20 April Saturday

ബാങ്കുകളിൽ "വിഭജന ഭീതിയുടെ ഓർമ്മ ദിനം" എക്‌സിബിഷൻ; എതിർത്ത്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കൊച്ചി > പൊതുമേഖലാ ബാങ്ക് ശാഖകളിൽ വിഭജന ഭീതി എന്ന വിഷയത്തിലുള്ള എക്‌സിബിഷനുകൾ സംഘടിപ്പിക്കുന്നതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളിലെ പ്രശ്‌നങ്ങൾക്ക് ഉചിതമായ തരത്തിൽ പരിഹാരം കണ്ടുകൊണ്ട് അവയെ ശക്തമാക്കുകയും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ മികച്ച സേവനം നൽകുവാൻ പ്രാപ്‌തരാക്കുകയും വേണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിനോട് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

2022 ഓഗസ്റ്റ് 14 'വിഭജന ഭീതിയുടെ ഓർമ്മദിനം' ആചരിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫൈനാൻഷ്യൽ സർവീസസ് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും, സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ കൺവീനർമാർക്കും സന്ദേശം അയച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു എക്‌സിബിഷൻ നടത്തുന്നതിനായി കൂടുതൽ പേർ സന്ദർശിക്കുന്ന ബാങ്ക് ശാഖകൾ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്.

പ്രധാനമന്ത്രി ഇനി മുതൽ ആഗസ്റ്റ് 14  'വിഭജന ഭീകരതയുടെ ഓർമ്മദിനം' ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഈ ആചാരങ്ങൾ. 1947 ആഗസ്റ്റ് 3ന് അന്നത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു വിഭജനം പ്രഖ്യാപിച്ചതോടെ അതിർത്തികൾക്ക് ഇപ്പുറത്തേക്കും അപ്പുറത്തേക്കും വലിയതോതിലുള്ള ജനങ്ങളുടെ ദേശാന്തരഗമനമാണ് ഉണ്ടായത്. കൃത്യമായി കണക്കെടുക്കുക സാധ്യമല്ലെങ്കിലും 10 മുതൽ 20 ലക്ഷം വരെ ആളുകൾ വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ മതത്തിലും പെട്ടവർ വിഭജനത്തിന്റെ ദുരിതങ്ങൾ എറ്റുവാങ്ങി.

 'വിഭജന ഭീതിയുടെ ഓർമ്മദിനം' ആചരിക്കുന്ന ഈ അവസരത്തിൽ ഇന്ത്യാ ഗവർമ്മെണ്ട് തയ്യാറാക്കിയ 52 പേജുള്ള രേഖയുടെ അടിസ്ഥാനത്തിലാണത്രെ എക്‌സിബിഷനുകൾ സംഘടിപ്പിക്കേണ്ടത്. അർദ്ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ചേർത്താണ് ഈ രേഖ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം 1947 ആഗസ്റ്റ് 9ന് ചേർന്ന ഒരു യോഗത്തിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വിഭജന പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു എന്നാണ്. പക്ഷെ, വിഭജനത്തിനുള്ള അടിത്തറ പാകപ്പെട്ടത് 1937ൽ അഹമ്മദാബാദിൽ വെച്ച് ചേർന്ന ആൾ ഇന്ത്യാ ഹിന്ദു മഹാസഭ യോഗത്തിൽ ആദ്യമായി മുന്നോട്ട് വെയ്ക്കപ്പെട്ട 'ദ്വിരാഷ്ട്ര സിദ്ധാന്ത'ത്തിലൂടെയാണ്. 1940ൽ മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രരൂപീകരണം നടത്തണമെന്ന് ആൾ ഇന്ത്യ മുസ്ലീം ലീഗ് നിർദ്ദേശിച്ചത്.

വിഭജനം എന്ന ഭീകരസ്വപ്ന സമാനമായ അനുഭവം ഇന്നും ഉണങ്ങാത്ത മുറിവുകൾക്കും മുൻവിധികൾക്കും ഇടയാക്കുന്ന സാഹചര്യമാണ് ഉള്ളത്. പക്ഷെ, ഭീതി എന്നത് ഒരിക്കലും ഒരു ദിനാചരണത്തിലൂടെ ഓർമ്മിക്കാവുന്ന ഒന്നല്ല. ഭീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ, സ്വാതന്ത്യ സമരഭടന്മാരുടെ ത്യാഗത്താലും പോരാട്ടങ്ങളാലും ഉത്തേജിതരാകണമെന്ന് ഞങ്ങൾ കരുതുന്നു. ഇപ്പോഴത്തെ ആചരണം സങ്കുചിതമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇത്തരത്തിൽ രാഷ്ടീയമായ മുതലെടുപ്പിനായി ബാങ്ക് ശാഖകളേയും, ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതിനെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർക്കുന്നു.

ദേശസാൽക്കരണത്തിന് ശേഷം പൊതുമേഖലാ ബാങ്കുകൾ ഭരണത്തിലിരിക്കുന്ന പാർട്ടി ഏതാണെങ്കിലും രാജ്യത്തിനും ജനങ്ങൾക്കും വർഗ,മത, രാഷ്ട്രീയവിശ്വാസ ഭേദമന്യെ സേവനം നൽകിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാജത്ത് ഭരണത്തിലിരിക്കുന്നവരുടെ മുൻഗാമികൾ 1969ൽ ദേശസാൽക്കരണത്തെ എതിർത്തിരുന്നു എന്നത് മറക്കുവാൻ സാധിക്കുകയില്ല. സ്വാതന്ത്ര്യകാലം മുതൽ രാജ്യത്തിന് സേവനം നൽകിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുക എന്ന തങ്ങളുടെ അജണ്ടയുടെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ.

രാജ്യത്തെ തൊഴിലാളികളും കർഷകരും എല്ലാ വിഭാഗം ജനങ്ങളും ജനജീവിതം ദുരിതപൂർണ്ണമാക്കുന്ന സർക്കാരിന്റെ നവലിബറൽ നയങ്ങളെ എതിർത്ത് കൊണ്ടിരിക്കുകയാണ്. തീഷ്ണമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാനും വർഗീയമായ ചേരിതിരിവ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കുവാനുമാണ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14  'വിഭജന ഭീതിയുടെ ഓർമ്മദിനം' ആയി ആചരിക്കുവാനുള്ള തീരുമാനം എടുത്തിട്ടുള്ളത് എന്ന് വേണം കരുതാൻ. കേന്ദ്രസർക്കാരിന്റെ സങ്കുചിത രാഷ്ട്രീയ നീക്കങ്ങളെ എതിർക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്‌ ഷാജു ആൻ്റണി, ജനറൽ സെക്രട്ടറി എൻ സനിൽ ബാബു എന്നിവർ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top