26 April Friday

ബെമലിന്‌ 4143 കോടി വിറ്റുവരവ്‌ ; വിൽക്കാൻവച്ച സ്ഥാപനം നേട്ടം കൊയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


പാലക്കാട്‌
കോർപറേറ്റുകൾക്ക്‌ വിൽക്കാൻ ടെൻഡർ നടപടി പൂർത്തിയാക്കിയ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) കഴിഞ്ഞ സാമ്പത്തികവർഷം 4143 കോടി രൂപ വിറ്റുവരവുണ്ടാക്കി. ബെമലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ്‌ 2021 –-22 സാമ്പത്തിക വർഷം ലഭിച്ചത്‌. 2020 –-21 ൽ 3,557 കോടിയായിരുന്ന വിറ്റുവരവ്‌ 2021–-22ൽ 16 ശതമാനം ഉയർന്നു. ലാഭത്തിലും വലിയ മുന്നേറ്റമുണ്ടാക്കി. 2021 –-22 ൽ 206 കോടിയാണ്‌ ലാഭം. കഴിഞ്ഞ വർഷം ഇത്‌ 93 കോടി രൂപയായിരുന്നു. പ്രതിരോധമേഖലയ്‌ക്ക്‌ ആവശ്യമായ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവ നിർമിക്കുന്ന ബെമൽ, ഇന്ത്യയിൽ മെട്രോകോച്ച്‌ നിർമിക്കുന്ന ഏക പൊതുമേഖലാസ്ഥാപനം കൂടിയാണ്‌. പ്രതിരോധമേഖലയിൽനിന്നുള്ള വിറ്റുവരവ്‌ 700 കോടി രൂപയും മൈനിങ്‌, കൺസ്‌ട്രക്‌ഷൻ മേഖലയിൽ 1,800 കോടി രൂപയും റെയിൽ ആൻഡ്‌ മെട്രോ മേഖലയിൽനിന്ന്‌ 1,600 കോടി രൂപയുമാണ്‌ വിറ്റുവരവ്‌. ഈ സാമ്പത്തികവർഷം 10,000 കോടിയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്‌.

തന്ത്രപ്രധാന സ്ഥാപനമായ ബെമൽ കോർപറേറ്റുകൾക്ക്‌ വിൽക്കാനുള്ള നപടപടി പൂർത്തിയായി. ഒരു ഇന്ത്യൻ കമ്പനിയും വിദേശ കമ്പനിയുമാണ്‌ അവസാന പട്ടികയിലുള്ളത്‌. ഇന്ത്യയിൽ നാല്‌ നിർമാണയൂണിറ്റുകളും 4500 ഏക്കർ സ്ഥലവും ഉൾപ്പെടെ 56,000 കോടിയുടെ ആസ്‌തിയുള്ള ബെമൽ ഓഹരിവിപണിയിയിലെ വില കണക്കാക്കിയാണ്‌ വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്‌. ആയിരത്തിനും ആയിരത്തി അഞ്ഞൂറ്‌ കോടി രൂപയ്‌ക്കും ഇടയിൽ വിലയിട്ടാണ്‌ മിനി നവരത്ന കമ്പനിയെ വിൽക്കുന്നത്‌. സ്വകാര്യവൽക്കരണത്തിനെതിരെ ബെമൽ ജീവനക്കാർ നടത്തിവരുന്ന അനിശ്‌ചിതകാല സമരം 503 ദിവസം പിന്നിട്ടു. കഞ്ചിക്കോട്‌ ബെമലിന്റെ ആസ്ഥാനത്തിനു മുന്നിലാണ്‌ കേരളത്തിൽ പ്രതിഷേധം നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top