20 April Saturday

ബാർ കോഴ; അന്വേഷിച്ചുവെന്ന ചെന്നിത്തലയുടെ വാദം പൊളിഞ്ഞു

സ്വന്തം ലേഖകൻUpdated: Wednesday Nov 25, 2020

തിരുവനന്തപുരം > ബാർ കോഴക്കേസിൽ തനിക്കെതിരെ നേരത്തേ അന്വേഷണം നടത്തി ആരോപണങ്ങൾ തള്ളിക്കളഞ്ഞതെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്.

അദ്ദേഹത്തിനെതിരെ ഒരിക്കൽപ്പോലും വിജിലൻസ്‌ അന്വേഷണം നടത്തിയിട്ടില്ല. ‌മൊഴി രേഖപ്പെടുത്തിയില്ല. ബിജു രമേശ് തിരുവനന്തപുരം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്‌ നൽകിയ രഹസ്യമൊഴിയില്‍  രമേശ് ചെന്നിത്തലയ്‌ക്ക് പണം നൽകിയകാര്യം വെളിപ്പെടുത്തിയില്ല. എക്‌സൈസ്‌ മന്ത്രിയായിരുന്ന കെ ബാബുവിന്‌ പത്ത്‌ കോടിരൂപ പിരിച്ച്‌ നൽകിയെന്നുമാത്രമാണ്‌ പറഞ്ഞത്‌. അതിനാൽ, പുതിയ വെളിപ്പെടുത്തലിൽ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്താം‌.
 2015 മാർച്ച്‌ 30നാണ്‌ ബിജു രമേശ്‌ മജിസ്‌ട്രേട്ടിന്‌ സിആർപിസി 164 പ്രകാരം രഹസ്യമൊഴി നൽകിയത്‌. ഈ മൊഴിയിൽ പേര്‌ പറയാതിരിക്കാൻ ചെന്നിത്തലയും ഭാര്യയും ഫോണിലൂടെ കേണപേക്ഷിച്ചതായി തിങ്കളാഴ്‌ചയാണ് ബിജു രമേശ്‌ വെളിപ്പെടുത്തിയത്.

മുൻ മന്ത്രിമാരും കോൺഗ്രസ്‌ നേതാക്കളുമായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കു പുറമെ  പ്രതിപക്ഷനോതാവ് രമേശ് ചെന്നിത്തലയ്‌ക്കും കോ‍ഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ വന്നതോടെയാണ് എല്ലാം അന്വേഷിച്ച്‌ തള്ളിയതെന്ന്‌ ചെന്നിത്തല പറഞ്ഞത്‌. ഇക്കാര്യം പറഞ്ഞ്‌ ഗവർണറെ തെറ്റിദ്ധരിപ്പിക്കാനും  ചെന്നിത്തല തയ്യാറായി. ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിരൂപ നൽകിയെന്നത്‌ പുതിയ വെളിപ്പെടുത്തലായതിനാലാണ്‌ ‌അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top