16 July Wednesday

ആഴക്കടലിൽ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കൊച്ചി> ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് ആഴക്കടലിൽ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെട്ടുത്തി കൊച്ചിയിലെത്തിച്ചു. ഭാരതീയ തീര സംരക്ഷണ സേനയും എംവി അലയൻസ് എന്ന വാണിജ്യ കപ്പലും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെയാണ് അപകടത്തിൽപ്പെട്ട ഐഎഫ്‌ബി ബിഗിലി എന്ന ബോട്ടിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

കാൻഡ്‌ലയിലേക്ക്  പോകുകയായിരുന്ന എംവി അലയൻസ് എന്ന വാണിജ്യ കപ്പലാണ് കൊച്ചിയിൽ നിന്ന് 42 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് വച്ച് തകർന്ന ബോട്ടും അതിനു സമീപത്തായി മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയത്.  മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് വാണിജ്യ കപ്പലിലെത്തിച്ചശേഷം കൊച്ചിയിലെ തീര സംരക്ഷണ സേനയെ വിവരമറിയിക്കുകയായിരുന്നു. അടിയന്തര വൈദ്യ സഹായം ആവശ്യമായതിനാൽ തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്ററിൽ അഞ്ചു പേരെയും തീരത്തെത്തിക്കുകയായിരുന്നു.  

ഇവരെ കൊച്ചിയിലെ തീര സംരക്ഷണ സേനാ എയർ എൻക്ലേ‌വിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർ ചികിത്സയ്‌ക്കായി ഫിഷറീസ് അധികൃതർക്ക് കൈമാറുകയും ചെയ്‌തു. ചാലിയം സ്വദേശികളായ പി.പി. സെമി, ഷിഹാബ്, ബംഗാള്‍ സ്വദേശികളായ പ്രണവ് ദാസ്, അബ്ദുള്‍ സലാം, ഗുരു എന്നിവരാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്‌ക്ക് ബേപ്പൂര്‍ ചാലിയം ഹാര്‍ബറില്‍ നിന്നാണ് ആറ് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയത്.  കാണാതായ മത്സ്യത്തൊഴിലാളിക്കായി തീരസംരക്ഷണ സേനയുടെ കപ്പൽ ആര്യമാൻ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top