19 April Friday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: വരുംതലമുറയുടെ തൊഴിലും കൂലിയും ജീവിതവും സംരക്ഷിക്കാന്‍ അണിചേരുക: ബെഫി

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

കൊച്ചി> വര്‍ത്തമാന കാലത്തെയും വരും തലമുറകളിലെയും ജനതയുടെ തൊഴിലും കൂലിയും ജീവിതവും സംരക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി ). ബെഫി സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച തൊഴില്‍ സംരക്ഷണ ദിന സെമിനാനാറിലാണ് ആഹ്വാനം. നവംബര്‍ 26ലെ ദേശീയ പണിമുടക്കിന്റെ പ്രാരംഭ പരിപാടി എന്ന നിലയില്‍ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സെമിനാര്‍ ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

 വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കപ്പെട്ട നുണകളുടെയും നുണകളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കപ്പെട്ട വിശ്വാസങ്ങളുടെയും സത്യാനന്തര കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമാന്യ യുക്തിയെപ്പോലും ചോദ്യം ചെയ്യുന്ന പ്രചരണങ്ങളാണ് നടത്തപ്പെടുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവനും തൊഴിലും കൂലിയും നഷ്ടപ്പെടുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നത്.

തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ വ്യവസായികള്‍ക്കും അനുകൂലമായി ഭേദഗതി ചെയ്യപ്പെടുന്നു. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ രൂപീകരിച്ച മാതൃകയായ കേരള ബാങ്ക് വിജയിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലും അതേ മാതൃകയില്‍ സഹകരണ സ്ഥാപനങ്ങള്‍ നിലവില്‍ വരും എന്നറിയാവുന്നതിനാല്‍ അതിനെ തുരങ്കം വെയ്ക്കാനാണ് സഹകരണ മേഖലയെ തകര്‍ക്കുന്ന ബാങ്കിങ്ങ് ഭേദഗതി കൊണ്ടുവരുന്നത്.

സഹകരണ മേഖല പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ വസ്തുതകള്‍ മറിച്ചാണെന്ന് വ്യക്തമാകും. 1935ല്‍ രൂപം കൊണ്ട റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ഉള്ള ബാങ്കിങ്ങ് മേഖലയില്‍ 1947 വരെ 900 സ്വകാര്യ ബാങ്കുകള്‍ തകര്‍ന്നു. 1947 മുതല്‍ 1969 വരെ 665 സ്വകാര്യ ബാങ്കുകള്‍ തകര്‍ന്നു.

ബാങ്കിങ്ങ് ദേശസാല്‍ക്കരണം നടന്ന 1969 മുതല്‍ 2019 വരെയുള്ള 50 വര്‍ഷക്കാലത്ത് 37 ബാങ്കുകളാണ് തകര്‍ന്നത്. അതില്‍ ഒരെണ്ണം മാത്രമായിരുന്നു പൊതുമേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സാമൂഹ്യ നിയന്ത്രണമാണ് ബാങ്കുകളുടെ വിശ്വാസ്യതയ്ക്കും നിക്ഷേപങ്ങളുടെ സുരക്ഷയ്ക്കും ഉള്ള ഗ്യാരണ്ടി എന്നാണ്. 1979ല്‍ നിലവില്‍ വന്ന ഗ്രാമീണ ബാങ്കുകളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നു.

സ്വയംഭരണാവകാശമുള്ള സ്ഥാപനം എന്ന നിലയില്‍ നിന്നും റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന്റെ കേവലം ഒരു പങ്കാളി എന്ന നിലയിലേക്ക് തരം താഴ്ത്തപ്പെടുന്നു. കൃഷിയുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം ലക്ഷ്യമിട്ട് കാര്‍ഷിക ബില്ലുകള്‍ കൊണ്ട് വരുന്നു. അവശ്യവസ്തു നിയമം ഭേദഗതി ചെയ്യപ്പെടുന്നു. കര്‍ഷകര്‍ ഈ ബില്ലുകള്‍ക്ക് എതിരെ പോരാടുമ്പോള്‍ വന്‍കിട കുത്തകകളും വ്യവസായികളുമാണ് ബില്ലുകളെ സ്വാഗതം ചെയ്യുന്നത്.

 കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം കോടിയുടെ സഹായം പോലും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും സഹായമാകുന്ന തരത്തില്‍ വന്‍കിട ശീതസംഭരണികളുടെ നിര്‍മാണത്തിനായി നല്‍കുകയാണ്. തൊഴിലില്ലായ്മ അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. യോജിച്ച ചെറുത്ത് നില്‍പ്പ് മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ഉത്തര്‍പ്രദേശിലെ വൈദ്യുതി ജീവനക്കാരുടെ പോരാട്ടത്തിന്റെ ഫലമായി വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്ന് യോഗി ആദിത്യനാഥിന് പിന്നോട്ട് പോകേണ്ടി വന്നത് ഇതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബെഫി സംസ്ഥാന സെക്രട്ടറി എന്‍.സനില്‍ ബാബു സ്വാഗതം ആശംസിച്ചു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍.സരളാ ഭായ്, കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ സി.മിഥുന്‍ എന്നിവര്‍ സംസാരിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍ കൃതജ്ഞത രേഖപ്പെടുത്തി. ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എസ്. അനില്‍ മോഡറേറ്ററായി.

ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡേന്തി നടത്തിയ പ്രകടനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജീവനക്കാര്‍ പങ്കെടുത്തു.  'പണിയെടുക്കുവാന്‍ പ്രാണന്‍ പുലര്‍ത്തുവാന്‍ പട നയിക്കാനൊരുങ്ങുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കപ്പെട്ട തൊഴില്‍ സംരക്ഷണ ദിന പരിപാടി നവംബര്‍ 26ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ എല്ലാ വിഭാഗം ജീവനക്കാരോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top