08 May Wednesday

വിലക്കും ഭീഷണിയും വിലപ്പോയില്ല ; കേരളം കണ്ടു, മോദിയുടെ തനിനിറം ; ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ഡിവെെഎഫ്ഐ കോഴിക്കോട് ടൗൺ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്യുന്നു

 
തിരുവനന്തപുരം
കേന്ദ്രസർക്കാർ വിലക്കും സംഘപരിവാർ ഭീഷണിയും വിലപ്പോയില്ല. രാജ്യചരിത്രത്തിലെ തീരാക്കളങ്കമായ ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ തുറന്നുകാട്ടുന്ന ബിബിസി ഡോക്യുമെന്ററി  ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശിപ്പിച്ച്‌ കേരളം.  ഫാസിസ്റ്റ്‌ വാഴ്‌ചയെ വിട്ടുവീഴ്‌ചയില്ലാതെ കേരളം ചെറുക്കുമെന്ന പ്രഖ്യാപനമായിത്‌. എസ്‌എഫ്‌ഐ  നേതൃത്വത്തിൽ കോളേജുകളിലും സർവകലാശാലകളിലും ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പൊതു ഇടങ്ങളിലുമായി കേരളത്തിലങ്ങോളമിങ്ങോളം ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

പ്രദർശനം തടയാൻ ആർഎസ്‌എസും ബിജെപിയും പലയിടത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫാസിസ്റ്റ്‌ ഭീഷണിയെ നെഞ്ചുറപ്പോടെ ചെറുക്കുമെന്നും മതനിരപേക്ഷ മൂല്യങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു പ്രദർശനത്തിലൂടെ കേരളം.

രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിൽ പ്രദർശനം ആലോചിച്ചെങ്കിലും സംഘപരിവാറിന്റെ ഭീഷണിക്കു മുന്നിൽ പലയിടത്തും നടന്നില്ല.  
ഗുജറാത്ത്‌ വംശഹത്യയുടെ പ്രധാന ഉത്തരവാദി മോദി തന്നെയെന്ന്‌ ആവർത്തിച്ചുറപ്പിക്കുന്നതാണ്‌ ഡോക്യുമെന്ററി. വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിടാത്ത റിപ്പോർട്ട്‌ അധികരിച്ചാണ്‌ ഡോക്യുമെന്ററി തയ്യാറാക്കിയത്‌. ആയിരങ്ങളുടെ ജീവനെടുത്ത 2002ലെ വംശഹത്യയിൽ അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന മോദിക്ക്‌ വ്യക്തമായ അറിവുണ്ടായിരുന്നെന്ന്‌ ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

കേന്ദ്ര സർവകലാശാലയിൽ വിലക്ക്‌; പ്രദർശിപ്പിക്കാൻ എസ്‌എഫ്‌ഐ
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തി ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ കേന്ദ്ര സർവകലാശാലയുടെ പെരിയ മുഖ്യ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നത്‌ തടഞ്ഞു. സുരക്ഷാ കാരണങ്ങളാൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌ സ്‌റ്റുഡന്റ്‌സ്‌ ഡീൻ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയെ അറിയിച്ചു. പ്രദർശനാനുമതിക്കുള്ള കത്ത്‌ നിരസിച്ചതോടെ എസ്‌എഫ്‌ഐ സർവകലാശാല അധികൃതരുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. വ്യാഴാഴ്‌ച കേന്ദ്രസർവകലാശാല കോളേജ്‌ യൂണിയൻ ജസ്‌റ്റിസ്‌ ചന്ദ്രു ഉദ്‌ഘാടനം ചെയ്യുന്നുണ്ട്‌. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ,  ഉദ്‌ഘാടനച്ചടങ്ങിന്‌ അനുമതി നൽകില്ലെന്നും ഭീഷണിയുണ്ട്‌.

യൂണിയൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും നൽകില്ലെന്ന്‌ അധികൃതർ ചർച്ചയിൽ പറഞ്ഞു. കേന്ദ്ര സർവകലാശാല ക്യാമ്പസിൽത്തന്നെ പ്രദർശനം നടത്തുമെന്ന്‌ എസ്‌എഫ്‌ഐ അറിയിച്ചു. അതേസമയം, കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ എസ്എഫ്ഐ പ്രദർശിപ്പിച്ചു. എംസിജെ സെമിനാർ ഹാളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കാത്തതിനാൽ മറ്റൊരു ഹാളിലാണ് പ്രദർശിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top