18 December Thursday

ചിത്രത്തിൽ കവിതയും കവിതയിൽ ചിത്രവും ചാലിച്ചവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

കവി ബിജു കാഞ്ഞങ്ങാട്‌ ചിത്രം വരയ്‌ക്കിടയിൽ

കാഞ്ഞങ്ങാട്> ‘ഞാൻ മരിക്കുമ്പോൾ ഗൂഢഭാഷയിലുള്ള ഒരു സന്ദേശം വിട്ടുപോകും’ മരണത്തെക്കുറിച്ച്‌ ബിജു എഴുതിയ വരികളിലൊന്നാണിത്‌. അധ്യാപകനും ചിത്രകാരനുംകൂടിയായ ബിജു വാക്കുകൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ്‌ പടിയിറങ്ങിയത്‌.  ചിത്രത്തിൽ കവിതയും കവിതയിൽ ചിത്രവും ചാലിച്ച ബിജുവിന്റെ കവിതയും വരകളും മലയാളത്തിലെ മിക്ക ആനുകാലികങ്ങളിലും  നിറഞ്ഞുനിന്നു. ചെറുവാക്കുകളിലൂടെ വായനക്കാരിലേക്ക്‌ കവിത പടർന്നുകയറി.

കുറച്ചുപറഞ്ഞ്‌ വലിയ ആകാശങ്ങൾ കാട്ടിത്തരുന്നവയായിരുന്നു വരികൾ. ഇനിയേറെ ആശയപ്രപഞ്ചങ്ങൾ വിരിയാനുണ്ടായിരുന്നു കവിയിൽനിന്ന്‌.   വിദ്യാർഥികളുടെ പ്രിയപ്പെട്ട ബിജു മാഷ്‌ കൂടിയായിരുന്നു. നോവലിസ്റ്റ് ത്യാ​ഗരാജൻ ചാളക്കടവിനുപിന്നാലെ ബിജുവിനെയും മരണം കവർന്നതോടെ കാഞ്ഞങ്ങാടിന് നഷ്ടമായത്‌  പ്രതീക്ഷയാകേണ്ട രണ്ടു യുവ എഴുത്തുകാരെ.  ത്യാഗരാജന്റെ മരണത്തിന് സമാനമായാണ് ബിജുവിന്റെതും. രണ്ടും അപ്രതീക്ഷിതമായി.

ശസ്ത്രക്രിയക്കുശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ്‌ ത്യാഗരാജൻ മരിച്ചത്. ബിജു ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുമ്പോൾ.  ബിജു അവസാനമെഴുതിയ കവിതയിൽ ഇങ്ങനെയുണ്ട്‌: ‘നിന്നെ സമാധാനിപ്പിക്കാനല്ലേ, കവിതയിൽനിന്നും ഇല്ലാത്തവാക്കും തേടി ഞാൻ ഇറങ്ങിപ്പോയത്!’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top