02 May Thursday

പാട്ടുകൾക്ക്‌ റോയൽറ്റി അംഗീകാരം; കോടതിവിധി സ്വാഗതം ചെയ്‌ത്‌ സംഗീതജ്ഞർ

ശ്രീരാജ്‌ ഓണക്കൂർUpdated: Monday May 22, 2023

കൊച്ചി > പാട്ടെഴുത്തുകാർക്കും സംഗീതസംവിധായകർക്കും റോയൽറ്റി നൽകണമെന്ന ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ മലയാളസിനിമാ സംഗീതലോകം. എഫ്എം റേഡിയോ പ്രക്ഷേപകരിൽനിന്ന് റോയൽറ്റി ശേഖരിക്കാനുള്ള സംഗീത പകർപ്പവകാശ സൊസൈറ്റിയായ ഇന്ത്യൻ പെർഫോമിങ്‌ റൈറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐപിആർഎസ്) അവകാശം ബോംബെ ഹൈക്കോടതി അടുത്തിടെയാണ്‌ ശരിവച്ചത്‌. റേഡിയോയിൽ പാട്ട് കേൾക്കുമ്പോഴെല്ലാം എഫ്എം ബ്രോഡ്കാസ്റ്റർ, സംഗീതത്തിന്റെ സൃഷ്ടികർത്താക്കൾക്ക് റോയൽറ്റി നൽകണം.

സിനിമയ്‌ക്കുവേണ്ടിമാത്രം സൃഷ്‌ടിച്ച പാട്ടുകൾ അതിനു പുറത്ത്‌ എവിടെ ഉപയോഗിച്ചാലും സൃഷ്‌ടികർത്താക്കൾക്ക്‌ അവകാശമുണ്ടെന്ന്‌ സംഗീതസംവിധായകൻ ബിജിബാൽ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. കേരളത്തിൽ ഐപിആർഎസ്‌ വഴി പാട്ടെഴുത്തുകാർക്കും സംഗീതസംവിധായകർക്കും വർഷങ്ങളായി റോയൽറ്റി ലഭിക്കുന്നുണ്ട്‌.  അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ റോയൽറ്റി നിയമങ്ങൾ ശക്തമാണ്‌. കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ എഫ്‌എം റേഡിയോ സ്‌റ്റേഷനുകളും ഭാവിയിൽ സൃഷ്‌ടികർത്താക്കൾക്ക്‌ റോയൽറ്റി നൽകേണ്ടി വരും. ഗാനമേളകളിൽ പാടുന്നവരെ റോയൽറ്റി ബാധിക്കില്ല. സംഘാടകരിൽനിന്നാണ്‌ റോയൽറ്റി ഈടാക്കേണ്ടതെന്നും ബിജിബാൽ പറഞ്ഞു.

ഐപിആർഎസ്‌ റോയൽറ്റി ഗായകർക്ക്‌ അവകാശപ്പെട്ടതല്ലെന്ന്‌ ഗാനരചയിതാവ്‌ രാജീവ്‌ ആലുങ്കൽ പറഞ്ഞു. ഗായകൻ പാട്ടിന്റെ അവകാശിയല്ലെന്ന്‌ കോടതി പരാമർശമുണ്ട്‌. 50 ശതമാനം റോയൽറ്റിക്ക്‌ പാട്ടിന്റെ റൈറ്റ്‌സ്‌ വാങ്ങിയ വ്യക്തിക്കാണ്‌ അവകാശം. ബാക്കി പാട്ടെഴുത്തുകാരനും സംഗീതസംവിധായകനും. ‘ഞാൻ എഴുതിയ ഇരുനൂറോളം സിനിമാഗാനങ്ങൾക്കും ആയിരത്തിനാനൂറോളം ഭക്തിഗാനങ്ങൾക്കും ഐപിആർഎസ്‌ റോയൽറ്റി ലഭിക്കുന്നുണ്ട്‌. ഓരോ പാട്ടും ഐപിആർഎസ്‌ ഓഹരികളാണ്‌. ഇതിനായി ഐപിആർഎസ്‌ വെബ്‌സൈറ്റിൽ പാട്ടിന്റെ ലിങ്ക്‌ നൽകണം. ഐപിആർഎസ്‌ അംഗീകാരം ലഭിച്ചാൽ റോയൽറ്റി ലഭിച്ചുതുടങ്ങും. –-  രാജീവ്‌ ആലുങ്കൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top