18 April Thursday

ദാരിദ്യം കുറവ് കേരളത്തില്‍; മുന്നില്‍ യുപിയും ബിഹാറും ജാര്‍ഖണ്ഡും

സാജൻ എവുജിൻUpdated: Friday Nov 26, 2021


ന്യൂഡൽഹി
രാജ്യത്ത്‌ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന്‌ നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യ സൂചിക (എംപിഐ) റിപ്പോർട്ട്‌. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡപ്രകാരം കേരളത്തിൽ  ദാരിദ്ര്യം അനുഭവിക്കുന്നത്‌ 0.71 ശതമാനം പേർ മാത്രം. ബിഹാറിൽ 51.91 ശതമാനം, ജാർഖണ്ഡിൽ 42.16, ഉത്തർപ്രദേശിൽ 37.79 ശതമാനം പേർ വീതം ദാരിദ്ര്യത്തിലാണ്‌. വ്യക്തിപരമായ ദാരിദ്ര്യം, സംസ്ഥാനത്തെ പൊതുസ്ഥിതി എന്നിവ കൂട്ടിച്ചേർത്താണ്‌ സൂചിക തയ്യാറാക്കിയത്‌.

ബാല–യുവ പ്രായത്തിലുള്ളവരുടെ മരണനിരക്ക്‌, ഗർഭിണികൾക്ക്‌ ലഭിക്കുന്ന പരിചരണം, പോഷകാഹാര ലഭ്യത എന്നിവയാണ്‌ ആരോഗ്യമേഖലാ മാനദണ്ഡങ്ങൾ. സ്‌കൂളുകളിലെ ഹാജർ നിലവാരം, സ്‌കൂളിൽ പോയി പഠിക്കുന്ന വർഷങ്ങൾ എന്നിവയാണ്‌ വിദ്യാഭ്യാസമേഖലയിൽ പരിഗണിച്ചത്‌. പാചക ഇന്ധനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, ആസ്‌തി, ബാങ്ക്‌ അക്കൗണ്ട്‌ എന്നിവ കണക്കിലെടുത്താണ്‌ ജീവിതനിലവാരം നിർണയിച്ചത്‌.

യുപി, ബിഹാർ ബഹുദൂരം പിന്നിൽ
ബാല–യുവ പ്രായ മരണനിരക്ക്‌ കേരളത്തിൽ 0.19 ശതമാനവും ഉത്തർപ്രദേശിൽ 4.97 ശതമാനവും. മാതൃആരോഗ്യത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങൾ ബിഹാറിൽ 45.62 ശതമാനം പേർക്കും ഉത്തർപ്രദേശിൽ 35.45 ശതമാനം പേർക്കും നിഷേധിക്കപ്പെടുന്നു. ഒരു കുടുംബത്തിലെ പത്തോ അതിൽ കൂടുതലോ വയസ്സുള്ളവരിൽ ഒരാളെങ്കിലും ആറു വർഷം സ്‌കൂളിൽ പോയി പഠിച്ചിട്ടില്ലെങ്കില്‍ ആ കുടുംബത്തെ ദരിദ്രകുടുംബമായി പരിഗണിക്കും ഇതുപ്രകാരം ബിഹാറിൽ 26.27 ശതമാനം പേർ ദരിദ്രരാണ്‌. കേരളത്തിൽ ഇത്‌ 1.78 ശതമാനം മാത്രം.

ജാർഖണ്ഡിൽ 43.30 ശതമാനം പേർക്ക്‌ ശുചീകരണ സൗകര്യങ്ങൾ ലഭ്യമല്ല. പാർപ്പിടമേഖലയിൽ ഏറ്റവും പിന്നിൽ മണിപ്പുരാണ്‌– -76.80 ശതമാനം പേർക്ക്‌ മതിയായ സൗകര്യമില്ല. കേരളത്തിൽ 16.70 ശതമാനത്തിന് ഇക്കാര്യത്തിൽ പ്രയാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവരിൽ മുന്നിൽ നാഗാലാൻഡാണ്‌– -7.10 ശതമാനം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടില്ല. 2019–-20 ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടു പ്രകാരമുള്ള വിവരങ്ങളാണ്‌ എംപിഐക്ക്‌ അടിസ്ഥാനമാക്കിയത്‌.

നേട്ടങ്ങൾ
മഹാമാരിയിലും  ജനങ്ങളെ ചേർത്തുപിടിച്ചുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ദേശീയ ഏജൻസികളുടെ അംഗീകാരങ്ങൾ നിരന്തരം തേടിയെത്തി. ആറു മാസത്തിനിടെ പുറത്തുവന്ന റിപ്പോർട്ടുകളിലെല്ലാം കേരളത്തിന്റെ  ജനകീയ ബദലുകളാണ്‌ രാജ്യത്ത്‌ മാതൃകയെന്ന്‌ അടിവരയിടുന്നുണ്ട്‌.

●    രാജ്യത്ത്‌ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം–- നിതി ആയോഗ്‌ ബഹുമുഖ ദാരിദ്ര്യ സൂചിക
●    രാജ്യത്തെ മികച്ച നഗരങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും നാലും അഞ്ചും സ്ഥാനങ്ങളിൽ– നിതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക 
●    കോവിഡ്‌ കാലത്ത്‌  കൂടുതൽ പേർക്ക്‌ ഓൺലൈൻ വിദ്യാഭ്യാസം നൽകിയ സംസ്ഥാനം–- വാർഷിക വിദ്യാഭ്യാസ സ്ഥിതി റിപ്പോർട്ട് (എഎസ്‌ഇആർ) 2021
●    ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം–- പബ്ലിക് അഫയേഴ്‌സ് ഇൻഡെക്സ് 2021
●    ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനം–-  നിതി ആയോഗിന്റെ 2020-–-21 -സുസ്ഥിര വികസന ലക്ഷ്യസൂചിക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top