29 March Friday

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കണ്ണൂർ> മുതിർന്ന പത്രപ്രവർത്തകനും ആദ്യകാല കമ്യൂണിസ്‌റ്റ്‌ പ്രവർത്തകനുമായ പി കെ കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ) അന്തരിച്ചു. 96വയസായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്‌ ആറോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം.

ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമ സെക്രട്ടറിയായാണ്‌ രാഷ്‌ട്രീയത്തിലേക്ക്‌ എത്തിയത്‌. 1938ൽ കല്യാശേരിയിലാണ്‌ ബാല ഭാരതസംഘം രൂപംകൊണ്ടത്‌. 1943ൽ ബോംബെയിൽ ചേർന്ന ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി ഒന്നാം കോൺഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായിരുന്നു.  43ലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു.

കോളങ്കട അനന്തൻ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബർ 26ന് നാറാത്താണ്‌ ജനനം. ചിറക്കൽ രാജാസ്‌ സ്‌കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി ഫെഡറേഷനിലൂടെ ദേശീയ പ്രസ്ഥാനത്തിലും കമ്യൂണിസ്‌റ്റ്‌ പാർടിയിലും സജീവമായി. 1939 മുതൽ കമ്യൂണിസ്റ്റ് പാർടി സെൽ അംഗം. 42ൽ പൂർണഅംഗമായി. 1945– 46ൽ ബോംബെയിൽ രഹസ്യമായി പാർടി പ്രവർത്തനം നടത്തി. 1948ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.  കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു.

1965 മുതൽ ബ്ലിറ്റ്‌സ്‌ വാരികയുടെ യൂറോപ്യൻ ലേഖകനായി ബർലിൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു. ഇതോടെയാണ്‌ ‘ബർലിൻ’ പേരിന്റെ ഭാഗമായത്‌. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിലും എഴുതി. അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ ഒട്ടേറെ രാജ്യന്തര അട്ടിമറി ശ്രമങ്ങൾ പുറത്തുകൊണ്ടുവന്നു. സിഐഎയുടെ കുടിലതകൾ വിവരിക്കുന്ന ‘പിശാചും അവന്റെ ചാട്ടുളിയും’ എന്ന പുസ്‌തകം പ്രസിദ്ധം. കിഴക്കൻ ജർമൻ സർക്കാരിന്റെ സ്‌റ്റാർ ഓഫ്‌ ഇന്റർനാഷണൽ ഫ്രൻഡ്‌ഷിപ്പ്‌ ഉൾപ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന്‌ 2005ൽ സിപിഐ എമ്മിൽനിന്ന്‌ പുറത്തായെങ്കിലും പിന്നീട്‌ തെറ്റുതിരുത്തി പാർടിയുടെയും ഇടതുപക്ഷത്തിന്റെയും സഹയാത്രികനായി. ഭാര്യ: സരസ്വതിയമ്മ. മകൾ: ഉഷ (ബർലിൻ ). മരുമകൻ: ബർണർ റിസ്‌റ്റർ. സഹോദരങ്ങൾ: പരേതരായ മീനാക്ഷി, ജാനകി, കാർത്യായനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top