്രമാണെന്നും അതിന്‌ ആദായ നികുതി നൽകിയതിന്റെ രേഖയുണ്ടെന്നും വ്യക്തമാക്കിയിട്ടും ഇഡി പിന്മാറിയില്ല. കേരളത്തിലെ ബിജെപി നേതാക്കൾ കേന്ദ്രം വഴി നടത്തിയ സമ്മർദമായിരുന്നു  കാരണം.

അനൂപ്‌ മുഹമ്മദുമായുള്ള പണമിടപാട്‌ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരില്ല. ബിനീഷിന്‌ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന ഇഡിയുടെ വാദവും കഴമ്പില്ലെന്ന്‌ കോടതിക്ക്‌ ബോധ്യമായി. കള്ളക്കേസിൽ ജയിലിലടച്ച ശേഷം അത്‌ രാഷ്‌ട്രീയ പ്രചാരണത്തിന്‌ ആയുധമാക്കുകയാണ്‌ ബിജെപിയും കോൺഗ്രസും ചെയ്‌തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top