02 April Sunday

കോടതി വിചാരണയില്‍ നിന്ന് മോദിയും സംഘവും രക്ഷപ്പെട്ടിരിക്കാം; പക്ഷേ, ജനങ്ങളുടെ വിചാരണയില്‍ നിന്നും അവരൊരിക്കലും രക്ഷപെടില്ല: ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

'പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളെയും അനുകൂലിക്കുമ്പോള്‍ത്തന്നെ, കലാപത്തിന്റെ പേരില്‍ മോദിയെ പ്രോസിക്യൂട്ടു ചെയ്യണമെന്ന നിലപാടാണ് സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂരി രാജു രാമചന്ദ്രന്‍ സ്വീകരിച്ചത്. എന്നുവെച്ചാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന് നിയമവൃത്തങ്ങളില്‍പ്പോലും വിശുദ്ധഗ്രന്ഥത്തിന്റെ പരിവേഷമില്ല. അതിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും ആഴത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്'- തോമസ് ഐസക്ക് എഴുതുന്നു


ഫേസ്‌ബു‌ക്ക് കുറിപ്പ്


ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ 'കിളി പോയ' സ്ഥിതിയിലാണ് ബിജെപിയും സഹപരിവാരങ്ങളും. എന്തൊക്കെയാണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ഒരു ബോധവുമില്ല. പറഞ്ഞത് വിഴുങ്ങിയും വിഴുങ്ങിയത് പറഞ്ഞും രാജ്യത്തിനും ലോകത്തിനും മുന്നില്‍ പരിഹാസ കഥാപാത്രങ്ങളായി അവര്‍ മാറുമ്പോള്‍, തെരുവിലും കാമ്പസുകളിലും ഭാവി തലമുറ സംഘപരിവാര്‍ ഭീഷണിയ്ക്ക് പുല്ലുവില കല്‍പിച്ച് ഡോക്യുമെന്ററിയുടെ പരസ്യപ്രചരണം സംഘടിപ്പിക്കുന്നു.

ബിബിസിയുടെ വിശ്വാസ്യതയിലാണ് പൊടുന്നനെ ബിജെപിക്കാര്‍ക്ക് സംശയം ജനിച്ചത്. 2013 വരെ ബിബിസിയ്ക്കായിരുന്നു ആകാശവാണിയെക്കാളും ദൂരദര്‍ശനെക്കാളും വിശ്വാസ്യത. വേറെയാരുമല്ല, സാക്ഷാല്‍ മോദി തന്നെയാണ് ആ സര്‍ട്ടിഫിക്കറ്റ് ബിബിസിയ്ക്കു കൊടുത്തത്. Till there was DD, Akashvani, what did common people discuss- we heard it on BBC...there was no faith in DD, Akashvani: എന്ന് 2013 ഏപ്രില്‍ എട്ടിന് മോദി കുറിച്ച വാക്കുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്.

ബിബിസിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ ഗുജറാത്ത് കലാപം അന്വേഷിച്ചതോടെ അവരുടെ വിശ്വാസ്യത പോയി.അടുത്ത നിലവിളി ഇതിനേക്കാള്‍ കേമമാണ്. ഈ ഡോക്യുമെന്ററി സുപ്രികോടതിയുടെ പരമാധികാരത്തിലേയ്ക്കും വിശ്വാസ്യതയിലേയ്ക്കുമുള്ള കടന്നു കയറ്റമാണത്രേ. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി മോദിക്ക് അനുകൂലമായി സുപ്രിംകോടതി പറഞ്ഞ വിധി, ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് ഇനിയാരും വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുന്നതിനെ നിരോധിക്കുന്നതൊന്നുമല്ല. സുപ്രിംകോടതി ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെയ്ക്കുകയായിരുന്നു. പക്ഷേ, ആ അന്വേഷണ റിപ്പോര്‍ട്ട് മോദിയെ വെളളപൂശുക എന്ന ഉദ്ദേശത്തോടെ തട്ടിക്കൂട്ടിയതാണ് എന്ന വിമര്‍ശനം അന്നുമിന്നും പൊതുമണ്ഡലത്തിലുണ്ട്.

ആ വിമര്‍ശനമുയര്‍ത്തിയവരില്‍ പ്രധാനിയാണ് മുന്‍ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് പി.ബി. സാവന്ത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുകയും അതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് ബോധ്യപ്പെടുകയും അതിന്റെ പേരില്‍ മോദിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്, ജസ്റ്റിസ് പി.ബി. സാവന്ത്.

പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളെയും അനുകൂലിക്കുമ്പോള്‍ത്തന്നെ, കലാപത്തിന്റെ പേരില്‍ മോദിയെ പ്രോസിക്യൂട്ടു ചെയ്യണമെന്ന നിലപാടാണ് സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂരി രാജു രാമചന്ദ്രന്‍ സ്വീകരിച്ചത്. എന്നുവെച്ചാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന് നിയമവൃത്തങ്ങളില്‍പ്പോലും വിശുദ്ധഗ്രന്ഥത്തിന്റെ പരിവേഷമില്ല. അതിലെ നിരീക്ഷണങ്ങളും നിഗമനങ്ങളും ആഴത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. കലാപകാരികളെ പ്രകോപിപ്പിച്ചതുകൊണ്ടാണ് ഇസ്ഹാന്‍ ജഫ്രി കൊല്ലപ്പെട്ടത് എന്ന് ഒരുളുപ്പുമില്ലാതെ എഴുതിവെച്ചിട്ടുണ്ട്, പ്രത്യേക അന്വേഷണ സംഘം. ആരായിരുന്നു കലാപകാരികള്‍? ആയുധധാരികളായ പതിനായിരത്തില്‍പ്പരം വരുന്ന കലാപകാരികള്‍. ഗുല്‍ബര്‍ഗയിലെ കടകളും വീടുകളും വ്യാപാരസ്ഥാപനങ്ങളും അവരുടെ ഉടമസ്ഥരെയടക്കം ചുട്ടുചാമ്പലാക്കാനുള്ള കൊലവെറിയോടെ പാഞ്ഞുവന്ന കലാപകാരികളെ ഇസ്ഹാന്‍ ജെഫ്രി പ്രകോപിപ്പിച്ചതിന്റെ ഫലമായിരുന്നുപോലും തീവെപ്പം അറുപതില്‍പ്പരം പേരുടെ കൂട്ടക്കൊലപാതകവും. ഈ സിദ്ധാന്തം സാക്ഷാല്‍ നരേന്ദ്രമോദിയുടെ വകയാണ്. അദ്ദേഹം പിന്നീടത് നിഷേധിച്ചെങ്കിലും.

ഇതേ പ്രത്യേക അന്വേഷണസംഘം വേറൊരിടത്ത് ഇസ്ഹാന്‍ ജെഫ്രി ആത്മരക്ഷാര്‍ത്ഥമാണ് വെടിവെച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കലാപകാരികളെ പ്രകോപിപ്പിച്ച് മരണം ഇരന്നു വാങ്ങിയെന്ന ധ്വനി ഒരിടത്ത്, കൊല്ലപ്പെട്ടയാള്‍ ആത്മരക്ഷാര്‍ത്ഥം വെടിവെച്ചു എന്ന നിഗമനം മറ്റൊരിടത്ത്. ഒരന്വേഷണ റിപ്പോര്‍ട്ടില്‍ത്തന്നെയാണ് പരസ്പരവിരുദ്ധമായ ഈ പരാമര്‍ശങ്ങള്‍.

ഇതൊക്കെ ഈ നാട്ടിലെ പത്രമാധ്യമങ്ങള്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ് പി ബി സാവന്തിന്റെയും അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെയും നിരീക്ഷണങ്ങളില്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ തന്നെയാണ് അച്ചടി മഷി പുരട്ടിയത്. അതിലൊന്നിലും വരാത്ത എന്തു വെളിപ്പെടുത്തലുകളാണ് ബിബിസി ഡോക്യുമെന്ററിയിലുള്ളത്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ പഴുതുകള്‍ ചൂണ്ടിക്കാണിക്കുന്നതും തെളിവുസഹിതം ആ പഴുതുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്നതും ഒരുതരത്തതിലും സുപ്രിംകോടതിയുടെ അധികാരത്തെയോ പദവിയെയോ ബാധിക്കുന്ന കാര്യങ്ങളേയല്ല.

ബിജെപിയും മോദിയും ഇന്ത്യാചരിത്രത്തിലൊഴുക്കിയ ചോരപ്പുഴയുടെ ഓര്‍മ്മപ്പെടുത്തലാണ് ബിബിസിയുടെ ഡോക്യുമെന്ററി. ഗുജറാത്തിലെ വംശഹത്യയുടെ ആസൂത്രണവും നിര്‍വഹണവും ഭാവി തലമുറയ്ക്കു വേണ്ടി രേഖപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. അധികാരം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നും കോടതി വിചാരണയില്‍ നിന്നും മോദിയും സംഘവും രക്ഷപെട്ടിരിക്കാം. പക്ഷേ, ജനങ്ങളുടെ വിചാരണയില്‍ നിന്നും അവര്‍ക്കൊരിക്കലും രക്ഷപെടാനാവില്ല. ഇന്ത്യയിലെ തെരുവുകളും യുവതയും ആ ചുമതല നിര്‍വഹിച്ചുകൊണ്ടേയിരിക്കും. അവസരം കിട്ടുമ്പോഴൊക്കെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top