ഫറോക്ക് > മൺസൂൺകാല നിയന്ത്രണം അവസാനിച്ചതിനുശേഷം ചരക്കുനീക്കം ആരംഭിച്ചതോടെ ബേപ്പൂർ തുറമുഖം സജീവമായി. ലക്ഷദ്വീപിലേക്ക് ഉരുമാർഗം ചരക്കുനീക്കം ആരംഭിച്ചതോടെയാണ് നാല് മാസത്തിലേറെ നീണ്ട ഇടവേളക്കുശേഷം തുറമുഖം ഉണർന്നത്. രണ്ട് ഉരുവാണ് ദ്വീപിലേക്ക് ചരക്കുമായി പോയത്. കാലാവസ്ഥ പ്രതികൂലമായത് വെസലുകളുടെ സഞ്ചാരത്തിന് വിഘാതമായി.
തുറമുഖത്ത് നങ്കൂരമിട്ട അഞ്ച് ഉരുവിൽ കടമത്ത് ദ്വീപിലേക്കുള്ള "ജലജ്യോതി’യിലേക്ക് ചരക്ക് കയറ്റുന്നത് ഏതാണ്ട് പൂർത്തിയായെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ പുറപ്പെടാനായില്ല. 200 ടൺ ശേഷിയുള്ള ഈ ഉരുവിൽ കെട്ടിട നിർമാണ വസ്തുക്കളായ എം -സാൻഡ്, മെറ്റൽ, ഹോളോബ്രിക്സ്, സിമന്റ് എന്നിവയാണ് പ്രധാനമായും കയറ്റുന്നത്. മരിയമാത, ആദിപരാശക്തി എന്നീ വെസലുകളിലും ചരക്ക് കയറ്റുന്നുണ്ട്.
സമുദ്ര വ്യാപാര ഗതാഗത നിയമ പ്രകാരം മേയ് 15 മുതൽ സെപ്തംബർ 15 വരെ ഇടത്തരം–-ചെറുകിട തുറമുഖങ്ങൾവഴി സാധാരണ യാത്രാ കപ്പലുകൾക്കും മറ്റ് വെസലുകൾക്കും നിരോധനം ഏർപ്പെടുത്താറുണ്ട്. നിരോധനം നീങ്ങിയിട്ടും യഥാസമയം ചരക്കുനീക്കം പുനരാരംഭിക്കാനായിരുന്നില്ല. ദ്വീപിലേക്കുള്ള കയറ്റുമതി ആരംഭിക്കുന്നതോടെ തുമുഖത്തെ ഇരുനൂറോളം തൊഴിലാളികൾക്ക് ജോലി ലഭിക്കും. മുപ്പതോളം യന്ത്രവൽകൃത വെസലുകൾ ബേപ്പൂർ–-ലക്ഷദ്വീപ് റൂട്ടിൽ ചരക്ക് കയറ്റിറക്ക് രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..